വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗില്‍ 100 % എക്വിറ്റി ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ കരാര്‍ കമ്പനിയാണ് വിസ്ട്രോണ്‍. ഇഎസ്എംഎസ് ഇന്‍ഫോകോം (സിംഗപ്പൂര്‍), വിസ്ട്രോണ്‍ ഹോങ്കോംഗ് ലിമിറ്റിഡ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട കരാര്‍ ടാറ്റ ഒപ്പുവെച്ചു. ഇതോടെ ആപ്പിള്‍ ഐഫോണ്‍ അസംബ്ലര്‍ എന്ന നിലയിലുള്ള ടാറ്റയുടെ ഔദ്യോഗിക രംഗപ്രവേശം പൂര്‍ത്തിയായിരിക്കുകയാണ്.
വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് ടാറ്റ ഗ്രൂപ്പ് കരാറില്‍ ഒപ്പുവെച്ചത് ഒരു നാഴികക്കല്ലാണെന്ന് ടാറ്റ ഇലക്ട്രോണിക്സിന്റെ സിഇഒയും മാനേജംഗ് ഡയറക്ടറുമായ ഡോ. രന്ധീര് താകൂര്‍ പറഞ്ഞു. ഇന്ത്യയിലെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസസ് വളര്‍ച്ചയുടെ പാതയിലാണെന്നും അതിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ഇതിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ക്കും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 27 നാണ് ടാറ്റ ഗ്രൂപ്പ് വിസ്ട്രോണ്‍ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 125 മില്യണ്‍ ഡോളര്‍ മുടക്കിയാണ് ടാറ്റയുടെ ഏറ്റെടുക്കല്‍. ഇതോടെ ഫോക്സ്കോണ്‍, പെഗാട്രണ്‍, വിസ്ട്രോണ്‍ ഗ്ലോബല്‍ തുടങ്ങിയ ഐഫോണ്‍ കരാര്‍ സ്ഥാപനങ്ങളുടെ നിരയിലേക്ക് ടാറ്റയും ഉയരുകയാണ്.