തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍റ്റിംഗ് പ്ലാന്റ് പുനരാരംഭിക്കുന്നതിനുള്ള സാധ്യത പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കാമെന്ന് സുപ്രീം കോടതി.
പരിസ്ഥിതി വിദഗ്ധരെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) പ്രതിനിധിയെയും സമിതിയില്‍ ഉള്‍പ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും ഇത്തരത്തിലുള്ള ഒരു പാനല്‍ മുമ്പ് രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
2018-ല്‍, സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ 13 പേര് മരിച്ചതിനെത്തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നത്. പാരിസ്ഥിതിക മാനദണ്ഡങ്ങളുടെ ലംഘനമാണ് അടച്ചുപൂട്ടാനുള്ള കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.
പ്ലാന്റ് പ്രതിവര്‍ഷം 400,000 ടണ്ണിലധികം ലോഹ അയിരുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഇന്ത്യയുടെ ചെമ്പ് ഉല്പാദനത്തിന്റെ 40 ശതമാനവും നിര്‍വഹിക്കുകയും ചെയ്തിരുന്നു
അക്കാലത്ത് പ്ലാന്റ് പ്രതിവര്‍ഷം 400,000 ടണ്ണിലധികം ലോഹ അയിരുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഇന്ത്യയുടെ ചെമ്പ് ഉല്പാദനത്തിന്റെ 40 ശതമാനവും നിര്‍വഹിക്കുകയും ചെയ്തിരുന്നു. 5,000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് പരോക്ഷമായും ഇവിടെ തൊഴില്‍ ലഭിച്ചിരുന്നു.
സ്റ്റെര്‍ലൈറ്റ് കോപ്പറിന്റെ മാതൃ കമ്പനിയായ വേദാന്ത സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഹരിത ട്രിബ്യൂണല്‍ അനുമതി നല്കി. എന്നാല്‍ ഈ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും ഇടക്കാല ആശ്വാസത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ വേദാന്തയോട് നിര്‍ദേശിക്കുകയും ചെയ്തു. പ്ലാന്റ് തുറക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയില്ല.




