വിദേശരാജ്യങ്ങള്‍ക്കെതിരെ കുത്തനെ താരിഫ് ഉയര്‍ത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സഹമന്ത്രിയും എംപിയുമായ ശശി തരൂര്‍. കമ്മി കുറയ്ക്കുന്നത് പോലെയുള്ള അമേരിക്കയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കുന്നതിനും കഴിവുള്ള മാജിക് ഉപാധികളായാണ് ട്രംപ് താരിഫിനെ കരുതുന്നതെന്ന് തരൂര്‍ വിമര്‍ശിച്ചു.
താരിഫ് ഏര്‍പ്പെടുത്തി വലിയ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യിച്ചാല്‍ ആഭ്യന്തര നിര്‍മ്മാണം തിരിച്ചുപിടിക്കാമെന്നും അമേരിക്കക്കാര്‍ക്കായി ജോലികള്‍ സൃഷ്ടിക്കാമെന്നും തന്റെ അനുയായികളോട് വോട്ട് ചോദിക്കാമെന്നും ട്രംപ് വിശ്വസിക്കുന്നുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.
അമേരിയ്ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കാനാണ് ട്രംപ് താരിഫ് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള മാജിക് ഉപാധികളായാണ് ട്രംപ് താരിഫിനെ കാണുന്നത്. അമേരിക്കയില്‍ നിര്‍മ്മിച്ചിരുന്ന നിരവധി വസ്തുക്കള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അവയെ കൂടുതല്‍ വിലയുള്ളതാക്കിയാല് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ കൂടുതലായി നിര്‍മ്മാണം നടത്തുമെന്നും അമേരിക്കക്കാരെ ജോലിക്കെടുക്കുമെന്നും ട്രംപ് വിചാരിക്കുന്നു- തരൂര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ ട്രംപും അദ്ദേഹത്തിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോയും നടത്തിയ ആക്ഷേപ പരാമര്ങ്ങള്ക്കെതിരെയും തരൂര്‍ ആഞ്ഞടിച്ചു. രണ്ട് രാജ്യങ്ങള്‍ അടുപ്പത്തോടെ പോകുന്ന ഒരു സാഹചര്യത്തില്‍ അങ്ങനെയൊരു ഭാഷ ആവശ്യമില്ലായിരുന്നുവെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. താരിഫിന്റെ കാര്യത്തില്‍ ഇന്ത്യയെ അന്യായമായാണ് അമേരിക്ക പരിഗണിച്ചതെന്നും തരൂര്‍ പറഞ്ഞു. ഈ അന്യായം ഇന്ത്യയില്‍ വളരെ ശക്തമായ പ്രത്യാഘാതം ഉണ്ടാക്കി, ശേഷം ട്രംപില്‍ നിന്നും അദ്ദേഹത്തിന്റെ ഭാഷയില്‍ പ്രസ്താവനയായും ട്വീറ്റുകളായും ഉണ്ടായ അധിക്ഷേപം അതിനുശേഷം അഅദ്ദേഹത്തിന്റെ ഉപദേഷ്ടാവായ നവാരോയില് നിന്നും ഉണ്ടായ അധിക്ഷേപ പരാമര്‍ശം രാജ്യമെമ്പാടും ശക്തമായ പ്രത്യാഘാതം ഉണ്ടാക്കിയതായി തരൂര്‍ പറഞ്ഞു.
മുപ്പത് വര്‍ഷത്തെ ബന്ധത്തില്‍ പ്രത്യേകിച്ചൊരു പ്രശ്നവും ഇല്ലെങ്കില്‍ ഇന്ത്യയെ കുറിച്ച് ഇത്തരമൊരു ഭാഷ ഉപയോഗിക്കുന്നത് എന്തിനാണെന്നും അത് തീര്‍ത്തും ഉചിതമല്ലെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ ന്യായീകരിച്ച് പീറ്റര്‍ നവാരോ നടത്തിയ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ജാതീയമായ പരാമര്‍ശമാണ് നവാരോ നടത്തിയത്. ഇന്ത്യന്‍ ജനതയെ മുതലെടുത്ത് രാജ്യത്തെ ബ്രാഹ്മണര്‍ ലാഭം കൊയ്യുകയാണെന്നാണ് നവാരോ പറഞ്ഞത്. ഇന്ത്യയിലെ റിഫൈനറികള്‍ കുറഞ്ഞ ചിലവില്‍ റഷ്യയുടെ എണ്ണ വാങ്ങുകയും ശുദ്ധീകരിച്ച് ഉയര്‍ന്ന വിലയില്‍ വിദേശത്ത് വില്‍ക്കുകയും ചെയ്യുകയാണെന്നും നവാരോ കുറ്റപ്പെടുത്തി. ഇന്ത്യ റഷ്യയുടെ കള്ളപ്പണം വെളുപ്പിക്കുകയാണെന്നും നവാരോ ആരോപിച്ചു.




