2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ട്രേഡിംഗ് സെഷനായ വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരി വിപണി സൂചികകളില്‍ ശക്തമായ മുന്നേറ്റം. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്സ് 655 പോയിന്റ് അഥവാ 0.9 ശതമാനം ഉയര്‍ന്ന് 73,651 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 203 പോയിന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 22,327 ല്‍ അവസാനിച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റിയും ബിഎസ്ഇ സെന്‍സെക്സും യഥാക്രമം 29 ശതമാനവും 25 ശതമാനവും നേട്ടമുണ്ടാക്കി.
ബിഎസ്ഇയിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും കൂടി വിപണി മൂലധനത്തില്‍ വ്യാഴാഴ്ച 3.33 ലക്ഷം കോടി രൂപയുടെ വര്‍ധന ദൃശ്യമായി. അതേസമയം 2024 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയുക്ത വിപണി മൂലധനം 128.8 ലക്ഷം കോടി ഉയര്‍ന്ന് 386.97 ലക്ഷം കോടി രൂപയായി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റിയും ബിഎസ്ഇ സെന്‍സെക്സും യഥാക്രമം 29 ശതമാനവും 25 ശതമാനവും നേട്ടമുണ്ടാക്കി
2024 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍ എസ്റ്റേറ്റ്, ഓട്ടോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ എന്നീ മേഖലകളില്‍ 80% മുതല്‍ 140% വരെ മുന്നേറ്റം ദൃശ്യമായി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റി സ്മോള്‍ക്യാപ്പ്100, മിഡ്ക്യാപ്100 എന്നീ സൂചികകള്‍ യഥാക്രമം 70%, 60% നേട്ടം കൈവരിച്ചു. മൂല്യനിര്‍ണ്ണയ ആശങ്കകള്‍ക്കിടെയാണ് ബ്ലൂ-ചിപ്പ് സൂചികകളെ പിന്നിലാക്കുന്ന ഈ മുന്നേറ്റം.
ജൂണില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ വിപണികള്‍. ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ത്യന്‍ വിപണികളില്‍ ചലനങ്ങളുണ്ടാക്കും.