മുകേഷ് അംബാനിക്കും അനന്ത് അംബാനിക്കും ആശ്വസിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ ഭാഗമായ രാജ്യത്തെ ഏറ്റവും വലിയ വന്യജീവി പുനരധിവാസ, ജൈവവൈവിധ്യ കേന്ദ്രമായ വന്താരയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി സുപ്രീം കോടതി.
റിലയന്‍സ് ഫൗണ്ടേഷന്റെ വന്താരയിലേക്ക് അമ്പലത്തിലെ ആനകളെ എത്തിച്ചതില്‍ തെറ്റൊന്നുമില്ലെന്നും, നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രം മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തിന്റെ റിപ്പോര്ട്ടിന്മേലാണ് കോടതിയുടെ പരമാര്‍ശനം. വന്താരയിലേക്ക് ആനകളെ മാറ്റുന്നതിനെ വെല്ലുവിളിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ഗുജറാത്തിലെ ജാംനഗറില്‍ സ്ഥിതി ചെയ്യുന്ന വന്താരയുടെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോര്‍ട്ടാണ് എസ്ഐടി നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച്ചയാണ് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് തിങ്കളാഴ്ച്ച പരിഗണിച്ച ശേഷം ജസ്റ്റിസ് പങ്കജ് മിത്തല്‍, പി ബി വരാലെ തുടങ്ങിയവര്‍ അടങ്ങുന്ന ബെഞ്ച് റിപ്പോര്‍ട്ടില്‍ തൃപ്തി രേഖപ്പെടുത്തി. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വന്താരയുടെ പ്രവര്‍ത്തനമെന്ന് സാധൂകരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.
വനം വകുപ്പില്‍ നിന്നും ആനകളെ ഏറ്റെടുക്കുന്നതില്‍ വന്താരയ്ക്ക് വിലക്കൊന്നുമില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന് ഹരിഷ് സാല്‍വെയാണ് അനന്ത് അംബാനി നേതൃത്വം നല്കുന്ന വന്താരയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.




