ആഗോള തലത്തില്‍ അരി വില 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. അരിയുടെ ഏഷ്യന്‍ ബെഞ്ച്മാര്‍ക്കായ തായ് വൈറ്റ് റൈസിന്റെ വില 2.5% ഉയര്‍ന്ന് ബുധനാഴ്ച ടണ്ണിന് 650 ഡോളറായി. 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഏറ്റവും വലിയ അരി ഉല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യ ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളും എല്‍ നിനോ മൂലമുള്ള വരണ്ട കാലാവസ്ഥ തായ്ലന്ഡ് നെല്‍ കൃഷിക്ക് തിരിച്ചടിയായതും ഓഗസ്റ്റില്‍ അരിവിലയെ റെക്കോഡ് ഉയരത്തിലെത്തിച്ചിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വില കുറഞ്ഞെങ്കിലും നവംബറില്‍ വില വീണ്ടും ഉയരാനാരംഭിച്ചു. തായ്ലന്ഡില് എല്‍ നിനോ മൂലം 2023-24ല്‍ നെല്ലുല്പ്പാദനം ഏകദേശം 6% കുറയുമെന്നാണ് കണക്കാക്കുന്നത്.
വരും മാസങ്ങളില്‍, അരിയെ അധികമായി ആശ്രയിക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യവിലപ്പെരുപ്പം ഉയരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഇന്ത്യയിലും ആശങ്ക
പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഭക്ഷ്യവിലകള്‍ ഉയരുന്നത് ഇന്ത്യയിലും സര്‍ക്കാരിന്റ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കര്‍ശനമായ കയറ്റുമതി നിയന്ത്രണങ്ങള്‍, മികച്ച വിളവെടുപ്പ്, സമൃദ്ധമായ സംഭരണം എന്നിവയ്ക്കിടയിലും അരിയുടെ വില വര്‍ധിക്കുന്നതായി ഭക്ഷ്യ മന്ത്രാലയം പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അരിവില പ്രതിവര്‍ഷം 12% വര്‍ദ്ധിച്ചു. ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ മില്ലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.