‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമാകാന്‍ ജപ്പാനിലെ വ്യവസായ ലോകത്തെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ടോക്കിയോയില്‍ നടന്ന ഇന്ത്യ-ജപ്പാന് സംയുക്ത സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു. ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ, ലോകത്തിനായി നിര്‍മ്മിക്കൂ’ എന്ന് മോദി അഭ്യര്‍ത്ഥിച്ചു. സുസുക്കിയുടെയും ഡൈകിന്റെയും ഇന്ത്യന്‍ വിജയകഥകള്‍ കൂടുതല്‍ ജപ്പാന് കമ്പനികള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലെ 75 ശതമാനം കമ്പനികളും ഇതിനകം ലാഭത്തിലാണ്. ഇന്ത്യയില്‍ മൂലധനം വളരുക മാത്രമല്ല, അത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍, ഇന്ത്യ അഭൂതപൂര്‍വമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക സ്ഥിരത, നയങ്ങളിലെ സുതാര്യത എന്നിവ കൈവരിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ഉടന്‍ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുകയും ചെയ്യും,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
ജപ്പാന് 6 ലക്ഷം കോടി രൂപ നിക്ഷേപിക്കും
സെമിണ്ടക്ടറുകള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് മോദി ചൂണ്ടിക്കാട്ടി. ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പതിറ്റാണ്ടില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി ജപ്പാന് 68 ബില്യണ്‍ ഡോളര്‍ (ഏകദേശം 6 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ജപ്പാന് മാധ്യമമായ നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. എഐ, സെമികണ്ടക്ടറുകള്‍, പരിസ്ഥിതി, മെഡിസിന് എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലാണ് പ്രധാനമായും നിക്ഷേപം എത്തുക.
ഇന്ത്യയും ജപ്പാനും ഒരുമിച്ചാല്‍ തെക്കന്‍ ഏഷ്യയുടെയും ആഫ്രിക്കയുടെയും വികസനത്തിന് വലിയ പങ്കാളിത്തം വഹിക്കാനാവുമെന്നും മോദി ചൂണ്ടിക്കാട്ടി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ടോക്കിയോയിലെ ഇലക്ട്രോണ്‍ ഫാക്ടറിയും ബുള്ളറ്റ് ട്രെയിന്‍ കോച്ചുകള്‍ നിര്‍മ്മിക്കുന്ന സെന്‍ഡായിയിലെ തോഹോകു ഷിങ്കന്‍സെന്‍ പ്ലാന്റും മോദി സന്ദര്‍ശിക്കും. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ നിര്‍ണായക പങ്കാളിത്തമുള്ള കമ്പനിയാണിത്.




