ഫാന്റസി ഗെയിമിംഗ് ഭീമനായ ഡ്രീം11-ന്റെ മാതൃകമ്പനിയായ ഡ്രീം സ്പോര്‍ട്സ് റിയല്‍ മണി ഗെയിമുകള്‍ (RMG- പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ്) നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ലക്ഷ്യമിടുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ 2025 ലോക്സഭയും രാജ്യസഭയും പാസാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് എന്‍ട്രാക്കര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്ത നല്കി. അതേസമയം ഇക്കാര്യത്തില്‍ ഡ്രീം11 പ്രതികരിച്ചിട്ടില്ല.
ആഗസ്റ്റ് 20-ന് നടന്ന കമ്പനി മീറ്റിംഗില്‍ റിയല്‍ മണി ഗെയിമിംഗ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം നേതൃത്വം ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ഡ്രീം സ്പോര്‍ട്സിന്റെ വാര്‍ഷിക വരുമാനത്തിന്റെ 67 ശതമാനം റിയല്‍ മണി ഗെയിമിംഗില്‍ നിന്നുമാണ്.
കളം മാറി ചവിട്ടും
റിയല്‍ മണി ഗെയിമിംഗില്‍ നിന്നും പണം ഉപയോഗിക്കാത്ത സ്പോര്‍ട്സ് ഡ്രിപ്, ഫാന്‍കോഡ് പോലുള്ള സാധ്യതകളാണ് ഇനി ഡ്രീം11 പരീക്ഷിക്കുകയെന്നും എന്‍ട്രാക്കറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വില്ലോ ടിവി, സിര്ക്ബസ് പോലുള്ള മറ്റ് നിക്ഷേപങ്ങളിലും വിദേശ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മണി ഗെയിമിംഗ് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള ചിലവ് വെട്ടിച്ചുരുക്കലിലേക്കും കമ്പനി കടക്കുമെന്നും സൂചനയുണ്ട്.
രാജ്യസഭയിലും പാസായി ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍
ലോക്സഭയില്‍ പാസായതിന് പിന്നാലെ വ്യാഴാഴ്ച രാജ്യസഭയിലും ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ 2025 പാസായി. രാഷ്ട്രപതിയുടെ അന്തിമാനുമതിയോടെ ബില്‍ നിയമമാകുന്ന പക്ഷം മണി ഗെയിമുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഉള്‍പ്പടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
പ്രമോഷന് ആന്‍ഡ് റെഗുലേഷന് ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ 2025, ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്തെ മൂന്നില്‍ രണ്ട് വിഭാഗത്തെയും പിന്തുണയ്ക്കുമെന്നും എന്നാല്‍ ഓണ്‍ലൈന്‍ മണി ഗെയിമുരകള് നിരോധിക്കുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി ആശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഈ വിഭാഗത്തിലുള്ള കളികള്‍ സമൂഹത്തിന്, പ്രത്യേകിച്ച് മിഡില്‍ക്ലാസ് വിഭാഗത്തിലുള്ള കുടുംബങ്ങളിലെ യുവാക്കള്‍ക്ക് വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി നിരീക്ഷിച്ചു.