വന്‍തോതില്‍ ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിന് പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന്) കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി തേടി. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സംശുദ്ധ ഊര്‍ജമായി പരിഗണിക്കപ്പെടുന്ന ആണവോര്‍ജം കൂടുതലായി ഉപയോഗിക്കാനുമാണ് എന്‍ടിപിസി ആണവ റിയാക്ടറുകള്‍ ബള്‍ക്കായി വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഊര്ജോല്പ്പാദകരായ എന്‍ടിപിസി, 700 മെഗാവാട്ട് മുതല്‍ ഏകദേശം 1,730 മെഗാവാട്ട് വരെയുള്ള വലിയ ആണവ റിയാക്ടര്‍ യൂണിറ്റുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബള്‍ക്കായി വാങ്ങുന്നതിലൂടെ മികച്ച നിരക്കില്‍ റിയാക്ടറുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ തലത്തില്‍ അനുമതിക്കായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ.
2027 ല്‍ 100 ഗിഗാവാട്ട്
2047 ഓടെ 100 ഗിഗാവാട്ട് ആണവോര്‍ജ്ജ ശേഷി നിര്‍മ്മിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. 11 ഇരട്ടിയായി ആണവശേഷി ഉയര്‍ത്താനുള്ള ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് എന്‍ടിപിസിയാണ്. എന്‍ടിപിസി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 85% ഇപ്പോള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ബണ്‍ ബഹിര്‍ഗമന രാജ്യമായ ഇന്ത്യ, വൈദ്യുതോല്‍പ്പാദനത്തിനായി കല്‍ക്കരിയെയാണ് കൂടുതയായി ആശ്രയിക്കുന്നത്. 1969 ല്‍ രാജ്യത്തെ ആദ്യത്തെ ആണവ വൈദ്യുത റിയാക്ടര്‍ കമ്മീഷന് ചെയ്തത്. നിലവില്‍ 8.8 ഗിഗാവാട്ട് ആണവോര്‍ജ്ജ ശേഷിയാണ് ഇന്ത്യക്കുള്ളത്.
വെല്ലുവിളികള്‍
ആണവോര്‍ജം സുരക്ഷിതമാണെങ്കിലും ആണവ റിയാക്ടറുകള്‍ എപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കാറുണ്ട്. അതിനാല്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തിരിച്ചറിയുക, വ്യത്യസ്ത തരം റിയാക്ടര്‍ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതിന് വിതരണക്കാരെ കണ്ടെത്തുക, ഏറ്റവും പ്രധാനമായി പ്രാദേശിക പിന്തുണ നേടുക എന്നിവയുള്‍പ്പെടെ ഈ മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നു.




