ആഗോള ഭൗമരാഷ്ട്രീയത്തില്‍ സ്ഥിരമായ സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും സ്ഥിരമായ താല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ലെന്നും യുഎസുമായുള്ള താരിഫ് സംഘര്‍ഷങ്ങളുടെയും ഇന്ത്യ-ചൈന ബന്ധങ്ങളില്‍ അടുത്തിടെയുണ്ടായ മെച്ചപ്പെടലിന്റെയും പശ്ചാത്തലത്തില്‍ മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും സ്വാശ്രയത്വം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുമ്പോള്‍ പാറ കൂടുതല്‍ കരുത്തുറ്റതാവുമെന്ന് ഭൂമിശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുംതോറും രാജ്യം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും കച്ചവടക്കാരുടെയും ക്ഷീര കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ക്കാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്നും യുഎസുമായുള്ള കരാര്‍ സ്തംഭിച്ച വിഷയത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ പ്രവചനാതീതമായ ‘വിദേശ ഇടപെടലുകളെ’ ആശ്രയിക്കരുതെന്നും പകരം രാജ്യത്തിന്റെ സ്വന്തം കഴിവുകള്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ നിര്‍ണായക സ്ഥലങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വ്യോമ പ്രതിരോധ സംരക്ഷണം ഉറപ്പാക്കാന്‍ അടുത്ത 10 വര്‍ഷത്തിനകം സുദര്ശന് ചക്ര വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിക്കും. ഓപ്പറേഷന് സിന്ദൂരില്‍ കണ്ടതുപോലെ, ഇന്നത്തെ യുദ്ധങ്ങളില്‍ വ്യോമ പ്രതിരോധ ശേഷിയുടെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.