കടന്നുപോയ വര്‍ഷത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രകടനം വിശകലനം ചെയ്യുകയും അതിന്റെ സാധ്യതകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്ന സമഗ്രമായ വാര്‍ഷിക റിപ്പോര്‍ട്ടാണ് സാമ്പത്തിക സര്‍വേ. കേന്ദ്ര ബജറ്റിന് തലേദിവസമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ സാമ്പത്തിക സര്‍വേ സാധാരണയായി അവതരിപ്പിക്കുന്നത്.
വോട്ട് ഓണ്‍ അക്കൗണ്ട്
എന്നാല്‍ ഇത്തവണ ബജറ്റിന് മുന്നോടിയായി ജനുവരി 31 ന് സാമ്പത്തിക സര്‍വേ ഉണ്ടായിരിക്കില്ല. 2024 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റ് അഥവാ വോട്ട്-ഓണ്‍-അക്കൗണ്ട് ആയതിനാലാണിത്. ഏപ്രില്‍-മേയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് കേന്ദ്രം വോട്ട്-ഓണ്‍-അക്കൗണ്ട് അവതരിപ്പിക്കുന്നത്.
കാരണം തെരഞ്ഞെടുപ്പ്
2024 ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനവും ഭാവി വീക്ഷണവും വിശകലനം ചെയ്യുന്ന രേഖയായ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത് രാഷ്ട്രീയവല്‍ക്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് സാധാരണ ബജറ്റ് പ്രക്രിയയുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയേക്കാം. അതിനാല്‍ കൂടിയാണ് സാമ്പത്തിക സര്‍വേ വേണ്ടെന്നു വെച്ചിരിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിനും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനും ശേഷമാവും ഇത്തവണ ഔദ്യോഗിക സാമ്പത്തിക സര്‍വേ അവതരിപ്പിക്കുക.
2024 ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനവും ഭാവി വീക്ഷണവും വിശകലനം ചെയ്യുന്ന രേഖയായ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത് രാഷ്ട്രീയവല്‍ക്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്
പകരം അവലോകന രേഖ
എന്നിരുന്നാലും സാമ്പത്തിക സര്‍വേയ്ക്ക് പകരം ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ – ഒരു അവലോകനം’ എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. ഈ രേഖ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനം വിശകലനം ചെയ്യുകയും അതിന്റെ സാധ്യതകളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ വി അനന്ത നാഗേശ്വരന്റെ ഓഫീസാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍
- അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറും. 2030 ഓടെ 7 ട്രില്യണ്‍ ഡോളറിലേക്ക് വളരും.
- കഴിഞ്ഞ ദശകത്തില്‍ നടത്തിയ ഘടനാപരമായ പരിഷ്കാരങ്ങള്‍ മികച്ച സ്വാധീനം ഉണ്ടാക്കി
- ആഗോള അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അംഗീകരിച്ചുകൊണ്ട് ഭാവിയിലെ വളര്‍ച്ചയെയും പണപ്പെരുപ്പത്തെയും കുറിച്ച് ജാഗ്രതയോടെയുള്ള വീക്ഷണം റിപ്പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
- 2024 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 7.2% മറികടക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ഇത് 3% കവിയുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാനുള്ള ആഗോള സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യത്തെ മറികടക്കുന്നു.
- തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കും.
- കഴിഞ്ഞ ദശകത്തില്‍, പൊതുമേഖലാ നിക്ഷേപത്തിലെ ഉയര്‍ച്ച, ശക്തമായ സാമ്പത്തിക മേഖല, ഗണ്യമായ ഭക്ഷ്യേതര വായ്പാ വളര്‍ച്ച എന്നിവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മിതമായ വളര്‍ച്ചയ്ക്ക് സഹായകമായി.
- യുഎസിനും യുകെയ്ക്കും ശേഷം, ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ ഫിന്‍ടെക് സമ്പദ്വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്ക്.
- ഹോങ്കോങ്ങിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയുടെ റാങ്കിലേക്ക് ഉയര്‍ന്നു. ഐപിഒകള്ക്കൊപ്പം ആഭ്യന്തര, ആഗോള നിക്ഷേപകര്‍ കാണിക്കുന്ന താല്‍പ്പര്യമാണ് ഈ നേട്ടത്തിന് കാരണം.
- 2015-16 ല്‍ ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം 53% ആയിരുന്നു. 2019-21 ല്‍ ഇത് 78.6% ആയി വര്‍ദ്ധിച്ചു.