കൊച്ചി: നെസ്റ്റ് ഗ്രൂപ്പ് കേരളത്തില്‍ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റായ ‘ട്രേഡക്സ് കേരള 2026’യുടെ ഉദ്ഘാടന വേദിയിലാണ് പ്രഖ്യാപനം ഉണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് സ്ഥാപനമായ എസ്എഫ്ഒ ടെക്നോളജീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍. ജഹാംഗീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
നിര്‍ദ്ദിഷ്ട നിക്ഷേപം സംസ്ഥാനത്തെ യുവാക്കള്‍ക്ക് ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തില്‍ സംരംഭക മേഖല വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പിന്തുണ നിര്‍ണായകമാണെന്ന് ഡോ. ജഹാംഗീര്‍ അഭിപ്രായപ്പെട്ടു.
ട്രേഡക്സ്, അന്താരാഷ്ട്ര വ്യാപാരത്തില്‍ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ തനത് ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആഗോള വിപണിയിലെത്തിക്കുന്നതിന് സംരംഭകരെ സഹായിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 32 ബയേഴ്സും കേരളത്തില്‍ നിന്നുള്ള 400 ല്‍ കൂടുതല്‍ എംഎസ്എംഇകളും പങ്കെടുക്കുന്നു. മേളയുടെ ആദ്യദിവസം സംരംഭകരും ബയേഴ്സും തമ്മില്‍ നൂറിലധികം ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇതുവഴി സംരംഭങ്ങള്‍ക്ക് 53 കോടി രൂപയുടെ വ്യാപാരക്കരാര്‍ ലഭിച്ചു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നാല് ലക്ഷത്തിലധികം ചെറുകിട സംരംഭങ്ങള്‍ സ്ഥാപിതമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2021 ല്‍ സംസ്ഥാനത്തെ ഉദ്യം രജിസ്ട്രേഷനുകള്‍ 85,000 ആയിരുന്നു. ഇന്ന് അത് 17 ലക്ഷം കവിഞ്ഞു. എംഎസ്എംഇ ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടര്‍ പി. വിഷ്ണുരാജ് ഐഎഎസ്, എഫ്ഐഇഒ റീജണല്‍ ചെയര്മാന് പി. ഗോപാലകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




