ലക്ഷ്യം വികസിതഭാരതം
വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യവും സ്ത്രീകളും പ്രായമായവരും അടക്കമുള്ളവരുടെ പങ്കാളിത്തവും കാരണം എല്ലാ സംസ്ഥാനങ്ങളിലും ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് നേട്ടമായ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. വികസിത ഭാരതമെന്ന പുതിയ ചട്ടക്കൂടിനുള്ളില്‍ പദ്ധതി പുനരാവിഷ്ക്കരിക്കപ്പെടുമ്പോള്‍ ഗ്രാമീണ തൊഴില്‍മേഖലയെ ആധുനികവല്‍ക്കരിക്കുക, ജീവനോപാധിയുമായും അടിസ്ഥാനസൗകര്യ വികസനവുമായും വികസിത ഭാരതത്തിന് കീഴിലെ ദീര്‍ഘകാല ലക്ഷ്യങ്ങളുമായും പദ്ധതിയെ ബന്ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ബില്‍ മുന്നോട്ടുവെക്കുന്നത്. ജനങ്ങള്ക്ക്് തൊഴില്‍ ഉറപ്പ് നല്‍കുക എന്നതിനൊപ്പം തൊഴിലുകളെ പ്രാദേശിക വികസന മുന്‍ഗണനകളുമായി ബന്ധിപ്പിക്കുന്ന ഒരു മാതൃകയാണ് VB-G RAM G. ഗ്രാമീണ സമ്പദ്വ്യവസ്ഥകളെ ശാക്തീകരിക്കാനും ഈടുനില്‍ക്കുന്ന ആസ്തികള്‍ നിര്‍മ്മിക്കാനും ബില്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
എന്തിനാണ് ഇങ്ങനെയൊരു മാറ്റം
അവകാശത്തിലൂന്നിയ തൊഴില്‍ ഗാരന്റിയായിരുന്നു 2005 മുതലുള്ള MGNREGA നല്‍കിയത്. ഈ പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് അവിദഗ്ധമേഖലയില്‍ തൊഴില്‍ ആവശ്യപ്പെടാം. ഒരു വര്‍ഷം ഇത്തരത്തില്‍ 100 തൊഴിലുകള്‍ ചെയ്യാം. നിര്ദ്ദിഷ്ടകാലത്ത് തൊഴില്‍ ലഭിക്കാത്ത പക്ഷം തൊഴിലില്ലായ്മ ആനുകൂല്യത്തിനും അര്‍ഹതയുണ്ട്. ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങള്‍ക്ക് വറുതിയുടെ കാലത്ത് ഈ പദ്ധതി സാമ്പത്തിക ആശ്വാസമായിരുന്നു. പക്ഷേ കുറച്ച് വര്‍ഷങ്ങളായി ഗ്രാമങ്ങളിലെ സാഹചര്യങ്ങളില്‍ മാറ്റം വന്നു – മെച്ചപ്പെട്ട കണക്ടിവിറ്റിയും സാമ്പത്തിക സേവനങ്ങളും തൊഴിലുകളും വന്നു. അതിനാല്‍ തന്നെ വികസിത ഭാരതം 2047 എന്ന ദര്‍ശനത്തിന് കീഴില്‍ പുതിയൊരു നിയമം കൊണ്ടുവരേണ്ട സമയമായെന്നാണ് തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാദം.
മാറ്റങ്ങള്‍
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നല്‍കുന്നത് പോലെ ഉറപ്പായ തൊഴില്‍ VB-G RAM G ബില്ലും ഉറപ്പുനല്‍കുന്നു. അതേസമയം പദ്ധതിയുടെ സാധ്യതകള്‍ അടിസ്ഥാന സൗകര്യമേഖലയിലേക്കും നാച്ചുറല്‍ റിസോഴ്സുകള്‍ കൈകാര്യം ചെയ്യുന്നതിലേക്കും ജീവനോപാധി കണ്ടെത്തുന്നതിലേക്കും വ്യാപിപ്പിക്കും. ഡിമാന്‍ഡ് അനുസരിച്ചുള്ള തൊഴില്‍, സമയബന്ധിതമായി തൊഴില്‍ നല്കല്, തൊഴിലാളികളിലേക്ക് നേരിട്ട് പ്രതിഫലം എത്തുന്ന വേതന സംവിധാനം എന്നിങ്ങനെ പദ്ധതിയെ കാലോചിതമായി പരിഷ്കരിക്കുന്നതാണ് പുതിയ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും VB-G RAM G ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് നോക്കാം.
കൂടുതല്‍ തൊഴില്‍ദിനങ്ങള്‍
തൊഴില്‍ദിനങ്ങളുടെ എണ്ണം 125 ആയി വര്‍ധിപ്പിക്കുന്നുവെന്നതാണ് VB-G RAM G ബില്‍ മുന്നോട്ടുവെക്കുന്ന പ്രധാന മാറ്റം. നിലവില്‍ ഒരു സാമ്പത്തികവര്‍ഷം 100 തൊഴില്‍ദിനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ 25 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം, ജോലി അന്വേഷിച്ച ആള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ജോലി അവസരം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് തൊഴിലില്ലായ്മ ആനുകൂല്യം നല്‍കണം. ഈ നിര്‍ദ്ദേശം പുതിയ ബില്ലിലും നിലനിര്‍ത്തിയിട്ടുണ്ട്.
പദ്ധതി വിഹിതം
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ തൊഴിലാളികള്‍ക്കുള്ള വേതനം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരാണ് നല്‍കിയിരുന്നത്. പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ഉപകരണങ്ങള്‍ക്കും നടത്തിപ്പിനും മറ്റും ആവശ്യമായ ചിലവിന്റെ മുക്കാല്‍ഭാഗവും കേന്ദ്രത്തില്‍ നിന്നായിരുന്നു. ഉപകരണങ്ങള്‍ക്കും നടത്തിപ്പിനും വേണ്ട ചിലവിന്റെ നാലിലൊന്നും തൊഴിലില്ലായ്മ ആനുകൂല്യവും വേതനം വൈകിയാലുള്ള നഷ്ടപരിഹാരവുമാണ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ ബില്‍ പ്രകാരം, ഫണ്ട് വിഹിതം 90:10 എന്നത് 60:40 എന്നായി മാറും. അതായത് കേന്ദ്രത്തില്‍ നിന്നും 60 ശതമാനം വിഹിതം ലഭിക്കും. ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും, ഹിമാലന്‍ മേഖലയിലുള്ള സംസ്ഥാനങ്ങള്‍ക്കും പഴയ 90:10 അനുപാതം തുടരും. തൊഴിലാളികള്‍ക്കുള്ള വേതനം, ഉപകരണങ്ങള്‍ക്കുള്ള ചിലവ്, നടത്തിപ്പ് ചിലവ് എന്നിവയെല്ലാം നേരത്തെ പറഞ്ഞ അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. അതേസമയം തൊഴിലില്ലായ്മ അലവന്‍സും നഷ്ടപരിഹാരവും സംസ്ഥാനസര്‍ക്കാരുകള്‍ തന്നെ വഹിക്കണം.
അധികച്ചിലവ്
ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും. ഈ വിഹിതത്തിന് പുറമേ വരുന്ന ചിലവുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം.
വിളവെടുപ്പ് സമയത്ത് ഇളവ്
വിളവെടുപ്പുകാലത്ത് 60 ദിവസം വരെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികള്‍ നിര്‍ത്തിവെക്കണം. ഈ സമയം മുന്‍കൂട്ടി സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം. വിതയ്ക്കല്‍, കൊയ്യല്‍, വിളവെടുപ്പ്, കാര്‍ഷിക സംബന്ധമായ മറ്റ് അടിയന്തര ജോലികള്‍ എന്നിങ്ങനെയുള്ള ജോലികള്‍ കൃത്യമായി നടക്കുക, തൊഴിലാളിക്ഷാമം ഉണ്ടാകാതിരിക്കുക, കൂലിയില്‍ സ്ഥിരത കൊണ്ടുവരിക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആസൂത്രണ ചട്ടക്കൂട്
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകളും ഗ്രാമസഭകളുമാണ് അതത് പ്രദേശങ്ങളിലുള്ള തൊഴിലുകള്‍ കണ്ടെത്തിയിരുന്നത്. പുതിയ ബില്ലും ഇതേ മാതൃക തന്നെയാണ് മുന്നോട്ടുവെക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കുന്ന വികസിത ഗ്രാമപഞ്ചായത്ത് പ്ലാന്‍ പ്രകാരം തൊഴിലുകള്‍ ആസൂത്രണം ചെയ്യണം. പ്രധാനമായും നാല് മേഖലകളെ കേന്ദ്രീകരിച്ചായിരിക്കണം തൊഴിലുകള്‍ ആസൂത്രണം ചെയ്യേണ്ടത്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം, തീവ്രകാലാവസ്ഥ കൊണ്ടുണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യല്‍ എന്നിങ്ങനെയാണവ.
നടത്തിപ്പ്, മേല്‍നോട്ടം
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും കേന്ദ്ര, സംസ്ഥാന തലങ്ങളിലുള്ള സമിതികള്‍ക്കായിരുന്നു. ഈ രീതി തുടരുമെങ്കിലും ഇക്കാര്യത്തില്‍ ചില നിയമങ്ങള്‍ ബില്‍ മുന്നോട്ടുവെക്കുന്നു. ദേശീയതലത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കും. ഇവരാണ് സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം ശുപാര്‍ശ ചെയ്യുന്നതും. കൂടാതെ ഓരോ സംസ്ഥാനത്തിനും സ്റ്റിയറിംഗ് കമ്മിറ്റി ഉണ്ടായിരിക്കും.
സാങ്കേതികവിദ്യയുടെ ഉപയോഗം
ഇടപാടുകള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്, പദ്ധതി ആസൂത്രണത്തിനും മേല്‍നോട്ടത്തിനും ജിയോസ്പേഷ്യല്‍ സാങ്കേതികവിദ്യ, റിയല്‍-ടൈം ട്രാക്കിംഗിന് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചുള്ള ഡാഷ്ബോര്‍ഡ്, പ്രതിവാര അവലോകനത്തിനുള്ള സംവിധാനങ്ങള്‍ എന്നിങ്ങനെ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ കാര്യക്ഷമമായ പദ്ധതി നടത്തിപ്പും VB-G RAM G ബില്‍ വിഭാവനം ചെയ്യുന്നു.
വേതനം

തൊഴിലാളികള്‍ക്ക് കൂലി ഒരാഴ്ചയ്ക്കുള്ളില്‍ കൊടുത്തുതീര്‍ക്കണമെന്നാണ് പുതിയ ബില്ലിലെ ശുപാര്‍ശ. ഇത് പരമാവധി രണ്ടാഴ്ച വരെ നീളാം. വേതനം നല്കുന്നതില് കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും. വേതനത്തില്‍ മാറ്റമുണ്ടായിരിക്കില്ല. അതേസമയം സ്ത്രീകള്‍, പ്രായമായവര്‍, അംഗപരിമിതികള്‍ നേരിടുന്നവര്‍, മറ്റ് രോഗാവസ്ഥകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക നിരക്കുകള്‍ പരിഗണിക്കണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു.
വിവാദമാക്കേണ്ടതുണ്ടോ?
2005-ല്‍ ആവിഷ്കരിക്കപ്പെട്ട തൊഴിലുറപ്പ് പദ്ധതിക്ക് 2009ലാണ് മഹാത്മാഗാന്ധിയുടെ പേര് നല്‍കിയത്. പേരില്‍ നിന്നും മഹാത്മാഗാന്ധി അപ്രത്യക്ഷമാകുന്നതിനെ ചൊല്ലിയും പദ്ധതിവിഹിതത്തെ ചൊല്ലിയും VB-G RAM G പദ്ധതിക്കെതിരെ ഇതിനകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ പേരിലും ഘടനയിലും മാറ്റമുണ്ടാകുന്നു എങ്കിലും ജനങ്ങള്‍ക്ക് അവകാശമായ തൊഴിലുകള്‍ നല്‍കുക, അതിന് കഴിയാത്ത പക്ഷം നഷ്ടപരിഹാരം നല്‍കുക എന്ന അടിസ്ഥാനപരമായ ആശയത്തില്‍ നിന്നും പദ്ധതി പിന്നോട്ട് പോയിട്ടില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതികളിലൊന്നായിരുന്നുവെന്നതില് സംശയമില്ല. പ്രത്യേകിച്ച് ദരിദ്രവിഭാഗക്കാര്ക്കാണ് അത് ഏറ്റവും നേട്ടമായത്. ഒരു ജോലിയും ലഭിക്കാത്ത സാഹചര്യത്തില്‍ പോലും നിശ്ചിത വരുമാനം ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായമായി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആധുനികവല്‍ക്കരിച്ച മുഖമായിരിക്കും VB-G RAM G പദ്ധതി. കൂടുതല്‍ തൊഴില്‍ദിനങ്ങളും ഗ്രാമീണ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാകാനുള്ള അവസരവുമാണ് പുതിയ ബില്‍ മുന്നോട്ടുവെക്കുന്നത്.




