ഭൂമി വിവരങ്ങളുടെ സമഗ്രവും ഏകീകൃതവുമായ ഇലക്ട്രോണിക് ഡാറ്റാബേസ് രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉടമസ്ഥാവകാശം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ ഡാറ്റാബേസ് ആണ് പദ്ധതിയിടുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാക്കല്‍, തര്‍ക്കങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കല്‍, സുതാര്യത മെച്ചപ്പെടുത്തല്‍, റിസോഴ്സുകളുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവയെല്ലാമാണ് ഭൂവിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഭൂമി ഉള്‍പ്പടെ ഫാക്ടര്‍ മാര്‍ക്കറ്റുകളില്‍ (ചരക്കുകളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ വാങ്ങുകയും വില്‍ക്കുന്ന വിപണി) പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഭൂവിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം. അമേരിക്കയുടെ താരിഫ് വര്‍ധനയും മറ്റ് ബാഹ്യ സമ്മര്‍ദ്ദങ്ങളും സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പരിഷ്കാരങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
നിലവില്‍, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് ഒഴികെ രാജ്യത്തിന്റെ മിക്കയിടങ്ങളിലും നഗര ഭൂവിവരങ്ങള്‍ ലഭ്യമല്ല. നഗരങ്ങളിലെ ഭൂവിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി 160 നഗരങ്ങളില്‍ നക്ഷ പദ്ധതിക്ക് കീഴില്‍ ഒരു പ്രോജക്ട് കൊണ്ടുവന്നിരുന്നു. ആറ് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് ലാന്‍ഡ് റിസോഴ്സസ് സെക്രട്ടറി മനോജ് ജോഷിയെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിനുശേഷം മറ്റ് നഗരങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.
നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ ഭൂവിവരങ്ങള്‍ രേഖപ്പെടുത്തല്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലാണ്. മിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണ ഭൂവിവരങ്ങള്‍ അധികം വൈകാതെ തന്നെ ഡിജിറ്റല്‍വല്‍ക്കരിക്കും. നിലവില്‍, ലഭ്യമായ 99.8 ശതമാനം അതായത് 379.29 ദശലക്ഷം റൂറല്‍ ലാന്‍ഡ് റെക്കോര്‍ഡുകള്‍ ഡിജിറ്റല്വല്ക്കരിച്ചുവെന്നാണ് ലാന്‍ഡ് റിസോഴ്സ് ഡിപ്പാര്‍ട്മെന്റിന്റെ കണക്കുകള്‍. ഭൂമിയില്‍ കമ്മ്യൂണിറ്റി ഉടമസ്ഥാവകാശം നിലവിലുള്ളതിനാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മിക്ക ഭാഗങ്ങളിലും ഭൂവിവരങ്ങള്‍ ലഭ്യമല്ല.
2016-ല്‍ ലാന്‍ഡ് റിസോഴ്സ് വിഭാഗം ഡിജിറ്റല്‍ ഇന്ത്യ ഭൂവിവര ആധുനികവല്‍ക്കരണ പദ്ധതി പുനരാവിഷ്കരിച്ചിരുന്നു. പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ ഫണ്ടിംഗിലുള്ള ഈ പദ്ധതി സംസ്ഥാനങ്ങളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് 2025-26 വര്‍ഷം വരെ 875 കോടി രൂപ ധനമന്ത്രാലയം അനുവദിച്ചിട്ടുണ്ട്. എല്ലാ റവന്യൂകോടതികളും കംപ്യൂട്ടര്വല്ക്കരിക്കുക, അത് ഭൂവിവരങ്ങളുമായി ഏകീകരിക്കുക, സമ്മതം വാങ്ങിയുള്ള മുറയ്ക്ക് ഭൂമി അവകാശം അധാറുമായി ബന്ധപ്പെടുത്തുക എന്നീ കാര്യങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.