സഞ്ജയ് കപൂറിന്റെ മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. സഞ്ജയ് കപൂറിന്റെ മുന്‍ഭാര്യയും നടിയുമായ കരിഷ്മ കപൂറിന്റെ മക്കളായ കിയാനും സമരിയയും പിതാവിന്റെ സ്വത്തില്‍ അവകാശം തേടി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സോന കോംസ്റ്റാര്‍ ചെയര്‍മാനായിരുന്ന സഞ്ജയ് കപൂര്‍ മരിക്കുമ്പോള്‍ പ്രിയ സച്ച്ദേവ് ആയിരുന്നു ഭാര്യ. സഞ്ജയുടെ മൂന്നാം ഭാര്യയാണ് പ്രിയ. അവരില്‍ ഒരു മകനും ഉണ്ട്. ഭര്‍ത്താവിന്റെ മുഴുവന്‍ സ്വത്തിന്റെയും നിയന്ത്രണം കൈക്കലാക്കാന്‍ പ്രിയ സച്ച്ദേവ് സഞ്ജയ് കപൂറിന്റെ വില്‍പ്പത്രത്തില്‍ മാറ്റം വരുത്തിയെന്നാണ് കരിഷ്മയുടെ മക്കള്‍ ആരോപിക്കുന്നത്. പിതാവിന്റെ സ്വത്തിന്റെ പങ്ക് അവകാശപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
2025, ജൂണ്‍ 30ന് നടന്ന കുടുംബാംഗങ്ങളുടെ യോഗത്തിന് ഏഴാഴ്ചകള്‍ മുമ്പ് പ്രിയ സച്ച്ദേവും സഹായികളായ ദിനേശ് അഗര്‍വാളും നിതിന്‍ ശര്‍മ്മയും ഗൂഢാലോചന നടത്തി വില്‍പ്പത്രത്തില്‍ മാറ്റം വരുത്തിയെന്നതാണ് കരിഷ്മയുടെ മക്കളുടെ ആരോപണം. പിതാവിന്റേതായി സമര്‍പ്പിക്കപ്പെട്ട വില്‍പ്പത്രം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സാധുതയുള്ളതല്ലെന്നും കെട്ടിച്ചമച്ചതാണെന്നും കരിഷ്മയുടെ മക്കളുടെ ഹര്‍ജിയില്‍ പറയുന്നു. പിതാവിന്റെ സ്വത്തിന്റെ നിയമാനുസൃത അവകാശികളായി തങ്ങളെ പരിഗണിക്കണമെന്നും സ്വത്തിന്റെ അഞ്ചിലൊന്ന് ഭാഗം തങ്ങള്‍ക്ക് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിക്കുന്നുണ്ട്.
ജൂണ്‍ 12-ന് അവിചാരിതമായി പിതാവ് മരണപ്പെടുന്നത് വരെ അടുത്ത ബന്ധമാണ് പിതാവുമായി തങ്ങള്‍ക്കുണ്ടായിരുന്നതെന്നും ബിസിനസ്പരവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങളും തങ്ങളുമായി പങ്കിട്ടിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. മാത്രമല്ല, പിതാവിന്റെ മരണത്തിന് തൊട്ടുപിന്നാലെ വില്‍പ്പത്രം ഇല്ലെന്നും എല്ലാ സ്വത്തുക്കളും ആര് കെ കുടുംബ ട്രസ്റ്റിനാണെന്നും പറഞ്ഞിരുന്ന പ്രിയ സച്ച്ദേവ് പിന്നീട് മാര്‍ച്ച് 1 തീയതിയിലുള്ള ഒരു രേഖ വില്‍പ്പത്രമാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. ഇത് സംശയാസ്പദമാണെന്നും രേഖ കെട്ടിച്ചമച്ചതാണെന്ന സംശയം ഉളവാക്കുന്നതാണെന്നും കരിഷ്മ കപൂറിന്റെ മക്കള്‍ പറയുന്നു.




