- 30 മില്യണ്‍ ഉപയോക്താക്കളുമായി ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹോം സര്‍വീസസ് കമ്പനികളിലൊന്നായി ജിയോ മാറി
രാജ്യത്തെ കണക്റ്റിവിറ്റി വിപണിയില്‍ പരിവര്‍ത്തനാത്മകമായ പങ്കുവഹിക്കുകയാണ് ജിയോയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി.
റിലയന്‍സിന്റെ 47ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ജിയോയുടെ വമ്പന്‍ വളര്‍ച്ചയെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും അംബാനി വാചാലനായത്.
‘ജിയോയ്ക്ക് നന്ദി. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ വിപണിയായി മാറി,’അംബാനി പറഞ്ഞു. ‘നിലവില്‍ ആഗോള മൊബൈല്‍ ട്രാഫിക്കിന്റെ എട്ട് ശതമാനം സംഭാവന ചെയ്യുന്നത് ജിയോ ശൃംഖലയാണ്. വികസിത വിപണികളിലെ വന്‍കിട ആഗോള മൊബൈല്‍ സേവനദാതാക്കളെപ്പോലും കവച്ചുവെക്കുന്ന വളര്‍ച്ചയാണിത്,’ അംബാനി വ്യക്തമാക്കി.
കേവലം എട്ട് വര്‍ഷത്തിനുള്ളില്‍ ജിയോ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ കമ്പനിയായി മാറിയെന്നും അംബാനി പറഞ്ഞു.
30 ദശലക്ഷത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കളുള്ള, ആഗോളതലത്തില്‍ ഏറ്റവും വലിയ ഡിജിറ്റല്‍ ഹോം സേവന ദാതാക്കളില്‍ ഒന്നായി ജിയോ മാറി. ബിസിനസ്സ് ഉപയോക്താക്കളില്‍, ഇന്ത്യയിലെ ഒരു ദശലക്ഷത്തിലധികം ചെറുകിട ഇടത്തരം ബിസിനസുകള്‍ ജിയോയെ സ്വാംശീകരിച്ചുകഴിഞ്ഞു. രാജ്യത്തെ മികച്ച 5000 വന്‍കിട സംരംഭങ്ങളില്‍ 80 ശതമാനത്തിലേറെയും വിശ്വസ്ത പങ്കാളിയായതില്‍ ജിയോ അഭിമാനിക്കുന്നുവെന്നും അംബാനി പറഞ്ഞു.
5ജി ഫോണുകള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമായിത്തുടങ്ങിയതോടെ, ജിയോയുടെ നെറ്റ്വര്ക്കില് 5ജി സ്വീകരിക്കുന്നത് ത്വരിതപ്പെടുമെന്നും ഡാറ്റ ഉപഭോഗം വര്‍ദ്ധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കൂടുതല്‍ ഉപയോക്താക്കള്‍ 5ജിയിലേക്ക് മൈഗ്രേറ്റ് ചെയ്യുമ്പോള്‍, ഞങ്ങളുടെ 4ജി ശൃംഖലയും കൂടുതല്‍ വിപുലമാകുകയാണ്. ഇന്ത്യയിലെ 200 ദശലക്ഷത്തിലധികം 2ജി ഉപയോക്താക്കളെ ജിയോ 4ജി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി തങ്ങള്‍ തയാറായി നില്‍ക്കുകയാണെന്നും അംബാനി പറഞ്ഞു.