നൊമാഡുകളെ കുറിച്ച് കേട്ടിട്ടില്ലേ? ഒരിടത്തും സ്ഥിരമായി നില്‍ക്കാതെ, ഉപജീവനത്തിനായി നാടുകള്‍ കറങ്ങുന്ന ആളുകള്‍! ജീവിതം ആസ്വദിക്കുന്നതിനൊപ്പം വരുമാനവും നേടുന്ന ഈ നൊമാഡുകള്‍ക്ക് സമാനമായി ഡിജിറ്റല്‍ നൊമാഡ് വീസ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്. ഡിജിറ്റല്‍ രംഗത്ത് തൊഴില്‍ ചെയ്യുന്ന, വരുമാനത്തിനായി എവിടെ ഇരുന്നും തൊഴില്‍ ചെയ്യാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ജോലികളെ ആശ്രയിക്കുന്ന വ്യക്തികള്‍ക്കായാണ് ഡിജിറ്റല്‍ നൊമാഡ് വീസ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ജപ്പാന്റെ ഡിജിറ്റല്‍ നൊമാഡ് വീസ ലഭിക്കണമെങ്കില്‍ ഒരുകോടി ജാപ്പനീസ് യെന്‍ അതായത് 56 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള വ്യക്തിയായിരിക്കണം. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ഡിജിറ്റല്‍ നൊമാഡ് വീസ ആരംഭിക്കുമെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ പറയുന്നുത്. ജപ്പാന് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 49 രാജ്യങ്ങളില്‍ നിന്നുള്ള ഡിജിറ്റല്‍ നൊമാഡുകള്‍ വീസയ്ക്ക് അര്‍ഹരാണ്.
എന്നാല്‍ ഡിജിറ്റല്‍ നൊമാഡ് വീസ ലഭിക്കണം എങ്കില്‍ അപേക്ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. ഈ വീസയില്‍ പങ്കാളികള്‍ക്കും കുട്ടികള്‍ക്കും ജപ്പാനിലെത്താം. എന്നാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന റസിഡന്‍സ് കാര്‍ഡോ സര്‍ട്ടിഫിക്കറ്റോ കിട്ടില്ല.




