പ്ളാസ്റ്റിക്ക് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാന്‍ കഴിയുമോ?
പ്ലാസ്റ്റിക്ക് കീറി മുറിച്ച് അതിന് ശേഷം കൂട്ടിയോജിപ്പിച്ച് എങ്ങനെയാണ് റോഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് എന്ന് പഠിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. മികച്ച സമ്പ്രദായങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് സ്വച്ഛതാ കാംപെയ്നിലേക്ക് ബഹിരാകാശ വകുപ്പ് സജീവമായി സംഭാവന ചെയ്യുന്നതായി പ്രസ്താവിച്ചു കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇന്ത്യയുടെ സ്പേസ് പോര്‍ട്ടായ ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി – ഷാറിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുസ്ഥിരമായി ഉപയോഗിക്കുന്നു എന്നും ഐഎസ്ആര്‍ഒ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നമ്മുടെ ജീവിതത്തിലെ നിത്യോപയോഗ സാധനങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പ്ലാസ്റ്റിക്. ആഗോളതലത്തില്‍ 150 മില്യണ്‍ ടണ്ണിലധികം പ്ളാസ്റ്റിക്കുകള്‍ നിര്‍മ്മിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ബക്കറ്റുകള്‍, പാത്രങ്ങല്‍, കുപ്പികള്‍, ബാഗുകള്‍, മേശകള്‍, കയറുകള്‍, തുണിത്തരങ്ങള്‍, വ്യാവസായിക ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, സിറിഞ്ചുകള്‍, കവറുകള്‍ എന്നുവേണ്ട എന്ത് ആവശ്യമായാലും പ്ളാസ്റ്റിക്കിന് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ സ്ഥാനമാണുള്ളത്.
എന്നാല്‍ ഉപയോഗം കഴിഞ്ഞാല്‍ അവ പ്ളാസ്റ്റിക്ക് മാലിന്യമായി മാറുന്നു. പ്ലാസ്റ്റിക് റീസൈക്ളിംഗ് എങ്ങനെ ഭംഗിയായി നടത്താം എന്നതിനെക്കുറിച്ച് നിരവധി മാതൃകകളും നമ്മുടെ മുമ്പിലുണ്ട്. പ്ലാസ്റ്റിക് കത്തിക്കുകയാണെങ്കില്‍ അത് അന്തരീക്ഷ മലിനീകരണം പോലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്ലാസ്റ്റിക് പുനരുപയോഗത്തിന് ഇത്രയേറെ പ്രാധാന്യം ഉള്ളതും ഇതുകൊണ്ടാണ്.
സ്വച്ഛതാ ക്യാംപെയ്നിലേക്ക് ബഹിരാകാശ വകുപ്പിന്റെ ഏറ്റവും വിലയേറിയ സംഭാവനയാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാം എന്ന നൂതന ആശയം.