കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ ‘സല്യൂട്ട് കേരള 2024’ ബഹുമതികള്‍ പ്രഖ്യാപിച്ചു. സംരംഭകത്വ വികസനത്തില്‍ നാഴികക്കല്ലായ സംഭാവനകള്‍ നല്കിയ പത്ത് സംരംഭകര്‍ക്കാണ് അവാര്‍ഡ്. കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022-ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്.
ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്കാരത്തിന് ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനെ തിരഞ്ഞെടുത്തു. അദ്ദേഹം കേരളത്തിലെ വ്യവസായ വളര്‍ച്ചക്ക് നല്കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്കാരം. ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്., ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്., ഗോകുലം ഗോപാലന്, ഗോകുലം ഗ്രൂപ്പ്. വി കെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ് വെയര്‍, ഡോ. കെ വി ടോളിന് ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ്, കെ.മുരളീധരന്, മുരള്യ, എസ് എഫ് സി ഗ്രൂപ്പ്, വി കെ റസാഖ്- വികെസി ഗ്രൂപ്പ്, ഷീല കൊച്ചൗസേപ്പ്- വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ,പി കെ മായന്‍ മുഹമ്മദ്, വെസ്റ്റേണ്‍ പ്ലൈവുഡ്സ് ലിമിറ്റഡ്, ഡോ. എ വി അനൂപ്-എ വി എ മെഡിമിക്സ് ഗ്രൂപ്പ്, എന്നിവര്‍ക്കാണ് അംഗീകാരം നല്‍കുന്നത്.
നവംബര്‍ 26ന് കൊച്ചിയിലെ താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും.കേരളത്തെ നിക്ഷേപസൗഹൃമാക്കി മാറ്റുന്നതിന് വേണ്ടി തയാറാക്കിയ പുതിയ വ്യവസായിക നയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചടങ്ങില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള വിശിഷ്ട അതിഥികളും സംരംഭകരും ചടങ്ങിന്റെ ഭാഗമായി പങ്കെടുക്കുമെന്ന് ഇന്‍മെക്ക് ഭാരവാഹികള്‍ അറിയിച്ചു. ഇന്‍മെക്ക് ചെയര്മാന് ഡോ.എന്‍.എം. ഷറഫുദ്ദീന്, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്കുമാര്‍ മധുസൂദനന്, വൈസ് ചെയര്മാന് സിദ്ധീക്ക് അഹമ്മദ് (Chairman & Managing Director of Eram Holding ) എന്നിവരാണ് സംഘാടകരില്‍ മുന്നില്‍.