കുടുംബത്തെ കമ്പനിയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനത്തില്‍ ഇപ്പോള്‍ ഖേദിക്കുന്നെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. മറ്റ് സഹസ്ഥാപകരേക്കാള്‍ യോഗ്യതയുള്ളയാളാണെന്ന് അറിയാമായിട്ടും ഭാര്യയെ കമ്പനിയില്‍ ചേരാന്‍ താന്‍ ഒരിക്കലും അനുവദിച്ചില്ലെന്ന് മൂര്‍ത്തി പറയുന്നു. 1981 ല്‍ ഭാര്യ സുധ മൂര്‍ത്തിയില്‍ നിന്ന് 10,000 രൂപ കടം വാങ്ങിയാണ് മൂര്‍ത്തി ഇന്‍ഫോസിസ് സഹസ്ഥാപകനായതെന്നത് ശ്രദ്ധേയമാണ്.
‘നല്ല കോര്‍പ്പറേറ്റ് ഭരണം എന്നാല്‍ കുടുംബത്തെ അതിലേക്ക് കൊണ്ടുവരികയല്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. കാരണം അക്കാലത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളില്‍ എല്ലാത്തരം കുട്ടികളും വന്ന് ഇടപെടുമായിരുന്നു. എല്ലാ നിയമങ്ങളുടെയും ലംഘനങ്ങള്‍ ഉണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലോകത്തെ ഏറ്റവും പ്രശസ്തമായ രണ്ട് സര്‍വകലാശാലകളില്‍ നിന്നുള്ള രണ്ട് തത്ത്വശാസ്ത്ര പ്രൊഫസര്‍മാരുമായി താന്‍ ഒരു നീണ്ട ചര്‍ച്ച നടത്തിയെന്ന് മുതിര്‍ന്ന സംരംഭകന് പറഞ്ഞു. അവരാണ് തന്റെ തെറ്റ് ചൂണ്ടിക്കാട്ടിയത്.
‘മിസ്റ്റര്‍ മൂര്‍ത്തി, നിങ്ങള്‍ക്ക് തെറ്റ് പറ്റി. നിങ്ങളുടെ ഭാര്യയോ മകനോ മകളോ ആകട്ടെ, ആ വ്യക്തിക്ക് യോഗ്യതയുണ്ടെങ്കില്‍, സാധാരണ നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്നിടത്തോളം, ആ വ്യക്തിയെ ബിസിനസിന്റെ ഭാഗമാകുന്നതില്‍ നിന്ന് തടയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല,’ എന്നാണ് അവര്‍ പറഞ്ഞതെന്നും നാരായണമൂര്‍ത്തി പറഞ്ഞു. ഇപ്പോള്‍ തനിക്ക് തെറ്റ് പറ്റിയെന്ന് അംഗീകരിക്കുന്നതായും മുതിര്‍ന്ന ടെക് സംരംഭകന് പറഞ്ഞു.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജൂനിയര്‍ ഫെലോയായ മകന് രോഹന് മൂര്‍ത്തി ഇന്‍ഫോസിസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് നാളെ പറയുമോ എന്ന ചോദ്യത്തിന് മൂര്‍ത്തിയുടെ ഉത്തരം ‘അവന് എന്നെക്കാള്‍ കര്‍ക്കശക്കാരനാണ്, അവന് ഒരിക്കലും ഇത് പറയില്ല.’ എന്നായിരുന്നു.
താന്‍ ഇനി ഇന്‍ഫോസിസില്‍ ഒരു പങ്കും വഹിക്കില്ലെന്നും ഒരു ഓഹരി ഉടമ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. നന്ദന് നിലേകനി ചുമതലയേറ്റ 2017 ആഗസ്റ്റ് മാസത്തിന് ശേഷം ഇന്‍ഫോസിസിലെ ഒരു വിഷയവും തന്നോട് കൂടിയാലോചിച്ചിട്ടില്ല. ഏറ്റവും വലിയ ഓഹരി ഉടമ കുടുംബം എന്നതിലുപരി, ഇന്‍ഫോസിസുമായി മറ്റൊരു ബന്ധവും ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
1981 മുതല്‍ 2002 വരെ 21 വര്‍ഷക്കാലം ഇന്‍ഫോസിസിന്റെ സിഇഒ ആയി നാരായണമൂര്‍ത്തി സേവനമനുഷ്ഠിച്ചു. 2002 മുതല്‍ 2006 വരെ അദ്ദേഹം ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു. 2011 ഓഗസ്റ്റില്‍ മൂര്‍ത്തി സ്ഥാപനത്തില്‍ നിന്ന് വിരമിച്ചു. കമ്പനി അദ്ദേഹത്തിന് ചെയര്മാന് എമിരിറ്റസ് പദവി നല്കി. എന്നിരുന്നാലും, 2013 ജൂണില്‍ മൂര്‍ത്തിയെ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു. ഇക്കാലത്ത് മൂര്‍ത്തിയുടെ മകന് രോഹന് അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.