ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് സംശുദ്ധ ഊര്‍ജ്ജത്തിലേക്ക് ഇന്ത്യ മാറുമ്പോള്‍ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 73,800 തൊഴിലുകള്‍ നഷ്ടമാകുമെന്ന് ഗ്ലോബല്‍ എനര്‍ജി മോണിറ്റര്‍ (ജിഇഎം) പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സംശുദ്ധ ഊര്‍ജ്ജ സ്രോതസുകളിലേക്ക് മാറാനായുള്ള തയാറെടുപ്പിലാണ്. ലോകമെമ്പാടും ദശലക്ഷത്തോളം ജോലികള്‍ 2050 ആകുമ്പോഴേക്കും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യക്ക് പുറമെ, ചൈനയിലും നൂറ്റാണ്ടിന്റെ പകുതി ആകുമ്പോഴേക്കും 2,41,900 ജോലികള്‍ നഷ്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി വ്യവസായം ചൈനയുടേതാണ്. ഏകദേശം 1.5 ദശലക്ഷം പേരാണ് ചൈനയിലെ കല്‍ക്കരി മേഖലയില്‍ ജോലി ചെയ്യുന്നത്.
ലോകത്ത് ഏറ്റവുമധികം കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഔപചാരിക കണക്കുള്‍ പ്രകാരം ഇന്ത്യന്‍ കല്‍ക്കരി വ്യവസായവുമായി ബന്ധപ്പെട്ട് 3,37,400 പേരാണ് തൊഴിലെടുക്കുന്നത്.
ജിഇഎം റിപ്പോര്‍ട്ടുകള്‍ പറയുന്നത്, 2050 ആകുമ്പോഴേക്കും ഹരിത ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തില്‍ ഏറ്റവും പ്രതിസന്ധി നേരിടാന്‍ പോകുന്നത് കോള്‍ ഇന്ത്യയാണെന്നാണ്. 2035 ആകുമ്പോഴേക്കും 4,14,200 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം എന്നാണ് കണക്കുകള്‍ പറയുന്നത്. അതായത് ദിവസത്തില്‍ ഖനന മേഖലയിലെ 100 തൊഴിലാളികളെ ബാധിക്കുന്നതാണ് വിഷയം.