ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ (എസ്ഡിജി) ആദ്യത്തെ 100 രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി സ്ഥാനം നേടി ഇന്ത്യ. യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്കോര്‍ നേടി ഇന്ത്യ 99ാം സ്ഥാനത്തെത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്ഥിരമായ ഉയര്‍ച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നത്. 2024 ല്‍ 109ാം സ്ഥാനത്തും 2023 ല്‍ 112ാം സ്ഥാനത്തും 2022 ല്‍ 121ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ.
74.4 സ്കോറുമായി ചൈന 49ാം സ്ഥാനത്തും 75.2 പോയിന്റുമായി യുഎസ് 44ാം സ്ഥാനത്തുമുണ്ട്. ഇന്ത്യയുടെ അയല്‍ക്കാരില്‍, ഭൂട്ടാന് 70.5 പോയിന്റുമായി 74ാം സ്ഥാനത്തും, നേപ്പാള്‍ 68.6 പോയിന്റുമായി 85ാം സ്ഥാനത്തും, ബംഗ്ലാദേശ് 63.9 പോയിന്റുമായി 114ാം സ്ഥാനത്തും, പാകിസ്ഥാന് 57 പോയിന്റുമായി 140ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ സമുദ്ര അയല്‍ക്കാരായ മാലിദ്വീപും ശ്രീലങ്കയും യഥാക്രമം 53ാം സ്ഥാനവും 93ാം സ്ഥാനവും നേടി.
2030 ആകുമ്പോഴേക്കും ആഗോള വികസനത്തില്‍ ആരും പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യുഎന്‍ അംഗീകരിച്ചത്. 0 മുതല്‍ 100 വരെയുള്ള സ്കെയിലിലാണ് രാജ്യങ്ങള്‍ക്ക് സ്കോര്‍ നല്‍കുന്നത്. 17 ലക്ഷ്യങ്ങളും പൂര്‍ണ്ണമായും നേടിയാല്‍ 100 പോയന്റ് ലഭിക്കും.
യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് നോര്‍ഡിക് രാജ്യങ്ങള്‍ റാങ്കിംഗില്‍ മുന്നില്‍ തുടരുന്നു. സൂചികയില്‍ ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തും, സ്വീഡനും ഡെന്മാര്ക്കും തൊട്ടുപിന്നിലുമുണ്ട്. മികച്ച 20 രാജ്യങ്ങളില്‍ പത്തൊന്‍പത് എണ്ണം യൂറോപ്പിലാണ്. എന്നിരുന്നാലും, ഈ ഉയര്‍ന്ന റാങ്കിലുള്ള രാജ്യങ്ങള്‍ പോലും സുസ്ഥിരമല്ലാത്ത ഉപഭോഗം കാരണം കാലാവസ്ഥ, ജൈവവൈവിധ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.