ന്യൂഡെല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് ക്ഷ പിടിച്ച മട്ടാണ്. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ നേരത്തെ ഫ്രാന്‍സിലെ ദസോ ഏവിയേഷനില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. വ്യോമ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിക്കാന്‍ ഇത് ഇടയാക്കി. റഷ്യയില്‍ നിന്ന് വാങ്ങിയ പറക്കുന്ന ശവപ്പെട്ടികള്‍ എന്നറിയപ്പെടുന്ന കാലപ്പഴക്കം ചെന്ന മിഗ് വിമാനങ്ങളില്‍ നിന്ന് അങ്ങനെ ഒരു മോചനം. കൂടുതല്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ തയാറെടുക്കുകയാണ് ഇപ്പോള്‍ ഇന്ത്യ.

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി 26 റാഫേല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിടുക. സിംഗിള്‍ സീറ്റുള്ള 22 റഫേല്‍ മറൈന്‍ വിമാനങ്ങളും ഇരട്ട സീറ്റുകളുള്ള നാല് പരിശീലന വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ മിഗ്-29 യുദ്ധവിമാനങ്ങളാണ് ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ യുദ്ധക്കപ്പലുകളില്‍ ഇന്ത്യന്‍ നാവികസേന ഉപയോഗിക്കുന്നത്. ഇവയ്ക്ക് പകരം റഫേല്‍ വിമാനങ്ങള്‍ വരും. കടലിലെ കണ്ണിന് കരുത്തു കൂട്ടുകയാണ് ഇന്ത്യ.
ഒപ്പം ഇന്ത്യന്‍ നാവികസേനയ്ക്കായി മൂന്ന് സ്കോപീന്‍ ക്ലാസ് അന്തര്‍വാഹിനികളും ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങും. ഏകദേശം 90,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് തിരിച്ചിട്ടുണ്ട്. പാരീസില്‍ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായും പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായും പ്രധാനമന്ത്രി മോദി ചര്‍ച്ചകള്‍ നടത്തും. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും ഇത്തവണ മുഖ്യാതിഥി ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.