സെപ്റ്റംബര്‍ ഒന്നുമുതല്‍ വടക്കേ ഇന്ത്യയിലെ ബജാജ് അലിയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി ഉപഭോക്താക്കള്‍ക്ക് ക്യാഷ്ലെസ് ചികിത്സാ സൗകര്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആശുപത്രികളുടെ തീരുമാനം. ഇത് സംബന്ധിച്ച് ഇന്ത്യയിലെ ആരോഗ്യസേവന ദാതാക്കളുടെ സംഘടന അംഗങ്ങളായ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്കി. ആയിരക്കണക്കിന് പോളിസിയുടമകളെ ബാധിക്കുന്നതാണ് തീരുമാനം.
മാക്സ് ഹെല്‍ത്ത്കെയര്‍, മെഡാന്റ് ഉള്‍പ്പടെ 15,000ത്തോളം ആശുപത്രികള്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ആശുപത്രി ചിലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോളിസിയുടമകളായ രോഗികള്‍ക്ക് നല്കുന്ന ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്കുന്ന ചികിത്സാതുക പുതുക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മതിയായ ചികിത്സാച്ചിലവ് നല്‍കുന്നതിന് പകരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അംഗീകരിച്ച, കാലഹരണപ്പെട്ട കരാറുകളെ ചൊല്ലി താരിഫ് കുറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണവും ആശുപത്രി അസോസിയേഷന് ഉന്നയിക്കുന്നു. പേയ്മെന്റ് വൈകല്‍, ദൈര്‍ഘ്യമേറിയ നടപടിക്രമങ്ങള്‍, ഡിസ്ചാര്‍ജിന് മുന്‍കൂട്ടിയുള്ള അനുമതി വാങ്ങല്‍ തുടങ്ങിയ പ്രശ്നങ്ങളും ആശുപത്രികള്‍ ഉന്നയിക്കുന്നുണ്ട്.
മരുന്നുകള്‍, ജീവനക്കാര്‍, സൗകര്യങ്ങള്‍ എന്നിവയടക്കമുള്ള ചിലവുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിവര്‍ഷം 7-8 ശതമാനം ആശുപത്രി ചിലവുകള്‍ വര്‍ധിക്കുന്നുണ്ട്. പഴയ നിരക്കില്‍ ചികിത്സ തുടരുന്നത് സുസ്ഥിരമല്ലെന്ന് അസോസിയേഷന് വാദിക്കുന്നു. രോഗികള്‍ ബില്‍ അടയ്ക്കുകയും ശേഷം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ആ തുക മടക്കി വാങ്ങിക്കുകയും ചെയ്യുന്ന രീതിയില്‍ ബജാജ് അലിയന്‍സ് ഇന്‍ഷുറന്‍സ് ഉടമകള്‍ക്ക് ചികിത്സ തുടരുമെന്നും അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്. കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ കാര്യത്തിലും സമാന നിലപാട് എടുക്കാനുള്ള ഒരുക്കത്തിലാണ് അസോസിയേഷന്.




