വിദേശികള്‍ക്ക് പൗരത്വം നേടുന്നതിന് കൂടുതല്‍ കടമ്പകളുമായി യുഎസ്. പൗരത്വം നല്‍കുന്നതിന് മുമ്പായി അമേരിക്കന്‍ മൂല്യങ്ങളുമായി ഒത്തുപോകുന്നവരാണെന്നും എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയവരാണെന്നും ഉറപ്പാക്കുന്നതിന് പുതിയ നടപടിക്രമങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് രാജ്യം. അതിലൊന്നാണ് 2025 ന്യൂട്രലൈസേഷന് സിവിക്സ് ടെസ്റ്റ്.
2025 ഒക്ടോബര്‍ 20നോ അതിന് ശേഷമോ ന്യൂട്രലൈസേഷനുള്ള അപേക്ഷയായ N-400 സമര്‍പ്പിക്കുന്നവര്‍ക്ക് യുഎസ്സിഐഎസ്, 2025 ന്യൂട്രലൈസേഷന് സിവിക്സ് ടെസ്റ്റ് നടത്തും. 20 ചോദ്യങ്ങള്‍ അടങ്ങിയ വാചിക പരീക്ഷയായിരിക്കും സിവിക്സ് ടെസ്റ്റ്. 128 ചോദ്യറങ്ങള് അടങ്ങിയ പട്ടികയില്‍ നിന്നുമാണ് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക. 20-ല്‍ 9 ചോദ്യങ്ങള്‍ക്ക് തെറ്റുത്തരം പറഞ്ഞാല്‍ അവര്‍ പരീക്ഷയില്‍ പരാജയപ്പെടും. 12 ഉത്തരങ്ങള്‍ ശരിയായി പറഞ്ഞാലോ, 9 ഉത്തരങ്ങള്‍ തെറ്റായി പറഞ്ഞാലോ ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കും.
ഗ്രീന്‍കാര്‍ഡ് കൈവശമുള്ളവരും മറ്റ് വിദേശികളും അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ ഇനി 2025 ന്യൂട്രലൈസേഷന് സിവിക്സ് പരീക്ഷയ്ക്ക് വിധേയരാകേണ്ടിവരും. ഗ്രീന്‍ കാര്‍ഡ് ഉടമകളെ നിയമപ്രകാരമുള്ള സ്ഥിരം താമസക്കാര്‍ (LPRs) എന്നും വിളിക്കുന്നു. ഇവര്‍ക്ക് ന്യൂട്രലൈസേഷന് വഴി പൗരത്വം നേടാം. യുഎസ് കോണ്‍ഗ്രസ്സും ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടും പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന, വിദേശത്ത് നിന്നും കുടിയേറിയവര്‍ക്ക് ന്യൂട്രലൈസേഷനിലൂടെ അമേരിക്കയില്‍ സ്ഥിരതാമസം നടത്താം.
എന്താണ് 2025 ന്യൂട്രലൈസേഷന് സിവിക്സ് ടെസ്റ്റ്
അമേരിക്കയുടെ ചരിത്രവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും രീതികളും അറിയുമോ എന്ന് പരിശോധിക്കുന്നതിനുള്ള പരീക്ഷയാണിത്. ന്യൂട്രലൈസേഷന് പ്രക്രിയയുടെ ആധികാരികത തിരിച്ചുപിടിക്കുക എന്നതാണ് ഈ ടെസ്റ്റിന്റെ ലക്ഷ്യം. ന്യൂട്രലൈസേഷനിലൂടെ വിദേശികള്‍ക്ക് അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമാകാം. പക്ഷേ മറ്റ് പൗരന്മാരെ പോലെ എല്ലാ ഉത്തരവാദിത്തങ്ങളും നിയമങ്ങളും പാലിക്കുകയും അവയെ ബഹുമാനിക്കുകയും വേണം. ഇംഗ്ലീഷ് പരിജ്ഞാനവും അമേരിക്കന്‍ സര്‍ക്കാരിനെ കുറിച്ചുള്ള അറിവും സിവിക്സും അറിയുന്നവര്‍ക്ക് പൗരനാകാനുള്ള അഴസരമാണിത്.




