സ്വര്‍ണ കള്ളക്കടത്ത് തടയാന്‍ ലിക്വിഡ് ഗോള്‍ഡ് അഥവാ ദ്രാവക സ്വര്‍ണത്തിന്റെയും സ്വര്‍ണം ചേര്‍ന്ന ലോഹ സങ്കരങ്ങളുടെയും ഇറക്കുമതിക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ. പല്ലേഡിയം, റോഡിയം, ഇറിഡിയം എന്നിവയുള്‍പ്പെടെ 1% ല്‍ കൂടുതല്‍ സ്വര്‍ണ്ണം അടങ്ങിയ ദ്രാവക സ്വര്‍ണ്ണത്തിന്റെയും ലോഹസങ്കരങ്ങളുടെയും ഇറക്കുമതിക്കാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി) ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. പ്രത്യേക അനുമതിയില്ലാതെ കുറഞ്ഞ നിരക്കിലാണ് ഇവ ഇതുവരെ ഇറക്കുമതി ചെയ്തിരുന്നത്. അനധികൃത സ്വര്‍ണ്ണ ഇറക്കുമതി തടയാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം ചില സ്വര്‍ണ്ണ സംയുക്തങ്ങള്‍ക്കും കൊളോയിഡുകള്‍ക്കും ബാധകമാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2025 മെയ് മാസത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12.6% കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മറ്റ് ലോഹ ഇറക്കുമതികളുടെ മറവില്‍ സ്വര്‍ണ്ണം കടത്തുന്നതിനാലാണ് ലോഹ രൂപത്തിലുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി കുറഞ്ഞത്. സ്വര്‍ണത്തിന്റെ നാനോ പാര്‍ട്ടിക്കിളുകള്‍ കലര്‍ത്തിയ ഇത്തരം ലിക്വിഡുകളിലൂടെ നടത്തുന്ന കള്ളക്കടത്ത് കണ്ടുപിടിക്കാന്‍ വിഷമമാണ്. സ്വര്‍ണ ഇറക്കുമതിയിലെ പഴുതുകള്‍ പുതിയ നടപടികളിലൂടെ അടയ്ക്കാനാവുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
തായ്ലന്ഡ്, ജപ്പാന്, ഓസ്ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതലായും ലിക്വിഡ് ഗോള്‍ഡ് ഇറക്കുമതി നടക്കുന്നത്. ഇതില്‍ തന്നെ തായ്ലന്ഡില് നിന്നാണ് കൂടുതലും ഇറക്കുമതി. പ്രതിവര്‍ഷം ശരാശരി 1000 കോടി രൂപയുടെ നികുതി നഷ്ടം സര്‍ക്കാരിന് ഇതിലൂടെ ഉണ്ടാകുന്നുണ്ടെന്നാണ് അനുമനിക്കപ്പെടുന്നത്.