ഇന്ത്യന്‍ ഓഹരികള്‍ അപ്ഗ്രേഡ് ചെയ്ത് അമേരിക്കന്‍ ബഹുരാഷ്ട്ര ധനകാര്യ സേവന കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സ്. വിപണിയുടെ തന്ത്രപരമായ ആകര്‍ഷണം, ആരോഗ്യകരമായ ത്രൈമാസ ഫലങ്ങള്‍, ശക്തമായ വളര്‍ച്ചാ സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.
തിമോത്തി മോ ഉള്‍പ്പെടെയുള്ള ഗോള്‍ഡ്മാന്‍ സാക്സ് വിദഗ്ധരുടെ അഭിപ്രായത്തില്‍, ഏഷ്യന്‍ വിപണികളില്‍ ഏറ്റവും ദീര്‍ഘകാല വളര്‍ച്ചാ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ഇന്ത്യയാണ്. ശക്തമായ ആഭ്യന്തര കേന്ദ്രീകൃത വളര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരികള്‍ക്ക് തന്ത്രപരമായ ആകര്‍ഷകത്വം നല്‍കുന്നത്.
മേക്ക്-ഇന്‍-ഇന്ത്യ, ലാര്‍ജ് ക്യാപ് കോമ്പൗണ്ടറുകള്, മിഡ്-ക്യാപ് മള്‍ട്ടിബാഗറുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിക്ഷേപക തീമുകള്‍ ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് നല്‍കുന്നതായി ഗോള്‍ഡ്മാന്‍ നിരീക്ഷിക്കുന്നു. ഗോള്‍ഡ്മാന്‍ സാക്സ് നടത്തിയ ഇന്ത്യന്‍ ഓഹരികളുടെ അപ്ഗ്രേഡ്, രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതയെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നതാണ്. പ്രത്യേകിച്ചും പല പ്രധാന സമ്പദ്വ്യവസ്ഥകളും വിവിധ വെല്ലുവിളികളുമായി പോരാടുന്ന സമയത്ത്.
ഗോള്‍ഡ്മാന്‍ സാക്സ് മാത്രമല്ല, മറ്റ് നിരവധി പ്രമുഖ ആഗോള ബ്രോക്കറേജുകളും നിക്ഷേപ ബാങ്കുകളും ഇന്ത്യയുടെ വിപണികളെക്കുറിച്ചും വിശാലമായ സമ്പദ്വ്യവസ്ഥയെക്കുറിച്ചും നല്ല കാഴ്ചപ്പാടുകള്‍ പങ്കിടുന്നുണ്ട്.
ഇതിനു വിപരീതമായി, സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതിനാല്‍ ചൈന ഈ വര്‍ഷം ഒന്നിലധികം തരംതാഴ്ത്തലുകള്‍ നേരിട്ടു. ദുര്‍ബലമായ വരുമാന വളര്‍ച്ചയും മറ്റ് ഘടകങ്ങളും ചൂണ്ടിക്കാട്ടി ഗോള്‍ഡ്മാന്‍ സാക്സ് ഹോങ്കോങ്ങില്‍ ലിസ്റ്റ് ചെയ്ത ചൈനീസ് കമ്പനികളെ മാര്‍ക്കറ്റ് വെയ്റ്റിലേക്ക് തരംതാഴ്ത്തി.
ഓഗസ്റ്റില്‍, എംഎസ്സിഐ ചൈന സൂചികയിലെ ഷെയറുകളുടെ വാര്‍ഷിക വളര്‍ച്ചാ കണക്ക് 14 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി താഴ്ത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ചൈനീസ് സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞു.