രാജ്യം സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിച്ച മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന. 1991 മുതല്‍ 1996 വരെയുള്ള കാലയളവിലാണ് ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി റാവു സേവനമനുഷ്ഠിച്ചത്. ഉദാരവല്‍ക്കരണത്തിന്റെ പാതയിലേക്ക് ഇന്ത്യയെ ആനയിച്ചത് റാവുവിന്റെ സര്‍ക്കാരായിരുന്നു. സധൈര്യം പി വി നരസിംഹറാവു കൈക്കൊണ്ട നടപടികള്‍ ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് കരുത്തോടെ മുന്നേറാന്‍ ഇന്ത്യക്ക് സഹായകമായി. ഇടതുപക്ഷത്ത് നിന്നുള്ള എതിര്‍പ്പുകളെ അതിജീവിച്ചാണ് റാവു ഈ നിര്‍ണായക തീരുമാനങ്ങളുമായി മുന്നോട്ടുപോയത്. അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനത്തിന്റെ ഫലങ്ങള്‍ കൂടിയാണ് വികസ്വര ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്.
ആരായിരുന്നു റാവു എന്നതിനേക്കാള്‍ എളുപ്പമാണ് ആരല്ലായിരുന്നു റാവു എന്ന ചോദ്യം. രാഷ്ട്രീയക്കാരന് മാത്രമല്ല ഒരു സമ്പൂര്‍ണ പണ്ഡിതനായിരുന്നു അദ്ദേഹം. മാതൃഭാഷയായ തെലുങ്കിന് പുറമെ ഉറുദു, സംസ്കൃതം, തമിഴ്, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി ഏഴ് ഭാഷകള്‍ സംസാരിക്കാനറിയുന്ന ബഹുഭാഷാ പണ്ഡിതന്. അഭിഭാഷകന്, മികച്ച വാഗ്മി, സാഹിത്യകാരന് എന്ന നിലയിലും തിളങ്ങിയ വ്യക്തിത്വം.
അദ്ദേഹത്തിന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്നിങ്ങനെ സുപ്രധാന പദവികള്‍ വഹിച്ചു. 1991 ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം റാവു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി. പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍വിജയം നേടിയതോടെ അദ്ദേഹം പ്രധാനമന്ത്രിയായി.
ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയുടെ നെല്ലിപ്പലക മുഖാമുഖം കണ്ട കാലമായിരുന്നു അത്. നാല് പതിറ്റാണ്ട് കാലമായി ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം പിന്തുടര്‍ന്ന നയങ്ങള്‍ ആഗോളവല്ക്കരണത്തെ കണ്ട് പകച്ചു നിന്നു
രാജ്യത്ത് നിരവധി സാമ്പത്തിക പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതിന്, പ്രത്യേകിച്ച് ലൈസന്‍സ് രാജ് ഇല്ലാതാക്കിയതിന് റാവു ബഹുമാനിക്കപ്പെടുന്നു. ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയുടെ നെല്ലിപ്പലക മുഖാമുഖം കണ്ട കാലമായിരുന്നു അത്. നാല് പതിറ്റാണ്ട് കാലമായി ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം പിന്തുടര്‍ന്ന നയങ്ങള്‍ ആഗോളവല്ക്കരണത്തെ കണ്ട് പകച്ചു നിന്നു. അധികാരമേറ്റ ഉടന്‍ തന്നെ നിരവധി സാമ്പത്തിക പരിഷ്കാരങ്ങള്‍ റാവുവിന്റെ സര്‍ക്കാര്‍ ആരംഭിച്ചു. ഡോ. മന്മോഹന് സിംഗായിരുന്നു റാവുവിന്റെ വലംകൈയായ ധനമന്ത്രി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ പിന്തുടര്ന്നു വന്നിരുന്ന സോഷ്യലിസ്റ്റ് നയങ്ങളില്‍ റാവു സധൈര്യം തിരുത്തലുകള്‍ വരുത്തി.
റാവുവിന്റെ കാലത്താണ് രാമജന്മഭൂമി പ്രക്ഷോഭം കൊടുമ്പിരികൊണ്ടതും ബാബ്റി മസ്ജിദ് തകര്‍ക്കപ്പെടുന്നതും. 1996 ല്‍ അധികാരം നഷ്ടപ്പെട്ട ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അത്ര ഭദ്രമായിരുന്നില്ല റാവുവിന്റെ നില. 2004ല്‍ 83-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ച വാഹനം ഡെല്‍ഹി എഐസിസി ആസ്ഥാനത്തെ ഗേറ്റിന് മുമ്പില്‍ ഏറെനേരം കാത്തുകിടന്നെങ്കിലും ആ ഗേറ്റുകള്‍ തുറക്കപ്പെട്ടില്ല. റാവുവിന്റെ ലെഗസി ഒരിക്കലും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയുമില്ല.
എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളാല്‍ ആദരിക്കപ്പെടുകയാണ് ഇന്ത്യയെ ലോകത്തോട് കിടപിടിക്കാന്‍ വഴിതെളിച്ചിട്ട പ്രധാനമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഈ പ്രഖ്യാപനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. പ്രത്യേകിച്ച് ആന്ധ്ര-തെലങ്കാന മേഖലയില്‍. മരണാനന്തരമാണെങ്കിലും അദ്ദേഹം അര്‍ഹിച്ച ഭാരതരത്ന റാവുവിനെ തേടിയെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതിലും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ പാകുന്നതിലും നിര്‍ണായക പങ്കുവഹിച്ചെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചത്.