2026 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5% ല്‍ നിന്ന് 6.9 ശതമാനത്തിലേക്ക് ഉയര്‍ത്തി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്സ്. അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളും ശക്തമായ ആഭ്യന്തര ഡിമാന്‍ഡുമാണ് വളര്‍ച്ചാ അനുമാനം ഉയര്‍ത്താനുള്ള കാരണമായി ഫിച്ച് പറയുന്നത്. ഇന്ത്യ ഒരു ചത്ത സമ്പദ് വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഫിച്ച് ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാന ഘടകങ്ങള്‍ ശക്തമെന്ന് സൂചിപ്പിക്കുന്നത്. നേരത്തെ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘ബിബിബി-‘ എന്ന ശക്തമായ നിലവാരത്തില്‍ ഫിച്ച് നിലനിര്‍ത്തിയിരുന്നു.
ഡിമാന്‍ഡും വളര്‍ച്ചയും ഉയരും
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി, പ്രതീക്ഷകളെ കവച്ചുവെച്ച് 7.8% വളര്‍ന്നിരുന്നു. രണ്ടാം പാദത്തിലും മെച്ചപ്പെട്ട വളര്‍ച്ചയാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്. ഉത്സവ സീസണിന് തൊട്ടുമുമ്പ് ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) സര്‍ക്കാര്‍ വരുത്തിയ പരിഷ്കരണങ്ങള്‍ ഡിമാന്‍ഡും അതിലൂടെ വളര്‍ച്ചയും ഉയര്‍ത്തുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ച ആഭ്യന്തര ഡിമാന്‍ഡിനെ വളരെയധികം ആശ്രയിക്കുന്നതായി ഏജന്‍സി നിരീക്ഷിച്ചു.
താരിഫ് അപകടം
പോസിറ്റീവ് വളര്‍ച്ച ഉണ്ടെങ്കിലും, ആഗോള വ്യാപാര ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം അപകടസാധ്യതകളുണ്ടാക്കുമെന്ന് ഫിച്ച് ചൂണ്ടിക്കാട്ടി. അടുത്തിടെ ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ അമേരിക്ക 25% അധിക തീരുവ ചുമത്തിയിരുന്നു. താരിഫുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ സമയബന്ധിതമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ അനിശ്ചിതത്വം ബിസിനസ്സ് വികാരത്തെ തളര്‍ത്തുമെന്നും നിക്ഷേപ തീരുമാനങ്ങളെ ബാധിക്കുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്കി.
വളര്‍ച്ചക്ക് ഭീഷണി
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും വരും മാസങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വളര്‍ച്ച 6.3% ആയി കുറയുമെന്നും അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 6.2% ആയി കുറയുമെന്നും ഏജന്‍സി പ്രവചിക്കുന്നു. എന്നാല്‍ ആഗോള ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് അത്ര വലിയ ഇടിവല്ല.
പണപ്പെരുപ്പം നിയന്ത്രണത്തില്‍
ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ 1.6% എന്ന താഴ്ന്ന നിലയിലെത്തി. 2017 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഭക്ഷ്യ സാധനങ്ങളുടെ കുറഞ്ഞ വിലയും ശരാശരിക്ക് മുകളിലുള്ള മണ്‍സൂണുമാണ് ഇതിന് പ്രധാന കാരണം. അടിസ്ഥാന പണപ്പെരുപ്പം ആറ് മാസത്തിനിടെ ആദ്യമായി 4% ത്തില്‍ താഴെയായി.
പലിശ വീണ്ടും കുറയും
വര്ഷാവസാനത്തേടെ പ്രധാന പലിശനിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് നിലവിലെ സാമ്പത്തിക അന്തരീക്ഷത്തോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രതികരിക്കുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പവും വളര്‍ച്ചാ പ്രവണതകളും അനുസരിച്ച് 2027 മുതല്‍ ആര്‍ബിഐ പണനയം കര്‍ശനമാക്കാന്‍ തുടങ്ങുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു.




