2038 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും ജിഡിപി 34.2 ട്രില്യണ്‍ ഡോളറായി ഉയരുമെന്നും ആഗോള ഓഡിറ്റിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യംഗ്. നിലവില്‍ 4 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. ഇപ്പോഴത്തെ വളര്‍ച്ച തുടര്‍ന്നാല്‍ 13 വര്‍ഷം കൊണ്ട് ജിഡിപിയില്‍ എട്ടിരട്ടിയിലേറെ വര്‍ധനവാണ് ഇവൈ കണക്കുകൂട്ടുന്നത്.
താരിഫ് ആഘാതത്തെ ഇന്ത്യക്ക് ചെറുക്കാം
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ 50% ഉയര്‍ന്ന താരിഫിന്റെ ആഘാതത്തെ മതിയായ പ്രതിരോധ നടപടി സ്വീകരിച്ചാല്‍ ഇന്ത്യക്ക് മറികടക്കാനാകുമെന്ന് ഇവൈ നിരീക്ഷിക്കുന്നു. താരിഫുകള്‍ ഇന്ത്യയുടെ ജിഡിപിയില്‍ ഏകദേശം 0.9% ആഘാതമുണ്ടാക്കുമെന്ന് ഇവൈ കണക്കാക്കുന്നു. എന്നാല്‍ കയറ്റുമതി വൈവിധ്യവല്‍ക്കരണം, ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, വ്യാപാര പങ്കാളിത്തം മെച്ചപ്പെടുത്തല്‍ തുടങ്ങിയ നടപടികള്‍ ഇന്ത്യ സ്വീകരിച്ചാല്‍ ജിഡിപി വളര്‍ച്ചയില്‍ ഉണ്ടാകുന്ന ആഘാതം വെറും 0.1% ശതമാനം പോയിന്റുകളില്‍ ഒതുക്കാന്‍ കഴിയും.
ഇന്ത്യ ഒരു സുവര്‍ണ താരകം
ഈ തിരിച്ചടികള്‍ക്കിടയിലും ലോകത്തിലെ അഞ്ച് വലിയ സമ്പദ്വ്യവസ്ഥകളില് ഏറ്റവും ചലനാത്മകമായ ഒന്നായി ഇന്ത്യ ഉയര്‍ന്നുവരികയാണെന്ന് ഇവൈ റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന സമ്പാദ്യ, നിക്ഷേപ നിരക്കുകള്‍, അനുകൂലമായ ജനസംഖ്യാ കണക്കുകള്‍, സുസ്ഥിരമായ സാമ്പത്തിക സ്ഥിതി എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാനങ്ങള്‍ ശക്തമാണ്.
2025 ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ ശരാശരി പ്രായം 28.8 വയസ്സ് ആണെന്ന് ഇവൈ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ കടം-ജിഡിപി അനുപാതം 2024 ലെ 81.3% ല്‍ നിന്ന് 2030 ആകുമ്പോഴേക്കും 75.8% ആയി കുറയുമെന്നും ഇവൈ പ്രവചിക്കുന്നു. അതേസമയം യുഎസ് അടക്കം മറ്റ് വലിയ സമ്പദ് വ്യവസ്ഥകളുടെ കടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന സമ്പാദ്യ, നിക്ഷേപ നിരക്കുകളാണ് ഇന്ത്യക്ക് അനുകൂലമായ മറ്റൊരു ഘടകം.
വെല്ലുവിളി നേരിട്ട് ചൈനയും യുഎസും
യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന് എന്നീ വലിയ സമ്പദ് വ്യവസ്ഥകള്‍ ശക്തമായ വെല്ലുവിളി നേരിടുന്നെന്നും ഇവൈ ചൂണ്ടിക്കാട്ടുന്നു. ചൈനയെ സംബന്ധിച്ച് പ്രായമായ ജനസംഖ്യയുടെ വര്‍ധനവും വര്‍ധിക്കുന്ന കടവുമാണ് തിരിച്ചടിയാകുന്നത്. യുഎസ് ശക്തമായി തന്നെ തുടരുന്നു. പക്ഷേ ജിഡിപിയുടെ 120% കവിയുന്ന ഉയര്‍ന്ന കടബാധ്യതയും മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കും തിരിച്ചടിയാണ്. ജര്‍മ്മനിയും ജപ്പാനും പുരോഗമിച്ചിട്ടുണ്ടെങ്കിലും, ഉയര്‍ന്ന ശരാശരി പ്രായവും ആഗോള വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്നതും പ്രതികൂലമാണ്.
‘വൈദഗ്ധ്യമുള്ള യുവ തൊഴില്‍ ശക്തി, ശക്തമായ സമ്പാദ്യ-നിക്ഷേപ നിരക്കുകള്‍, താരതമ്യേന സുസ്ഥിരമായ കടബാധ്യത എന്നിവ അസ്ഥിരമായ ആഗോള അന്തരീക്ഷത്തില്‍ പോലും ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിക്കും. നിര്‍ണായക സാങ്കേതികവിദ്യകളില്‍ ശേഷി വളര്‍ത്തിയെടുക്കുന്നതിലൂടെയും കഴിവുകള്‍ വികസിപ്പിക്കുന്നതിലൂടെയും, 2047 ആകുമ്പോഴേക്കും ഇന്ത്യ അതിന്റെ വികസിത ഭാരത അഭിലാഷങ്ങളിലേക്ക് അടുക്കാന്‍ നല്ല സ്ഥാനത്താണ്.’ ഇവൈ ഇന്ത്യയുടെ മുഖ്യ നയ ഉപദേഷ്ടാവ് ഡി കെ ശ്രീവാസ്തവ പറഞ്ഞു.




