എഫ്എംസിജി, ഓട്ടോമൊബൈല്‍, മൊബൈല്‍ ഫോണ്‍ മേഖലകളെ പ്രതിനിധീകരിക്കുന്ന ഡീലര്‍ഷിപ്പുകളും ഡിസ്ട്രിബ്യൂട്ടര്‍മാരും വന്‍കിട കമ്പനികള്‍ക്കെതിരെ നിയമസഹായത്തിനൊരുങ്ങുന്നു. ഇത് 30 ദശലക്ഷത്തോളം വരുന്ന ഡീലര്‍മാരുടെയും വിതരണക്കാരുടെയും സംരക്ഷണത്തെ മുന്‍നിര്‍ത്തിയാണ്. വന്‍കിട കമ്പനികളുടെ മാത്രം നിബന്ധനകള്‍ അനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്.
വിതരണക്കാരും ഡീലര്‍ഷിപ്പുകളും കോടികള്‍ മുടക്കിയാണ് വന്‍കിട ബ്രാന്‍ഡുകളെ വിശ്വസിച്ച് ഷോറൂമുകള്‍ കെട്ടിപ്പടുക്കുന്നത്. പലപ്പോഴും ഇടക്ക് വെച്ച് കമ്പനികള്‍ കരാര്‍ നിര്‍ത്തിവെച്ച് പോവുകയാണ് ചെയ്യുന്നത്. ഇത് വിതരണക്കാര്‍ക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ വിതരണക്കാരുടെ നഷ്ടം പരിഹരിക്കാനോ അവരെ സംരക്ഷിക്കുന്നതിനോ നിലവില്‍ നിയമങ്ങളില്ല. ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, പേപ്പര്‍, പ്ളാസ്റ്റിക്ക്സ്, ഇലക്ട്രോണിക്സ് ഉള്‍പ്പെടെയുള്ള 18 ഓളം മേഖലകളിലെ വിതരണക്കാരാണ് ഒരുമിച്ച് തങ്ങളുടെ ആശങ്കകളറിയിച്ച് പുതിയ നിയമിത്തിനായി ആവശ്യപ്പെടുന്നത്.
വിതരണക്കാരുടെ നഷ്ടം നികത്താതെ കമ്പനികള്‍ ഇടക്ക് വെച്ച് വിപണിയില്‍ നിന്ന് പുറത്തു പോകുന്നു എന്ന് ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് ആരോപിച്ചു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡുമായും വാണിജ്യ ഉപഭോക്തൃകാര്യ മന്ത്രാലയങ്ങളുമായും സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, മാന്‍ ട്രക്ക്സ്, യുഎം ലോഹിയ, ഹാര്‍ലി ഡേവിഡ്സണ്, തുടങ്ങി നിരവധി വന്‍കിട കമ്പനികളും ചെറുകിട ഇലക്ട്രിക് വെഹിക്കിള്‍ കമ്പനികളുമാണ് 2017ന് ശേഷം പൊടുന്നനെ രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്തുകയോ പുനസംഘടിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. ഈ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍മാര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ് നല്‍കിയത്. വാണിജ്യ വാഹനങ്ങളുടെ ഡീലര്‍ഷിപ്പിന് 50-75 കോടി രൂപയും പാസഞ്ചര്‍ വെഹിക്കിളിന്റേതിന് 20-50 കോടി രൂപയുമാണ് നിലവിലെ സാഹചര്യത്തില്‍ ചെലവ് വരുന്നത്.