ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ഉഭയകക്ഷി വ്യാപാരത്തെയും നിക്ഷേപങ്ങളെയും ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കാനഡയില്‍ നിന്നുള്ള ഇറക്കുമതിയോ നിക്ഷേപമോ തടയാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജൂണില്‍ ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചതോടെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നത്. നയതന്ത്ര തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണ്.
ഇന്ത്യ കാനഡയില്‍ നിന്ന് പൊട്ടാഷ്, പയര്‍ വര്‍ഗങ്ങള്‍, കല്‍ക്കരി എന്നിവയടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഉപഭോക്തൃ വസ്തുക്കള്‍, വസ്ത്രങ്ങള്‍, വാഹന ഘടകങ്ങള്‍, വിമാന ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്-എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യ കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇറക്കുമതിയും കയറ്റുമതിയും തടസമില്ലാതെ തുടരുന്നുണ്ട്. പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതിയില്‍ മാത്രമാണ് അല്‍പ്പം സമ്മര്‍ദ്ദം ദൃശ്യമായിരിക്കുന്നത്.
2022ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കാനഡ ഇന്ത്യയില്‍ 3.6 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. സേവന, അടിസ്ഥാന സൗകര്യ മേഖലയിലാണ് കൂടുതല്‍ നിക്ഷേപം.