ഗോതമ്പിന് റെക്കോര്‍ഡ് വില ഉണ്ടായിട്ടും കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നെന്ന് റിപ്പോര്‍ട്ട്. മഴക്കുറവാണ് ഇന്ത്യയിലെ ഗോതമ്പ് ബെല്‍റ്റിലെ കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നത്. മണ്ണിലെ ജലാംശം കുറയുന്നതിനാല്‍ കര്‍ഷകര്‍ കുറഞ്ഞ ജല ലഭ്യത ആവശ്യമുള്ള വിളകളിലേക്ക് തിരിയുകയാണ്.
ഗോതമ്പ് കയറ്റുമതിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനം തുടരുക മാത്രമല്ല ഇറക്കുമതിയെ കുറിച്ചു പോലും ആലോചിക്കേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉല്‍പ്പാദകരാണ് ഇന്ത്യ.
നവംബര്‍ 17 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 8.6 മില്യണ്‍ ഹെക്ടര്‍ ഭൂമിയില്‍ ഗോതമ്പ് കൃഷി ചെയതിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.5% കൃഷി കുറഞ്ഞു.
ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജലസേചന സൗകര്യമുണ്ട്. എന്നാല്‍ ജലലഭ്യത കുറഞ്ഞ മധ്യപ്രദേശില്‍ കര്‍ഷകര്‍ ഗോതമ്പ് കൃഷി ഉപേക്ഷിക്കുകയാണ്.
രാജ്യത്തെ രണ്ടാമത്ത വലിയ ഗോതമ്പ് ഉല്‍പ്പാദന സംസ്ഥാനത്ത് കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയില്‍ 10% കുറവാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഗോതമ്പ് നടുന്നത്. വിളവെടുപ്പ് മാര്‍ച്ച് മാസത്തിലും.
എല്‍ നിനോ പ്രതിഭാസം ഉത്തരേന്ത്യയില്‍ ആഗസ്റ്റ് മാസത്തെ നൂറ്റാണ്ടിലെതന്നെ ഏറ്റവും വരണ്ടതാക്കി. 2018 ന് ശേഷം ഏറ്റവും കുറഞ്ഞ മഴയാണ് ഇക്കാലത്ത് ലഭിച്ചത്.