2.23 ലക്ഷം കോടിയുടെ പ്രതിരോധ വാങ്ങലുകള്‍ക്ക് പ്രതിരോധ ഏറ്റെടുക്കല്‍ സമിതി (ഡിഎസി) അംഗീകാരം നല്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസിയാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കുതിപ്പേകുന്ന വമ്പന്‍ ഇടപാടിന് അനുമതി നല്‍കിയത്.
വ്യോമ സേനയ്ക്കായി 97 തേജസ് ലഘു യുദ്ധ വിമാനങ്ങളും കര, വ്യോമ സേനകള്‍ക്കായി 156 പ്രചണ്ട് യുദ്ധ ഹെലികോപ്റ്ററുകളും വാങ്ങുന്നതടക്കമുള്ള പദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് ഇടപാട്. അനുവദിച്ച തുകയുടെ 98 ശതമാനവും ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള വാങ്ങലിനാണ് ചെലവഴിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സുഖോയ് എസ്യു-30 യുദ്ധവിമാനങ്ങളുടെ നവീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലാണ് ഇത് നിര്‍വഹിക്കുക. ടാങ്ക് വേധ മിസൈലുകളും നാവിക സേനയ്ക്കായി കപ്പല്‍ വേധ മിസൈലുകളും വാങ്ങാന്‍ അനുമതിയായിട്ടുണ്ട്.
ഈ ഇടപാടോടെ വ്യോമ സേനയുടെ പക്കലുള്ള തേജസ് വിമാനങ്ങളുടെ എണ്ണം 180 ആയി ഉയരും.