ഇലക്ട്രിക് വാഹനങ്ങളാകും ലോകത്തിന്റെ ഭാവിയെന്ന് വാഹന മേഖലയിലെ വിദഗ്ധരും കമ്പനികളുമെല്ലാം ഒറ്റ സ്വരത്തില്‍ പറയാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും ബാറ്ററികള്‍ കരുത്താകുന്ന വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന് വേഗം കൂടിയിട്ടുമുണ്ട്. ഇതിനിടെ പുതിയ ബദല്‍ ഇന്ധനങ്ങള്‍ വാഹന കമ്പനികള്‍ പരീക്ഷിച്ചു വരുന്നുമുണ്ട്.
മാരുതിയുടെ പങ്കാളികളായ സുസുക്കിയാണ് ഇത്തരമൊരു പരീക്ഷണം സജീവമാക്കിയിരിക്കുന്നത്. ബയോഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന പുതിയ വാഗണ്‍ആര്‍, സുസുക്കി ജപ്പാനില്‍ നടന്ന ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. വൈദ്യുതിക്കുമപ്പുറം ചില ബദല്‍ പദ്ധതികളുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ സുസുക്കി.
സിബിജി അഥവാ കംപ്രസ്ഡ് ബയോഗ്യാസിലാണ് പുതിയ വാഗണ്‍ആര്‍ പ്രവര്‍ത്തിക്കുക. ചാണകത്തില്‍ നിന്നും കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാം. കൃഷിയും മൃഗപരിപാലനവും സംസ്കാരത്തിന്റെ ഭാഗമായ ഇന്ത്യയില്‍ ബയോഗ്യാസ് വാഗണ്‍ആറുകള്‍ തരംഗമാകുമെന്ന പ്രതീക്ഷയാണ് സുസുക്കി സിഇഒ തോഷിഹിറോ സുസുക്കി പങ്കുവെക്കുന്നത്.
‘ഇന്ത്യയില്‍ 300 ദശലക്ഷം പശുക്കളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 10 പശുക്കളില്‍ നിന്ന് ഒരു ദിവസം ലഭിക്കുന്ന ചാണകം മതി ഒരു കാറിന് ഒരു ദിവസത്തേക്കാവശ്യമായ ഇന്ധനത്തിന്. ശുദ്ധീകരിച്ച ബയോഗ്യാസിലോടുന്ന വാഗണ്‍ആര്‍ ഞങ്ങള്‍ ഈ കാഴാചപ്പാടില് നിന്നാണ് തയാറാക്കിയത്,’ തോഷിഹിറോ സുസുക്കി പറയുന്നു.
ഗുജറാത്തില്‍ ഒരു വമ്പന്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയും സുസുക്കിക്കുണ്ട്. ബനാസ് ഡയറിയുമായും നാഷണല്‍ ഡെയറി ഡെവലപ്മെന്റ് ബോര്‍ഡുമായും ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അടുത്ത നാല് വര്‍ഷം കൊണ്ട് നാല് ബയോഗ്യാസ് പ്ലാന്റുകള്‍ 230 കോടി രൂപയ്ക്ക് തയാറാക്കാനാണ് പദ്ധതി.
എങ്കിലും സമീപകാലത്തൊന്നും ബയോഗ്യാസ് വാഗണ്‍ആര്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുമെന്ന സൂചനയില്ല. പശുവിനെയും വളര്‍ത്താം കാറും ഓടിക്കാം എന്നൊരു ഓഫര്‍ വന്നാല്‍ ഇന്ത്യയിലെ കര്‍ഷക കുടുംബങ്ങള്‍ ഈ ഓഫര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പ്. ചാണകക്കുഴി ഒരു സ്വര്‍ണഖനി ആണെന്ന തോഷിഹിറോ സുസുക്കിയുടെ വാക്കുകള്‍, ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ കമ്പനി വലിയ സാധ്യതകള്‍ ഈ മേഖലയില്‍ കാണുന്നുണ്ടെന്ന സൂചന നല്‍കുന്നതാണ്.