ഇന്ത്യ-ചൈന ബന്ധത്തില്‍ ഗുണപരമായ മാറ്റങ്ങളുടെ സൂചന നല്കി ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ഓഗസ്റ്റ് 18, 19 തിയതികളില്‍ ഡെല്‍ഹി സന്ദര്‍ശിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരമാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളാണ് ഡോവലും വാംഗ് യിയും.
വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറും വാംഗ് യിയുമായി ഡെല്‍ഹിയില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കും. അജിത് ഡോവലുമായാണ് മറ്റൊരു സുപ്രധാന ചര്‍ച്ച.
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധി ചര്‍ച്ചകളുടെ 24ാം ഘട്ടമാണിത്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സംഘര്‍ഷ സാഹചര്യം ഇല്ലാതായതിനെ തുടര്‍ന്ന് ബെയ്ജിംഗും ന്യൂഡെല്‍ഹിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് വാംഗ് യിയുടെ ഇന്ത്യാ സന്ദര്‍ശനം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവും ഏഷ്യന്‍ രാജ്യങ്ങളുടെ അടുപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്.
മോദി ചൈനയിലേക്ക്
അതേസമയം, ഷാംഗ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മാസം അവസാനം ചൈന സന്ദര്‍ശിക്കും. 2020ല്‍ നടന്ന ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ചൈനയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. 2024 ല്‍ കസാനില്‍ നടന്ന 16ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമാകുന്നതിന്റെ സൂചന ഇത് നല്കി.
അടുത്ത മാസം മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും ഇന്ത്യയും ചൈനയും തീരുമാനിച്ചിട്ടുണ്ട്. ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിലാണ് ഈ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.




