ലാപ്ടോപ്പുകളുടെയും ടാബ്ലെറ്റുകളുടെയും ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വിപണിയിലെ വിതരണ ശൃംഖലയെ തടസ്സപ്പെടുത്താതെ ഹാര്ഡ്വെയറുകളുടെ കടന്നുവരവ് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ‘ഇംപോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റത്തിന്റെ’ ഭാഗമായാണ് ഈ തീരുമാനം. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇംപോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം പ്രകാരം കമ്പനികള്‍ അവരുടെ ലാപ്ടോപ്പിന്റെയും ടാബ്ലെറ്റിന്റെയും ഇറക്കുമതിയുടെ അളവും മൂല്യവും നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണം.
എന്നിരുന്നാലും, ഇറക്കുമതി അഭ്യര്‍ത്ഥനകളൊന്നും സര്‍ക്കാര്‍ നിരസിക്കില്ല. മറിച്ച് മെച്ചപ്പെട്ട നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഡാറ്റ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. പൂര്‍ണമായും വിശ്വസനീയമായ ഡിജിറ്റല്‍ ഇക്കോസിസ്റ്റം നിലനിര്‍ത്തുന്നതിന് ആവശ്യമായ ഡാറ്റയും വിവരങ്ങളും ലഭിക്കുന്നെന്ന് ഉറപ്പാക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ എസ്. കൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലാപ്ടോപ്പും ടാബ്ലെറ്റും ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരു ലൈസന്‍സിംഗ് സംവിധാനം ഓഗസ്റ്റ് 3 ന് അവതരിപ്പിച്ചിരുന്നു. ഇറക്കുമതി അഭ്യര്‍ത്ഥനകള്‍ തടഞ്ഞുവയ്ക്കാനോ നിരസിക്കാനോ ഉള്ള അധികാരം ഇത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. മൂന്നു മാസം തികയും മുന്‍പ് തന്നെ ഈ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. വിപണിയില്‍ നിന്നുള്ള തിരിച്ചടിയും യുഎസ് ഉന്നയിച്ച ആശങ്കകളും നയം മാറ്റുന്നതിന് കാരണമായിട്ടുണ്ട്.
പുതിയ തീരുമാനം, ഓഗസ്റ്റിലെ ഇറക്കുമതി നിരോധനത്തില്‍ വന്‍ നഷ്ടം നേരിട്ട ഡെല്‍, എച്ച്പി, ആപ്പിള്‍, സാംസങ്, ലെനോവോ തുടങ്ങിയ ആഗോള ലാപ്ടോപ്പ് നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം നല്കുന്നു. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് (ഐസിഇഎ) സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.