പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 30,000 കോടി രൂപ സബ്സിഡിയായി നല്‍കും. എല്‍പിജി വില്‍പ്പനയില്‍ കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് സബ്സിഡി. പന്ത്രണ്ട് തവണകളായാവും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐഒസി), ഭാരത് പെട്രോളിയം കോര്പ്പറേഷന് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് (എച്ച്പിസിഎല്‍) എന്നീ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് സബ്സിഡി തുക ലഭിക്കുക.
ആഗോള എല്‍പിജി വിലയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും പൊതുമേഖലാ എണ്ണ കമ്പനികളുടെ സാമ്പത്തിക ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുമാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എണ്ണ, വാതക മേഖലയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അനിശ്ചിതത്വങ്ങളും കണക്കിലെടുത്താണ് ഈ പിന്തുണ നല്‍കുന്നതെന്ന് വൈഷ്ണവ് പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രിത വിലയിലാണ് എണ്ണക്കമ്പനികള്‍, എല്‍പിജി സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത്. 2024-25 ല്‍ അന്താരാഷ്ട്ര എല്‍പിജി വില ഉയര്‍ന്ന നിലയിലായിരുന്നു. എങ്കിലും വര്‍ദ്ധിച്ച ചെലവ് വിലവര്‍ധനയിലൂടെ ഉപഭോക്താക്കളിലേക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നില്ല. നഷ്ടം സഹിച്ചാണ് ഈ കാലയളവില്‍ കമ്പനികള്‍ പാചകവാതകം വിതരണം ചെയ്തത്.
കമ്പനികള്‍ക്ക് നേട്ടം
അസംസ്കൃത എണ്ണയും എല്‍പിജിയും വാങ്ങുന്നതിനുള്ള ചെലവുകള്‍ വഹിക്കുന്നതിനും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കുന്നതിനും കമ്പനികളെ സബ്സിഡി സഹായിക്കും. രാജ്യത്തുടനീളം ഗാര്‍ഹിക എല്‍പിജിയുടെ തുടര്‍ച്ചയായ വിതരണം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.