രാമക്ഷേത്രത്തിന്റെ നിര്‍മാണത്തോടെ രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ് അയോദ്ധ്യ. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് അടുത്തിടെ നടത്തിയ പഠനമനുസരിച്ച്, ക്ഷേത്ര നഗരത്തിന് പ്രതിവര്‍ഷം 50 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. ബിസിനസില്‍ 50,000 കോടി രൂപയുടെ അധിക വളര്‍ച്ചയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. കേന്ദ്രത്തിനൊപ്പം ഉത്തര്‍പ്രദേശ് സര്‍ക്കാരും അയോദ്ധ്യയില്‍ തീര്‍ത്ഥാടന വിനോദസഞ്ചാരം വളര്‍ത്താന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സന്ദര്‍ശകരുടെ വര്‍ദ്ധനവ് 2025 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം 25,000 രൂപ അധിക നികുതി വരുമാനം ഉണ്ടാകുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുമാനിക്കുന്നു.
ഹോട്ടല്‍ വ്യവസായത്തില്‍ കുതിപ്പ്
നിലവില്‍, നഗരത്തില്‍ 17 ഹോട്ടലുകളിലായി 590 മുറികളാണുള്ളത്. ക്ഷേത്രം തുറന്നതോടെ താമസ സൗകര്യങ്ങളില്‍ കുതിച്ചുചാട്ടം ഉണ്ടാകും. 73 പുതിയ ഹോട്ടലുകള്‍ പുതിയതായി വരുന്നുണ്ട്. ഇവയില്‍ 40 എണ്ണം നിര്‍മ്മാണ ഘട്ടത്തിലാണെന്ന് ജെഫറീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു, 2027 ല്‍ ഇവ പ്രവര്‍ത്തനക്ഷമമാകും. ഐടിസിയും അയോദ്ധ്യയിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുകയാണ്. അതേസമയം, ഒയോ റൂംസ് നഗരത്തില്‍ 1,000 ഹോട്ടല്‍ മുറികള്‍ തയാറാക്കും.
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് അടുത്തിടെ നടത്തിയ പഠനമനുസരിച്ച്, ക്ഷേത്ര നഗരത്തിന് പ്രതിവര്‍ഷം 50 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു
നഗരത്തിനായി 18,000 കോടി രൂപയുടെ 102 കരാറുകളില്‍ ഒപ്പുവെച്ചതായി അയോദ്ധ്യ ഡിവിഷണല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു. 50 ഓളം പ്രശസ്ത ഹോട്ടലുകള്‍ ഇതിനകം തന്നെ വന്‍കിട പദ്ധതികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താജ്, മാരിയറ്റ്, ജിഞ്ചര്‍, ഒബ്റോയ്, ട്രൈഡന്റ്, റാഡിസണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.
രാജ്യത്തുടനീളമുള്ള പല ക്ഷേത്ര നഗരങ്ങളും കോവിഡിന് ശേഷമുള്ള ഘട്ടങ്ങളില്‍ വിനോദസഞ്ചാരത്തിന്റെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ പിന്‍ബലത്തില്‍, അയോദ്ധ്യയും ഈ ക്ലബ്ബിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 മടങ്ങ് കൂടുതല്‍ ബുക്കിംഗുകള്‍ അയോദ്ധ്യയിലേക്ക് ഉണ്ടെന്ന് മേക്ക് മൈട്രിപ്പിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മാഗോ പറയുന്നു.
മെച്ചപ്പെട്ട കണക്റ്റിവിറ്റി
പുതിയ വിമാനത്താവളം, കൂടുതല്‍ വിമാനങ്ങള്‍, നവീകരിച്ച റെയില്‍വേ സ്റ്റേഷന്, പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ എന്നിവയെല്ലാം ചേര്‍ന്നുള്ള വര്‍ധിച്ച കണക്റ്റിവിറ്റി അയോദ്ധ്യയിലെ ടൂറിസത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
ഹോം സ്റ്റേകള്‍
അയോദ്ധ്യയിലെ തദ്ദേശീയ ജനതയുടെ ജീവിതവും ബിസിനസും മെച്ചപ്പെടുമെന്നതിലും സംശയമില്ല. ഹോംസ്റ്റേകളിലൂടെ ജനങ്ങളും തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമാവുകയാണ്. 1800 മുറികളുള്ള 500 ഹോംസ്റ്റേകളാണ് അയോദ്ധ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രാണപ്രതിഷ്ഠാ ദിനത്തിന് തലേദിവസം തന്നെ ഇവയെല്ലാം ബുക്കായി. ഹോംസ്റ്റേകളും മറ്റും ബുക്ക് ചെയ്യാന്‍ തീര്‍ത്ഥാടകരെ സഹായിക്കുന്ന ദിവ്യ അയോദ്ധ്യ മൊബൈല്‍ ആപ്പും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.