ആമസോണ്‍ പ്രൈം വീഡിയോ ആദ്യ സ്പോര്‍ട്സ് ചാനല്‍ തുടങ്ങി. ഡ്രീം സ്പോര്‍ട്സിന്റെ ഉടമസ്ഥതയിലുള്ള ഫാന്‍കോഡുമായുള്ള പങ്കാളിത്തത്തിലാണ് ചാനല്‍ തുടങ്ങിയത്. ക്രിക്കറ്റും ഫുട്ബോളും ഉള്‍പ്പെടെയുള്ള 15 ഓളം കായിക ഇനങ്ങളുടെ ലൈവ് സ്ട്രീമിംഗ് ചാനല്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയും ന്യൂസിലെന്റും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ആമസോണ്‍ സ്ട്രീം ചെയ്തിട്ടുണ്ട്. ഫാന്‍കോഡുമായുള്ള പങ്കാളിത്തത്തില്‍ വിവിധ സ്പോര്‍ട്സ് സേവനങ്ങളാണ് നല്‍കുന്നത്. സ്ട്രീമിംഗ് മുതല്‍ മെര്ക്കണ്ഡൈസ് വില്‍പ്പന വരെ. ഇന്ത്യയില്‍ കോടിക്കണക്കിന് സ്പോര്‍ട്സ് ആരാധകരുള്ളതിനാല്‍ ഇത് ആമസോണിന് വളരെയധികം ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ ആമസോണിന് ലാഭകരമായ വിപണിയായിരിക്കും പ്രദാനം ചെയ്യുക.
ഫാന്‍കോഡ് ചില രാജ്യങ്ങളില്‍ ക്രിക്കറ്റ് മാച്ചുകള്‍ സ്ട്രീം ചെയ്യാനുള്ള അവകാശം നേടിയിട്ടുണ്ട്.
വന്‍കിട സ്പോര്‍ട്സ് ലീഗുകളും സംഘടനകളുമായുള്ള പങ്കാളിത്തത്തിലൂടെ, ഫാന്‍കോഡ്, ഇന്ത്യയിലെ സ്പോര്‍ട്സ് പ്രേമികള്‍ക്കായി ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്ക്കറ്റബോള്‍ ഉള്‍പ്പെടെ 15 കായിക ഇനങ്ങളാണ് കാഴ്ചവെക്കുന്നത് എന്ന് ആമസോണ്‍ പ്രൈം പറഞ്ഞു.
പ്രൈം മെമ്പര്‍മാര്‍ ഫാന്‍കോഡിന്റെ വാര്‍ഷിക ആഡ് ഓണ്‍ സബ്സ്കൃപ്ഷന് ചെയ്യേണ്ടതുണ്ട്. 249 രൂപയാണ് തുടക്കത്തില്‍ നല്‍കേണ്ടത്.
ഐസിസി പാത്ത്വെയ്സ്, ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്, വോളിബോള്‍ വേള്‍ഡ് തുടങ്ങി നിരവധി കായിക ബോര്‍ഡുകളുമായി ഫാന്‍കോഡിന് പങ്കാളിത്തമുണ്ട്.