അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുകയും എഐ ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ ഐശ്വര്യ റായ് ബച്ചന് കോടതിയെ സമീപിച്ചു. നടിയുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ അഭിഭാഷകന് ഡെല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
മോര്‍ഫ് ചെയ്ത ഫോട്ടോകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇവ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഐശ്വര്യയുടെ അഭിഭാഷകനായ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. നടിയുടെ ചിത്രങ്ങളും വ്യക്തിത്വവും മറ്റും ആളുകളുടെ ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്നും ഐശ്വര്യയുടെ മുഖവും പേരും ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഐശ്വര്യ നേഷന്‍ വെല്‍ത്ത് എന്ന കമ്പനിയുടെ ലെറ്റര്‍ഹെഡില്‍ ഐശ്വര്യ റായിയുടെ ചിത്രം ഉപയോഗിക്കുകയും കമ്പനിയുടെ ചെയര്‍പേഴ്സണാണ് നടിയെന്ന് അവകാശപ്പെടുകയും ചെയ്തെന്ന് സേഥി ചൂണ്ടിക്കാട്ടി. ഐശ്വര്യയെ അറിയിക്കാതെയാണ് വഞ്ചനാപരമായ ഉദ്ദേശ്യത്തില്‍ ഇത് ചെയ്തിരിക്കുന്നതെന്നും സേഥി പറഞ്ഞു.
ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയോ അവരുടെ വ്യക്തിത്വം അനുമതിയില്ലാതെ ഉപയോഗിക്കുകയോ ചെയ്യുന്ന പ്ലാറ്റ്ഫോമുകള്‍ക്കും വ്യക്തികള്‍ക്കും മുന്നറിയിപ്പ് നല്കി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് തേജസ് കാര്യ വ്യക്തമാക്കി.
വ്യക്തിത്വത്തിന് സംരക്ഷണം
മുതിര്‍ന്ന ബോളിവുഡ് നടനായ ജാക്കി ഷ്രോഫും സമാനമായ ആവശ്യമുന്നയിടച്ച് മേയില്‍ കോടതിയെ സമീപിച്ചിരുന്നു. നടന്റെ വ്യക്തിത്വവും പരസ്യ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള വിധിയാണ് കോടതി ഈ കേസില്‍ പുറപ്പെടുവിച്ചത്. 2023 ല്‍ നടന് അനില്‍ കപൂറിന്റെ ‘ഝകാസ്’ ഡയലോഗും പേര്, ചിത്രം, ശബ്ദം എന്നിവയും വാണിജ്യ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് കോടതി തടഞ്ഞു. മുതിര്‍ന്ന നടന് അമിതാഭ് ബച്ചന്റെ വ്യക്തിത്വവും പരസ്യാവകാശവും ലംഘിക്കുന്നതില്‍ നിന്ന് 2022 നവംബറില്‍ ഹൈക്കോടതിയും ആളുകളെ വിലക്കിയിരുന്നു.