യൂറോപ്യന്‍ യൂണിയന്, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നും വിലക്കുകള്‍ നേരിടുന്ന കപ്പലുകള്‍ക്ക് അദാനി തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. റഷ്യ, ഇറാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് അവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ അദാനി തുറമുഖങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 11-ന് ഇത് സംബന്ധിച്ച അറിയിപ്പ് കപ്പല്‍ ഉടമകള്‍, ഓപ്പറേറ്റര്‍മാര്‍, ഏജന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ലഭിച്ചതായാണ് സൂചന. ഉപരോധം നേരിടുന്ന കപ്പലുകള്‍ തുറമുഖത്തോ ടെര്‍മിനലിലോ പ്രവേശിക്കരുതെന്നാണ് അറിയിപ്പില്‍ പറയുന്നത്.
യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വ്യാപാരത്തിലൂടെയുള്ള റഷ്യയുടെ വരുമാനം തടയുകയെന്ന ലക്ഷ്യത്തോടെ റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇവ രഹസ്യമായാണ് ഇപ്പോള്‍ കപ്പലുകള്‍ വഴി കടത്തുന്നത്. ഇത്തരം കപ്പലുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് അദാനി തുറമുഖങ്ങള്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അറിവ്.
തുറമുഖത്തിന്റെ നിയമപരവും വാണിജ്യപരവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇനിമുതല്‍ ഉപരോധമുള്ള കപ്പലുകള്‍ക്ക് തുറമുഖത്ത് പ്രവേശനമുണ്ടാകില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന് ഉപരോധമൊന്നും ഇല്ലെന്ന് ഏജന്റ് എഴുതിനല്കുന്ന സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമേ കപ്പലിന് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.
ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നവരില്‍ മുമ്പിലാണ് ഇന്ത്യ. മേല്‍പ്പറഞ്ഞ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ടാങ്കറുകള്‍ വഴിയാണ് ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണ എത്തുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്, മിത്തല്‍ എനര്‍ജിയുടെ റിഫൈനറി എന്നിവിടങ്ങളിലേക്ക് എണ്ണ എത്തുന്നത് അദാനിയുടെ മുന്ത്ര തുറമുഖം വഴിയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പും അവരുടെ പല റിഫൈനറികളിലേക്കുമുള്ള എണ്ണ ഇറക്കുന്നത് ഈ തുറമുഖത്താണ്. അദാനി തുറമുഖങ്ങളില്‍ ഉപരോധമുള്ള കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതോടെ വിലക്കില്ലാത്ത തുറമുഖങ്ങള്‍ വഴി എണ്ണ ഇറക്കുമതി ചെയ്യാന്‍ ഈ കമ്പനികള്‍ നിര്‍ബന്ധിതരാകും.




