സിരോധയുടെ സിഇഒയും സഹസ്ഥാപകനും ശതകോടീശ്വരനുമായ നിതിന്‍ കാമത്ത്, തന്റെ ഭാര്യാപിതാവിനോട് ഒപ്പമുള്ള ചിത്രം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് വൈറലായിരുന്നു. 70 വയസുള്ള നിതിന്റെ ഭാര്യയുടെ അച്ഛന് ശിവജി പാട്ടിലിനൊപ്പമുള്ള ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തു.
ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ശിവജി പാട്ടില്‍ എങ്ങനെയാണ് തന്നില്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് നിതിന്‍ പറയുന്നു. എങ്ങനെ മികച്ച ജീവിതം നയിക്കണമെന്നത് താനുള്‍പ്പടെയുള്ളവര്‍ക്ക് അദ്ദേഹം കാണിച്ചുതരുന്നുവെന്നും നിതിന്‍.
കാര്‍ഗില്‍ യുദ്ധസമയത്ത് കൈവിരലുകള്‍ നഷ്ടപ്പെട്ട അദ്ദേഹം സൈന്യത്തില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു. അതിന് ശേഷം കര്‍ണാടകയിലെ ബെല്‍ഗാമില്‍ പലചരക്ക് കട തുടങ്ങി. പാട്ടിലിന്റെ ജീവിതത്തെക്കുറിച്ച് നിതിന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ,
‘എഴുപത് വയസ് പ്രായമുള്ള അദ്ദേഹം എന്നും മുടങ്ങാതെ ചന്തയിലേക്ക് പോകും. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്നതരത്തിലുള്ള, പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്ക്കൂട്ടറിലാണ് കടയിലേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി അദ്ദേഹം പതിവായി മാര്‍ക്കറ്റില്‍ പോകുന്നത്. ഇതിനെല്ലാം അദ്ദേഹത്തിന്റെ സഹായത്തിനായുള്ളത് ഭാര്യ മാത്രമാണ്.’
യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടുന്നതിനുള്ള താക്കോല്‍ സംതൃപ്തിയോടെ ഇരിക്കുക എന്നതാണെന്നും പാട്ടില്‍ ആ ഗുണത്തിന്റെ മൂര്ത്തഭാവമാണെന്നും നിതിന്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.