ഒരു നാടിന്റെ വികസനം പ്രകൃതി സംരക്ഷണത്തിൽ നിന്നുമാണ് ആരംഭിക്കുന്ന് എന്ന് വിശ്വസിക്കുന്ന കോർപ്പറേറ്റ് സ്ഥാപനമാണ് ടാറ്റ ഗ്രൂപ്പ്. ബിസിനസ് പരമായി പലമേഖലകളിൽ വ്യാപരിക്കുമ്പോഴും തങ്ങളുടെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായി വനങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം ടാറ്റ ഗ്രൂപ് സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു. പ്രകൃതിയോട് ഇണങ്ങിയ വികസനമെന്ന രത്തൻ ടാറ്റ കണ്ട സ്വപ്നം ഇന്നും അക്ഷരാത്ഥത്തിൽ നടപ്പിലാക്കുകയാണ് ടാറ്റ ഗ്രൂപ്പ്.
സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക ഉത്തരവാദിത്വത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന കമ്പനിയാണ് ടാറ്റ ഗ്രൂപ്പ് എന്ന് ഈ സ്ഥാപനം തങ്ങളുടെ പ്രവർത്തിപഥത്തിലൂടെ തെളിയിക്കുകയാണ്. നാം വസിക്കുന്ന ഭൂമിയോടുള്ള പ്രതിബദ്ധത എന്ന ആശയത്തിൽ നിന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ വനസംരക്ഷണവും ജൈവ വൈവിധ്യ സംരക്ഷണവും ആരംഭിക്കുന്നത്. തങ്ങളുടെ തൊഴിലാളികളെയും ഉപഭോക്താക്കളെയും വരെ ടാറ്റ ഗ്രൂപ്പ് ഇത്തരം പദ്ധതികളുടെ ഭാഗമാകുന്നു എന്നിടത്താണ് ഈസ്ഥാപനത്തിന്റെ വിജയം. ടാറ്റ പവർ,ടാറ്റ പ്രോജക്റ്റ്സ് , ടാറ്റ എനർജി, ടാറ്റ കൺസൾട്ടൻസി സർവീസ് ,ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ് എന്നി കമ്പനികളെല്ലാം ടാറ്റ ഗ്രൂപ്പിന് കീഴിൽ വനം സംരക്ഷണ പ്രവർത്തനങ്ങൾക്കായി കൈകോർക്കുന്നു. ഇന്ത്യയിലുടനീളം വിവിധ ടാറ്റാ കമ്പനികൾ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതികൾ നോക്കാം
1. ട്രീ മിത്ര
വനം പുനരുദ്ധാരണത്തിനായി ടാറ്റ ഗ്രൂപ്പിന്റെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് നടത്തുന്ന പദ്ധതിയാണ് ട്രീ മിത്ര. ഈ പദ്ധതി പ്രകാരം സ്ഥാപനത്തിലെ ഓരോ ജീവനക്കാരും
ഒരു മരത്തെ “ദത്തെടുക്കുന്നു”. മരം നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നു. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, ഗുജറാത്ത്, കർണാടക തുടങ്ങി പല സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് സ്വദേശീയ മരങ്ങൾ ഈ പദ്ധതിയിലൂടെ നട്ടിട്ടുണ്ട്. പ്രാദേശികമായ വർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ വന്യജീവികൾക്കും പരിസ്ഥിതിക്കും തുല്യമായി ഗുണം ലഭിക്കുന്നു. പ്രകൃതിക്കും മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരേ പോലെ ഗുണകരമായ ഈ പദ്ധതിക്ക് ദേശീയ തലത്തിൽ പോലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ ജനങ്ങളും ഇപ്പോൾ ഈ പദ്ധതിയിൽ നിന്നും ഊർജം ഉൾക്കൊണ്ട് മരങ്ങൾ നേടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 5000 ഹെക്റ്ററോളം ഭൂമിയിൽ പദ്ധതിയുടെ ഭാഗമായി മരങ്ങൾ നട്ടിട്ടുണ്ട്.
2. പ്രോജക്ട് ഘനവൻ
ടാറ്റാ പവറും ഐസിഐസിഐ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പ്രോജക്ട് ഘനവൻ. പശ്ചിമഘട്ടത്തിലെ ഭിവ്പുരി, ഭിറ, ഖോപ്പോളി തുടങ്ങിയ ഹൈഡ്രോ പദ്ധതികളിലെയും കാച്ച്മെന്റ് പ്രദേശങ്ങളിലെയും വനങ്ങൾ പുനരുദ്ധരിക്കുക എന്നതാണ് ലക്ഷ്യം.ഈ പദ്ധതിപ്രകാരം ഏകദേശം 2.5 ലക്ഷം സ്വദേശീയ വൃക്ഷങ്ങൾ ഇതിനോടകം നട്ട് പിടിപ്പിക്കപ്പെട്ടിട്ടുണ്ട്. മരങ്ങൾ നടുന്നതിനോടൊപ്പം അവ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനായി സോളാർ പമ്പുകൾ, ഡ്രിപ്പ് ഇറിഗേഷൻ, തീപിടുത്തത്തിനെതിരെ സംരക്ഷണ വേലികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.വനത്തിന്റെ സംരക്ഷണം ഓരോ വ്യക്തിയുടെയും സ്വതന്ത്ര ചുമതലകൂടിയാണെന്ന് പറയാതെ പറയുകയാണ് പ്രോജക്ട് ഘനവൻ .
3. മാൻഗ്രോവ് സംരക്ഷണ പദ്ധതി
ടാറ്റ പവറിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് മാൻഗ്രോവ് സംരക്ഷണ പദ്ധതി. രാജ്യത്തെ കണ്ടൽക്കാടുകളുടെ സംരക്ഷണമാണ് ടാറ്റ ഇതിലൂടെ അർത്ഥമാക്കുന്നത്. മുംബൈയുടെയും അതിനോട് ചേർന്ന തീരപ്രദേശങ്ങളിലെയും കണ്ടൽക്കാടുകൾ നാശത്തിന്റെ പാതയിലേക്ക് പോയപ്പോൾ അവ സംരക്ഷിക്കുന്നതിനായി ഗോദ്രേജ് ഗ്രൂപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. കണ്ടൽക്കാടുകൾ തീരപ്രദേശങ്ങളെ കടൽപ്രളയത്തിൽ നിന്ന് സംരക്ഷിക്കുകയും കാർബൺ ഒഴിവാകുകയും ചെയ്യുന്ന പ്രകൃതിയുടെ പ്രധാന പ്രതിരോധങ്ങളാണ്. ഇവ ഇല്ലാതാകുന്നത് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്നു. ഈ പദ്ധതിയിലൂടെ ടാറ്റാ പവർ പരിസ്ഥിതി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഹെക്റ്ററുകണക്കിന് കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ടാറ്റക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികൾ കൈകൊള്ളുകയാണ് ടാറ്റ പവർ.
4. ഗ്രീൻ തമ്പ്
ടാറ്റ പ്രോജെക്റ്റ്സിന്റെ നേതൃത്വത്തിൽ ദേശവ്യാപകമായി നടപ്പാക്കുന്ന മരം നടീൽ സംരംഭമാണ് ഗ്രീൻ തമ്പ്. ‘You click, we plant ‘ എന്ന ഓൺലൈൻ ആശയം വഴി ഓരോ ഡിജിറ്റൽ ക്ലിക്കിനും ഒരു മരമാണ് നട്ടുപിടിപ്പിക്കുന്നത്. ടാറ്റായുടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ ഒന്നാണ് ഗ്രീൻ തമ്പ്. പദ്ധതിയുടെ ഭാഗമായി ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4.5 ലക്ഷത്തിലധികം മരങ്ങൾ നട്ട് പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. ഓരോ വർഷവും പുതിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നു.വളരെ വേഗത്തിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി വകുപ്പിൽ നിന്നും പൂർണ പിന്തുണ ലഭിക്കുന്നുണ്ട്.
5. വൺ മില്യൺ പ്ലാന്റേഷൻ
ടാറ്റ മോട്ടോഴ്സ് നേതൃത്വം നൽകുന്ന പദ്ധതിയാണ് വൺ മില്യൺ പ്ലാന്റേഷൻ . മഹാരാഷ്ട്രയിലെ പാല്ഘർ ജില്ലയിലെ ആദിവാസി പ്രദേശങ്ങളിലെ 13,000 ഏക്കർ വരണ്ട ഭൂമി പച്ചപ്പാക്കി മാറ്റാനുള്ള വലിയ പദ്ധതിയാണിത്. ഇത് പ്രകാരം നാളിതുവരെ 1.5 മില്യൺ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഫലവൃക്ഷങ്ങളും തണൽ വൃക്ഷങ്ങളും ഉൾപ്പെടുന്നു. പ്രദേശിക ജനങ്ങളുടെ ഉപജീവനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഈ പദ്ധതി സഹായകമാണ്. കാർബൺ എമിഷൻ വൻ തോതിൽ കുറയ്ക്ൿനും ഓക്സിജൻ സപ്ലൈ വർധിപ്പിക്കാനും ഈ പദ്ധതികൊണ്ട് കഴിയുമെന്ന് പലകുറി തെളിയിക്കപ്പെട്ടു കഴിഞ്ഞു.
6. നേച്ചർ ട്രെയിൽസും അർബൻ ഫോറസ്റ്റുകളും
ടാറ്റാ സ്റ്റീൽ നേതൃത്വം നൽകുന്ന പദ്ധതിയാണ് നേച്ചർ ട്രെയിൽസും അർബൻ ഫോറസ്റ്റുകളും എന്നത്. ജംഷെദ്പൂരിൽ കൽക്കരിആഷ് മൗണ്ടുകൾ ഈ പദ്ധതിവഴി ജൈവവൈവിധ്യ പാർക്കുകളായി മാറ്റാൻ ടാറ്റക്ക് കഴിഞ്ഞു.ഏകദേശം 17 ഏക്കറിലായി 21,000 മരങ്ങൾ നട്ടുവളർത്തിയത് മൂലം ജംഷെദ്പൂർ നേച്ചർ ട്രെയിൽ പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമായി മാറി.ജലാശയ പുനരുദ്ധാരണം, പക്ഷികൾക്കും ജീവജാലങ്ങൾക്കും ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയും ഇതിന്റെ ഭാഗമാണ്.ടാറ്റാ സ്റ്റീൽ മുന്നോട്ട് വച്ച ഈ പദ്ധതി ഇന്ന് സ്ഥാപനത്തിലെ ജീവനക്കാർ വീഴ്ചയില്ലാതെ കൊണ്ട് പോകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
7. ബയോഡൈവേഴ്സിറ്റി പാർക്കും ‘സേവ് ദ് വേൽ ഷാർക്ക്’ ക്യാമ്പയിനും
ടാറ്റാ കെമിക്കൽസ് നേതൃത്വം നൽകുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ് ബയോഡൈവേഴ്സിറ്റി പാർക്കും ‘സേവ് ദ് വേൽ ഷാർക്ക്’ ക്യാമ്പയിനും. ഇത് പ്രകാരം ഗുജറാത്തിലെ മിഥാപൂരിൽ 150 ഏക്കർ ബയോഡൈവേഴ്സിറ്റി പാർക്ക് സ്ഥാപിച്ചു. ഇവിടെ പാംഗോളിൻ, സ്റ്റാർ ടോർട്ടോയ്സ് തുടങ്ങിയ അപൂർവ്വ ജീവികളെ ടാറ്റ സംരക്ഷിക്കുന്നു. ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ 2004 മുതൽ നടക്കുന്ന വേൽ ഷാർക്ക് രക്ഷാപ്രവർത്തന പരിപാടി മുഖേന സമുദ്രജീവികളുടെ സംരക്ഷണവും ആവാസ വ്യവസ്ഥയുടെ സംരക്ഷണവും ടാറ്റ ഏറ്റെടുത്ത് നടപ്പാക്കുന്നു.
8. ക്യാമ്പസ് ബയോഡൈവേഴ്സിറ്റി
ടിസിഎസിന്റെ 18 ഇന്ത്യൻ ക്യാമ്പസുകളിലായി 660 ഏക്കറിൽ കൂടുതൽ വിസ്തീർണമുള്ള പ്രദേശങ്ങളിൽ സ്വദേശീയ വൃക്ഷങ്ങൾ, പൂന്തോട്ടങ്ങൾ, പക്ഷിനിലയങ്ങൾ തുടങ്ങിയവ ടാറ്റ വികസിപ്പിച്ചു. ചെന്നൈയിലെ ഷോളിംഗനല്ലൂർ, സിരുസേരി എന്നിവിടങ്ങളിൽ മിയാവാക്കി രീതിയിൽ അർബൻ ഫോറസ്റ്റുകൾ , തിരുവനന്തപുരം “പീപ്പൽ പാർക്ക്” തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.
മരങ്ങൾ മാത്രമല്ല, പക്ഷികൾക്കും ചെറിയ ജീവികൾക്കും അഭയം ലഭിക്കുന്ന പ്രകൃതിദത്ത ഹാബിറ്റാറ്റ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഐടി രംഗത്ത് നിന്നും ടാറ്റക്ക് കയ്യടി നേടിക്കൊടുത്ത പദ്ധതികളാണിത്.
9. ദീർഘകാല വനംപുനരുദ്ധാരണ പദ്ധതി
1979 മുതൽ ടാറ്റാ പവർ നേതൃത്വം നൽകുന്ന പദ്ധതിയാണിത് .വർഷകാലത്തിൻറെ മുമ്പ് സ്വദേശീയ വൃക്ഷങ്ങൾ നട്ട് പരിപാലിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാല് പതിറ്റാണ്ടിനു മുകളിലായി കൃത്യതയോടെ നടന്നു വരുന്ന പദ്ധതിയാണിത്. .ഈ പദ്ധതിയിലൂടെ വനം മാത്രമല്ല ജീവജാലങ്ങളും വർധിക്കുന്നു. സ്കൂളുകളിലെയും സമൂഹങ്ങളിലെയും കുട്ടികൾക്ക് പരിസ്ഥിതി വിദ്യാഭ്യാസം നൽകുന്ന ‘ഗ്രീനൊലുഷൻ’ എന്ന പരിപാടിയും ഈ കമ്പനി നടപ്പാക്കുന്നു.
പരിസ്ഥിതിയോട് ഇണങ്ങുന്ന സ്വദേശീയ വൃക്ഷണങ്ങൾ പരമാവധി വളർത്തി സംരക്ഷിക്കുക, നദീതടം, കാച്ച്മെന്റ് മേഖല, കാടുകളിലെ ഈർപ്പം നിലനിർത്തൽ എന്നിവയ്ക്കായുള്ള പദ്ധതികൾ നടപ്പാക്കുക ,വൃക്ഷങ്ങൾ മാത്രമല്ല, ജീവജാലങ്ങൾ, പക്ഷികൾ, സമുദ്രജീവികൾ എന്നിവയെ സംരക്ഷിക്കുക എന്നതെല്ലാം തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് നടപ്പിലാക്കുന്നു.