ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് പരിഷ്കരണം സംസ്ഥാനങ്ങള്‍ക്ക് വന്‍ നേട്ടമാവുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാനം, വിഹിതമടക്കം ഈ സാമ്പത്തിക വര്‍ഷത്തില്‍ 14.10 ലക്ഷം കോടി രൂപ കടക്കുമെന്ന് എസ്ബിഐ റിസര്‍ച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. ജിഎസ്ടി നിരക്കിളവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയെ കാര്യക്ഷമമാക്കുമെന്നും വരുമാനം വര്‍ധിപ്പിക്കുമെന്നും എസ്ബിഐ ഗവേഷണ വിഭാഗം നിരീക്ഷിക്കുന്നു.
2018 ലും 2019 ലും ജിഎസ്ടി നിരക്ക് കുറച്ചത് പ്രതിമാസ വരുമാനത്തില്‍ 3-4% ഇടിവിന് കാരണമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിമാസം ഏകദേശം 5,000 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. എന്നാല്‍ ഇത് ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു. ജിഎസ്ടി വരുമാനം വളരെവേഗം പ്രതിമാസം 5-6% വളര്‍ച്ച കൈവരിച്ചു.
ജിഎസ്ടി പരിഷ്കരണത്തില്‍, 5, 12, 18, 28 എന്നീ നാല് സ്ളാബുകള്‍ 5, 18 എന്നീ രണ്ട് സ്ലാബുകളിലേക്ക് ഏകീകരിക്കാനും തിരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് 40% ലെവി ഏര്‍പ്പെടുത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് വരുമാനനഷ്ടം ഉണ്ടാക്കുമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കേരളമടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. എസ്ബിഐ റിസര്‍ച്ച് തന്നെ ഓഗസ്റ്റ് 19 ലെ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ശരാശരി വാര്‍ഷിക വരുമാന നഷ്ടം ഏകദേശം 85,000 കോടി രൂപയാണെന്ന് കണക്കാക്കിയിരുന്നു.
എന്നിരുന്നാലും, പുതിയ വിലയിരുത്തല്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസമുള്ളതാണ്. സംസ്ഥാനങ്ങള്‍ക്ക് എസ്ജിഎസ്ടിയിലൂടെ കുറഞ്ഞത് 10 ലക്ഷം കോടി രൂപയും വിഭജനത്തിലൂടെ 4.1 ലക്ഷം കോടി രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഎസ്ടി പിരിവിന്റെ പകുതി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വീതിക്കുകയാണ്. കൂടാതെ കേന്ദ്ര വിഹിതത്തിന്റെ 41% തിരികെ സംസ്ഥാനങ്ങള്‍ക്ക് നല്കുന്നു. മൊത്തത്തിലുള്ള ജിഎസ്ടി വരുമാനത്തിന്റെ ഏകദേശം 70% ഇപ്രകാരം സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുക.




