യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടം തുറന്നുവിട്ട താരിഫ് യുദ്ധ ഭൂതം അമേരിക്കന്‍ കമ്പനികള്‍ക്ക് തന്നെ തിരിച്ചടിയാകുന്നോ? 25% പിഴ താരിഫ് പ്രഖ്യാപിച്ച നടപടികള്‍ക്ക് പ്രതികാരമായി ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പകരത്തിന് പകരം താരിഫൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ജിഎസ്ടി പരിഷ്കാരത്തിലൂടെ ആഭ്യന്തര വിപണിയെ ഉഷാറാക്കാനും അതിലൂടെ ജിഡിപി വളര്‍ച്ച ഉയര്‍ത്താനുമുള്ള പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിലാണ് അമേരിക്കന്‍ ബവ്റിജസ് വമ്പന്മാരായ പെപ്സികോയ്ക്കും കൊക്ക കോളയ്ക്കും അടി കിട്ടിയിരിക്കുന്നതും.
പഞ്ചസാര ചേര്‍ത്ത ശീതള പാനീയങ്ങളുടെ ജിഎസ്ടി 28 ല്‍ നിന്ന് 40 ശതമാനത്തിലേക്കാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. യുഎസ് ശീതള പാനീയ വമ്പന്മാരുടെ ഇന്ത്യയിലെ ബിസിനസിനെ ഗണ്യമായി ബാധിക്കുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് പെപ്സികോ തങ്ങളുടെ ആഗോള സിഇഒ രമണ്‍ ലഗാര്ത്തയുടെ നേതൃത്വത്തില്‍ മുഴുവന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ഇന്ത്യയിലേക്കയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പെപ്സികോ സിഇഒയും ഡയറക്ടര്‍മാരും കൂടിക്കാഴ്ച നടത്തി.
ഇതാദ്യമായാണ് തങ്ങളുടെ ഉന്നത നേതൃത്വത്തെ ഒട്ടാകെ പെപ്സികോ ഇന്ത്യയിലേക്കയക്കുന്നത്. പെപ്സികോയുടെ ആഗോള സിഇഒ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതും ആദ്യമായാണ്. യുഎസ് ബഹുരാഷ്ട്ര വമ്പന്‍ ഇന്ത്യയില്‍ നേരിടുന്ന ഗുരുതര സാഹചര്യം സൂചിപ്പിക്കുന്നതാണ് ഈ സംഭവം.
സുപ്രധാന വിപണി
ആഗോള തലത്തില്‍ 13 മുഖ്യ വിപണികളാണ് പെപ്സിക്കുള്ളത്. ഇതില്‍ പ്രധാന സ്ഥാനം തന്നെ ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ഭാവി വളര്‍ച്ചയുടെ 85% ഇന്ത്യയടക്കമുള്ള ഈ വിപണികളില്‍ നിന്നാണെന്ന് കമ്പനി കണക്കാക്കിയിരിക്കുന്നു. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 8877 കോടി രൂപയുടെ വരുമാനമാണ് പെപ്സികോ ഇന്ത്യയില്‍ നിന്ന് നേടിയത്. നികുതിക്ക് മുന്‍പുള്ള ലാഭം 1172 കോടി രൂപയായിരുന്നു.
വില്‍പ്പന പിന്നോട്ട്
ജൂണ്‍ പാദത്തില്‍ പെപ്സികോയുടെ ഇന്ത്യയിലെ ബിസിനസില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. വേനല്‍ അധികം നീണ്ടു നില്ക്കാഞ്ഞതും മഴ സജീവമായതുമാണ് വില്‍പ്പനയെ ബാധിച്ചതെന്ന് കമ്പനി പറയുന്നു. എന്നാല്‍ ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം യുഎസ് കമ്പനികളെയും യുഎസ് ഉല്‍പ്പന്നങ്ങളെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വില്‍പ്പനയെ ഇത്തരം പ്രചാരണങ്ങള്‍ ബാധിച്ചോയെന്നും പെപ്സികോ സംശയിക്കുന്നുണ്ട്.
വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജിഎസ്ടിയിലൂടെയുള്ള തിരിച്ചടിയെ കമ്പനി വിലയിരുത്തുന്നതെന്ന് വ്യക്തം. നേരിട്ട് പ്രധാനമന്ത്രിയെ കാണാനുള്ള തീരുമാനവും ഈ പശ്ചാത്തലത്തിലാണ്. സെപ്റ്റംബര്‍ 22 മുതലാണ് പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ നടപ്പിലാകുക.
ഇടിഞ്ഞു താണ് വരുണ്‍ ബവ്റേജസ്
പെപ്സികോയുടേയും കൊക്കകോളയുടേയും ഉല്‍പ്പാദനവും വിതരണവും ഇന്ത്യയില്‍ ചെയ്യുന്ന വരുണ്‍ ബവ്റേജസ് ലിമിറ്റഡിനും ഇത് അത്ര നല്ല സമയമല്ല. 2024 ജൂലൈയില്‍ 670 രൂപ കടന്ന് ഓള്‍ടൈം ഹൈയിലെത്തിയ ഓഹരിയുടെ വില ഇപ്പോള്‍ ഇടിഞ്ഞ് 471 രൂപയിലാണ്. ജിഎസ്ടി പ്രഖ്യാപനത്തിന് ശേഷം ഓഹരി വിലയില്‍ 10 ശതമാനത്തിലേറെ ഇടിവുണ്ടായി. ആഭ്യന്തര വിപണിയില്‍ കാംപ കോളയെ പുനരുജ്ജീവിപ്പിച്ച റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് ശക്തമായ വെല്ലുവിളിയും പെപ്സികോയും കൊക്ക കോളയും വരും മാസങ്ങളില്‍ നേരിടുമെന്നാണ് അനുമാനം.




