താരിഫ് ഭീഷണികളുമായി ഉറഞ്ഞുതുള്ളുന്ന ട്രംപിനെ മയപ്പെടുത്താന്‍ ഇന്ത്യ. യുഎസില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യും. ഭാരത് പെട്രോളിയം കോര്പ്പറേഷന് (ബിപിസിഎല്‍) 10 ദശലക്ഷം ബാരല്‍ യുഎസ് എണ്ണയ്ക്ക് അഞ്ച് മാസത്തേക്ക് ടെന്‍ഡര്‍ നല്കിയി. യൂറോപ്യന്‍ വ്യാപാരിയായ ഗ്ലെന്കോറാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ട്രംപിന്റെ വിരട്ടലുകള്ക്കിടെയാണ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ഇന്ത്യ-യുഎസ് ചര്‍ച്ചകള്‍ തുടരുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നു എന്നതാണ് അധിക താരിഫ് ചുമത്തുന്നതിന് ട്രംപ് പറയുന്ന ന്യായം. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ യുഎസില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറയാന്‍ ഈ നീക്കം സഹായിക്കും. കഴിഞ്ഞ വര്‍ഷം 45.7 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി.
കരാര്‍ പ്രകാരം, ഗ്ലെന്‍കോര്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പ്രതിമാസം 2 ദശലക്ഷം ബാരല്‍ ഡബ്ല്യുടിഐ മിഡ്ലാന്‍ഡ് ക്രൂഡ് ബിപിസിഎലിന് കൈമാറും. മുന്‍പത്തെ ടെന്‍ഡറിലൂടെ ബിപിസിഎല്‍ ഇറക്കുമതി ചെയ്ത യുഎസ് എണ്ണയുടെ ഇരട്ടിയാണിത്.
ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍, 2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. യുഎസില്‍ നിന്നും എണ്ണ വാങ്ങുന്നത് ബില്യണ്‍ ഡോളറില്‍ നിന്ന് 25 ബില്യണ്‍ ഡോളറായി ഉയര്‍ത്താമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യന്‍ റിഫൈനര്‍മാര്‍ ഇതിനകം തന്നെ സ്പോട്ട് മാര്‍ക്കറ്റുകളില്‍ നിന്നുള്ള യുഎസ് എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. 2026 മുതല്‍ യുഎസില്‍ നിന്നുള്ള പാചക വാതക ഇറക്കുമതി ഉയര്‍ത്താനും റിഫൈനര്‍മാര്‍ പദ്ധതിയിടുന്നു.
പ്രതിരോധ സഹകരണം
അമേരിക്കയുമായുള്ള പ്രതിരോധ സഹകരണവും തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ഓഗസ്റ്റ് പകുതിയോടെ ഒരു യുഎസ് ഡിഫന്‍സ് പോളിസി ടീം ന്യൂഡെല്‍ഹിയിലെത്തും. ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിന്റെ 21ാം പതിപ്പായ ‘യുദ്ധ് അഭ്യാസ്’ അലാസ്കയില്‍ നടക്കും. മാസാവസാനത്തിന് മുമ്പ് 2+2 ഇന്റര്‍സെഷണല്‍ മീറ്റിംഗ് നടത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.