പതിറ്റാണ്ടുകളായി വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നേടിയെടുത്ത പുരോഗതിയുടെ പേരില്‍ തലയുയര്‍ത്തി നില്ക്കുന്ന കേരളം അടുത്തിടെ വളരെ നിശബ്ദമായി മറ്റൊരു വിപ്ലവത്തിനും സാക്ഷിയാവുകയാണ്. പ്രതിരോധ, ബഹിരാകാശ മേഖലകളിലാണ് ഈ ഗംഭീര മുന്നേറ്റം. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററും ലാന്സന് ആന്‍ഡ് ടൂബ്രോയും കൊച്ചി കിന്‍ഫ്ര പാര്‍ക്കിലെ ഭാരത് ഇലക്ട്രോണിക്സ് യൂണിറ്റും (ബിഇഎല്‍) കൊച്ചിന് ഷിപ്പ്യാര്ഡും അടക്കം വമ്പന്മാര് വാഴുന്ന മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വരവോടെ സ്റ്റാര്‍ട്ടപ്പുകളുടെയും എംഎസ്എംഇകളുടെയും തള്ളിക്കയറ്റമാണ്. സ്പേസ്, ഇലക്ട്രോണിക്സ് മേഖലയില്‍ ആരംഭിച്ച ഗവേഷണങ്ങള്‍ ഇന്ന് സങ്കീര്‍ണമായ പ്രതിരോധ ടെക്നോളജികളുടെ വികസനത്തിലേക്ക് എത്തിയിരിക്കുന്നു. ഇലക്ട്രോണിക്സ് ഘകടങ്ങള്‍ മുതല്‍ വിമാനവാഹിനിക്കപ്പല്‍ വരെ സേനകള്ക്കാവശ്യമായതെല്ലാം നിര്മിക്കാവുന്ന ഒരു ഡിഫന്‍സ് ഹബ്ബായി കേരളം പതിയെ മാറുകയാണ്.
കരുത്തായി കൊച്ചിന് ഷിപ്യാര്ഡ്

കേരളത്തിനെ ഇന്ത്യയുടെ പ്രതിരോധ ഭൂപടത്തില്‍ അയടാളപ്പെടുത്തിയ പൊതുമേഖലാ കമ്പനി. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണി കേന്ദ്രം. തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുകയെന്ന ഇന്ത്യയുടെ ദീര്‍ഘകാല നാവിക സ്വപ്നം ഐഎന്‍എസ് വിക്രാന്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയത് കൊച്ചിന് ഷിപ്യാര്ഡാണ്. കൂടുതല്‍ വലിയ പദ്ധതികളിലേക്കാണ് കൊച്ചിന് കപ്പല്‍ശാല ഇപ്പോള്‍ കണ്ണുവെക്കുന്നത്. ഐഐഎം കോഴിക്കോടും ഐഐടി മദ്രാസുമായി ചേര്‍ന്ന് ‘ഉഷസ്’ എന്ന പദ്ധതിയിലൂടെ സമുദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നുമുണ്ട് കൊച്ചിന് കപ്പല്‍ശാല.
റഡാര്‍ നിര്‍മിക്കാന്‍ എസ്എഫ്ഒ ടെക്നോളജീസ്
ശബ്ദാതിവേഗമുള്ള റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയുടെ സൈനിക കരുത്തിന്റെ പുതിയ മുഖമാണ്. ഓപ്പറേഷന് സിന്ദൂറിലടക്കം ഇന്ത്യക്ക് എതിരാളിക്ക് മേല്‍ മുന്‍തൂക്കം നേടാന്‍ ഈ ഫ്രഞ്ച് നിര്‍മിത വിമാനങ്ങള്‍ സഹായിച്ചിരുന്നു. 36 റഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യക്കുള്ളത്. ഇപ്പോള്‍ നാവിക സേനയ്ക്കായി 26 റഫേലുകള്‍ക്ക് കൂടി ഇന്ത്യ ഓര്‍ഡര്‍ നല്കിയിരിക്കുന്നു. ഈ യുദ്ധവിമാനങ്ങളുടെ കൂടുതല്‍ ഘടകങ്ങള്‍ ഭാവിയില്‍ തദ്ദേശീയമായി നിര്‍മിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി റഫേലിന്റെ കണ്ണായ ആര്‍ബിഇ2 എഇഎസ്എ റഡാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഫ്രഞ്ച് പ്രതിരോധ കമ്പനിയായ തെയില്‍സ് കൊച്ചി കാക്കനാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസിന് നല്കിയിരിക്കുന്നു.
മോശം കാലാവസ്ഥയില്‍ പോലും ഹൈ റെസലൂഷന്‍ 3ഡി ചിത്രങ്ങള്‍ നല്കാന് കഴിവുള്ള ആര്‍ബിഇ2 എഇഎസ്എ റഡാറുകള്‍, ശത്രു കേന്ദ്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ദീര്‍ഘദൂര പ്രിസിഷന്‍ സ്ട്രൈക്കിനും സഹായിക്കുന്നവയാണ്. കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് എസ്എഫ്ഒ ടെക്നോളജീസ്. റഫേല്‍ ഘടകങ്ങളുടെ നിര്‍മാണത്തിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുന്നതാണ് കരാറെന്നും എസ്എഫ്ഒ ടെക്നോളജീസ് ചെയര്‍മാനും എംഡിയുമായ എന്‍ ജഹാംഗീര്‍ പറയുന്നു.
മെയ്ഡ് ഇന്‍ കേരള ഡ്രോണുകള്‍
വിവിധോദ്ദേശ ഡ്രോണുകള്‍ നിര്‍മിക്കുന്ന അമ്പതിലേറെ കമ്പനികള്‍ കേരളത്തിലുണ്ട്. കാര്‍ഷിക മേഖലയ്ക്കും റോഡ് സര്‍വേകള്‍ക്കും വന്യജീവി നിരീക്ഷണത്തിനുമെല്ലാം ഇവര്‍ ഡ്രോണുകള്‍ നിര്‍മിച്ചിരുന്നു. ഇവയില്‍ പന്ത്രണ്ട് കമ്പനികള്‍ ഇപ്പോള്‍ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഡ്രോണുകള്‍ നിര്‍മിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന മേക്കര്‍ വില്ലേജില്‍ അഡ്വാന്‍സ്ഡ് ഡ്രോണ്‍ ടെക്നോളജിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുണ്ട്. നിരീക്ഷ്, ഫിയ തുടങ്ങി കാര്‍ഷിക മേഖലയ്ക്കാവശ്യമായ ഡ്രോണുകള്‍ നിര്‍മിച്ചു തുടങ്ങിയ ഫ്യൂസ്ലേജ് ഇന്നൊവേഷന്‍സ് എന്ന കമ്പനി ഇപ്പോള്‍ കടലിന് മുകളിലൂടെ പറന്ന് അന്തര്‍വാഹിനികളും സമുദ്രത്തില്‍ സ്ഥാപിച്ച മൈനുകളും കണ്ടെത്താന്‍ സഹായിക്കുന്ന ഡ്രോണുകള്‍ നാവിക സേനയ്ക്കായി നിര്‍മിക്കുന്നു.
ആഴക്കടലിലെ ആശയ വിനിമയത്തിനായുള്ള സമുദ്രാന്തര്‍ ഡ്രോണുകളാണ് മേക്കര്‍ വില്ലേജിലെ ഐറോവ് ടെക്നോളജീസ് നിര്‍മിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വെര്ഡാറ്റം, വോളഡോര്, ഡേടുനെക്സ്, എഐ ഡ്രോണ്‍, അറ്റ്വിക്, എഐ ഏരിയല്‍, അസ്ത്ര-എക്സ് തുടങ്ങിയ കമ്പനികളും ഡിഫന്‍സ് ടെക്നോളജി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഡ്രോണ്‍ പാര്‍ക്ക്

കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയില്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതി തയാറായിക്കഴിഞ്ഞു. ഐഐടി പാലക്കാട്, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെഎഎസ്ഇ), വിദ്യാഭ്യാസ വകുപ്പ് എന്നിവ സഹകരിച്ചാവും ഈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മിക്കുക. ഡ്രോണ്‍ മേഖലയിലെ വളര്‍ച്ചയും സാധ്യതകളും പരിഗണിച്ചാണ് ഇത്തരമൊരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കുന്ന ഡ്രോണുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു ഡ്രോണ്‍ സ്റ്റുഡിയോയും ഇതിനൊപ്പം തയാറാക്കുന്നുണ്ട്.
തിരുവനന്തപുരത്തു നിന്ന് ബ്രഹ്മോസ്
ബഹിരാകാശത്തെ ഇന്ത്യയുടെ വളര്‍ച്ചയില്‍ തിരുവന്തപുരം നഗരത്തിന്റെ പങ്ക് നിസ്തുലമാണ്. ഐഎസ്ആര്‍ഒയ്ക്ക് ഏറെ സേവനങ്ങള്‍ നല്കിയ തിരുവനന്തപുരം ഒരു പ്രതിരോധ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഇന്ത്യയുടെ വജ്രായുധമായി മാറിയിരിക്കുന്ന സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസിന്റെ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്തെ നെട്ടുകല്ത്തേരിയില് 180 ഏക്കര്‍ സ്ഥലത്ത് തയാറായി വരികയാണ്. ബ്രഹ്മോസ് എയ്റോസ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡ് (ബിഎടിഎല്‍) എന്ന ബ്രഹ്മോസ് ഏയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപകമ്പനിയാണ് തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈലുകള്‍ നിര്‍മിക്കുക.
ഇതിന് പുറമെ കാട്ടാക്കടയില്‍ 100 ഏക്കര്‍ സ്ഥലത്ത് സംയോജിത ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സ്ഥാപിക്കും. വേളിയില്‍ എയ്റോസ്പേസ് കണ്ട്രോള് സിസ്റ്റം കോംപ്ലക്സിനായി 60 ഏക്കര്‍ ഭൂമിയും അനുവദിച്ചിട്ടുണ്ട്. വിക്രം സാരാഭായ് സ്പേസ് സെന്ററിനോട് ചേര്‍ന്നാണ് ഈ കോംപ്ലക്സ് വരിക. പ്രതിരോധ, ബഹിരാകാശ മേഖലകള്‍ക്ക് സേവനങ്ങള്‍ നല്കുന്ന കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് കെ-സ്പേസ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിക്കുള്ളത്.
കെല്‍ട്രോണ്‍ വിജയകഥ
ഓപ്പറേഷന് സിന്ദൂറിന്റെ പുരോഗതിക്കിടെ പ്രതിരോധ മേഖലയില്‍ സജീവമായ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് ചര്‍ച്ചകളുണ്ടായപ്പോള്‍ കേരള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പേര് തിളങ്ങി നിന്നു. നാവിക സേനയ്ക്കാണ് കെല്‍ട്രോണിന്റെ സേവനങ്ങള്‍ കൂടുതലായി ലഭിച്ചത്. തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ ആന്റി-സബ്മറൈന് യുദ്ധക്കപ്പലായ ഐഎന്‍എസ് അരിഹന്തിന്റെ സോണാര്‍ സെന്‍സറുകളും കടലിനടിയിലുള്ള കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും പവര്‍ ആംപ്ലിഫയറുകളുകളുമടക്കം നിര്‍ണായക സംവിധാനങ്ങള്‍ നല്‍കിയത് കെല്‍ട്രോണാണ്. മുങ്ങിക്കപ്പലുകളെയും വെള്ളത്തിനടിയിലുള്ള ലക്ഷ്യങ്ങളെയും മറ്റും ആക്രമിക്കാനുപയോഗിക്കുന്ന ടോര്‍പ്പിഡോകള്‍ തിരിച്ചറിയാനും നശിപ്പിക്കാനുമുതകുന്ന ‘മാരീച്’ സംവിധാനം കെല്‍ട്രോണാണ് തയാറാക്കിയത്.

റഷ്യന്‍ കമ്പനികളുമായുള്ള തന്ത്രപരമായ പങ്കാളിത്തമാണ് കെല്‍ട്രോണിന്റെ മുന്നേറ്റത്തിന് പിന്നില്‍. റഷ്യന്‍ കമ്പനിയായ ക്രാസ്നി ഡിഫന്‍സ് ടെക്നോളജീസുമായി ചേര്‍ന്ന് കെല്‍ട്രോണ്‍ ക്രാസ്നി ഡിഫന്‍സ് സിസ്റ്റംസ് എന്ന സംയുക്ത സംരംഭം 2023 ല്‍ രൂപീകരിച്ചിരുന്നു. റഷ്യന്‍ പ്രതിരോധ കമ്പനിയായ ജെഎസ്സി അഗത്, റഷ്യന്‍ എയ്റോസ്പേസ് കമ്പനിയായ സല്യൂട്ട് എന്നിവയുമായും തന്ത്രപരമായ പങ്കാളിത്തം കെല്‍ട്രോണ്‍ ഉണ്ടാക്കിയിട്ടുണ്ട്.
കരുത്താകും കെ-ഡിസ്
പ്രതിരോധ, സ്പേസ് മേഖലകളില്‍ ഇന്നൊവേഷനെയും ഗവേഷണത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) തിരുവന്തപുരത്തെ ടെക്നോപാര്‍ക്കും കൈകോര്‍ത്ത് കേരള ഡിഫന്‍സ് ഇന്നൊവേഷന് സോണ്‍ (കെ-ഡിസ്) സജ്ജമാക്കിയിട്ടുണ്ട്. സൈനിക വിഭാഗങ്ങളും ഐഎസ്ആര്‍ഒയും കെല്‍ട്രോണും കെ-സ്പേസും ഈ പദ്ധതിയില്‍ പങ്കാളികളാണ്. തദ്ദേശീയ സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിട, ഇടത്തരം കമ്പനികളെയും പ്രതിരോധ ഉല്‍പ്പാദനത്തില്‍ സഹായിക്കാനും രാജ്യത്തിന്റെ ഡിഫന്‍സ് ഇക്കോസിസ്റ്റത്തിലേക്കെത്താന് അവരെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം.
ബെംഗളൂരു മലയാളികള്‍
കേരളത്തിലല്ലെങ്കിലും മലയാളികള്‍ സ്ഥാപിച്ച ചില പ്രതിരോധ മേഖലാ കമ്പനികള്‍ രാജ്യത്ത് മികച്ച മുന്നേറ്റമുണ്ടാക്കുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായി ക്രിസ് നായര്‍ സ്ഥാപിച്ച കാവാ സ്പേസും മെക്കാനിക്കല്‍ എന്‍ജിനീയറും ഗവേഷകനുമായ മനു ജെ നായര്‍ സ്ഥാപിച്ച എഥേറിയല്എക്സും ഷാജു സ്റ്റീഫന്‍, പ്രദീപ് കുമാര്‍, സാബു ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് തുടക്കമിട്ട ആദ്യ എയ്റോസ്പേസും ഈ വിഭാഗത്തിലുണ്ട്. സെനെര്‍ ഇന്ത്യ എന്ന സ്പാനിഷ് എയ്റോസ്പേസ് കമ്പനിയില്‍ നിന്നുള്ള അനുഭവ പരിചയത്തിന്റെ ബലത്തിലാണ് ആദ്യ എയ്റോസ്പേസ് എന്ന കമ്പനി ഇവര്‍ ആരംഭിക്കുന്നത്. 2016 ല്‍ ആരംഭിച്ച ഈ കമ്പനി സ്പേസ്, ഡിഫന്‍സ് മേഖലകള്‍ക്ക് വേണ്ടി പ്രൊപ്പല്ഷനുകള്, ആക്ച്ചുവേറ്ററുകള്‍, കണ്ട്രോള് സംവിധാനങ്ങള്‍ എന്നിവ നിര്‍മിക്കുന്നു. സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പായ എഥേറിയല്എക്സ് പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ബഹിരാകാശ യാത്രാ വാഹനങ്ങള്‍ തയാറാക്കി വരികയാണ്.പ്രതിരോധ മേഖലയിലെ നിര്‍ണായക സാങ്കേതിക വിദ്യകളിലും കമ്പനി ഗവേഷണം നടത്തുന്നുണ്ട്. ഉപഗ്രഹങ്ങള്‍ക്കായി മികച്ച ഒരു നിരീക്ഷണ സംവിധാനം തയാറാക്കുന്നതില്‍ കാവാ സ്പേസ് വിജയം കണ്ടിട്ടുണ്ട്.
സര്‍ക്കാര്‍ പിന്തുണ
പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ സ്വാശ്രയത്വം വര്‍ധിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം രണ്ട് പ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് (ഐഡെക്സ്), ടെക്നോളജി ഡെവലപ്മെന്റ് ഫണ്ട് (ടിഡിഎഫ്) എന്നിവയാണത്. സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, ഗവേഷകര്‍ എന്നിവരെ പ്രോല്സാഹിപ്പിക്കാനുദ്ദേശിച്ചുള്ളവയാണ് ഈ രണ്ട് പദ്ധതികളും. ഐഡെക്സിന് കീഴിലുള്ള അദിതി, സ്പാര്ക് പദ്ധതികളിലൂടെ 25 കോടി രൂപ വരെ സഹായമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇകള്‍ക്കും ലഭിക്കുക. പ്രതിരോധ മേഖലയും സേനകളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ തയാറാക്കുകയാണ് ഈ പദ്ധതികളിലൂടെ ചെറുകിട സംരംഭങ്ങള്‍ ചെയ്യേണ്ടത്. മിക്കവാറും പ്രതിരോധ സേനകള്‍ നേരിടുന്ന അടിയന്തര പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുന്ന മാതൃകയാണ് ഇതിനുള്ളത്. ഡിഫന്‍സ് ഇന്നൊവേഷന് ഓര്‍ഗനൈസേഷനാണ് (ഡിഐഒ) മേല്‍നോട്ടം വഹിക്കുന്നത്.
ടിഡിഎഫ് പദ്ധതിയില്‍ കുറച്ചുകൂടി ദീര്‍ഘകാല ഗവേഷണത്തിനാണ് പ്രാധാന്യം. ഭാവിയിലേക്ക് ആവശ്യമായ സാങ്കേതിക വിദ്യകളുടെ നിര്‍മാണവും നിലവിലെ പ്രതിരോധ സാങ്കേതിക വിദ്യകളുടെ അപ്ഡേഷനുമാണ് ഈ പദ്ധതിയില്‍ നടക്കുക. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) മേല്‍നോട്ടത്തിലുള്ള പദ്ധതിയാണിത്. ഇന്ത്യയില്‍ ഡിസൈനും ഡെവലപ്പും ചെയ്ത് തദ്ദേശീയമായി നിര്‍മിച്ച (ഐഡിഡിഎം) ഉല്‍പ്പന്നങ്ങളാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 50 കോടി രൂപ വരെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടിഡിഎഫ് പദ്ധതി വഴി ലഭിക്കുക. പദ്ധതി ചെലവിന്റെ 90% ഡിആര്‍ഡിഒ വഹിക്കും. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും എംഎസ്എംഇകളും ഈ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയാല്‍ ഫണ്ട് പ്രശ്നങ്ങള്‍ വലിയതോതില്‍ പരിഹരിക്കപ്പെടുകയും ദേശീയ തലത്തില്‍ ശ്രദ്ധേയമായ കമ്പനിയായി വളരാന്‍ സാധിക്കുകയും ചെയ്യും.




