പട്ടിന്റെ ചരിത്രമുറങ്ങുന്ന നാടാണ് കാഞ്ചിപുരം. ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ പാട്ടിന്റെ ഉൽപ്പാദനത്തിലൂടെയും വില്പനയിലൂടെയും ഇടം പിടിച്ച നാടാണ് കാഞ്ചിപുരം. ആഡംബരത്തിന്റെയും ആഘോഷത്തിന്റെയും പര്യായമാണ് ഇന്ത്യക്കാര്‍ക്ക് പട്ടു വസ്ത്രങ്ങള്‍. ചൈനയില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ ചൈനീസ് പട്ടിനും പേര്‍ഷ്യന്‍ പട്ടിനും മുകളിലായി തമിഴ്നാടിനൊരു ഇടമുണ്ട് എന്ന് തെളിയിച്ച ഒന്നാണ് കാഞ്ചിപുരം പട്ട്.
പട്ട് സാരിയെപ്പറ്റി ചിന്തിക്കുമ്പോള്‍ കാഞ്ചിപുരം എന്ന വാക്ക് മനസിലേക്കെത്താത്തവര് വിരളമാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കാഞ്ചിപുരത്തെ പരമ്പരാഗത നെയ്ത്തു തൊഴിലാളികളുടെ മേല്‍നോട്ടത്തില്‍ ശുദ്ധമായ പട്ടു നൂലില്‍ നെയ്തെടുക്കുന്ന പട്ട് സാരികള്‍ കാഞ്ചിപുരം എന്ന ഈ പൗരാണിക നഗരത്തിന് ഒരു ബിസിനസ് മുഖം നല്കുന്നു. ഭൗമ സൂചിക പട്ടം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ തുണിത്തരമാണ് കാഞ്ചിപുരം പട്ട് എന്ന പ്രത്യേകത കൂടി ഈ ഉല്‍പ്പന്നത്തിനുണ്ട്.അതിനാല്‍ തന്നെ പ്രതിമാസം കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഈ കൊച്ചു നഗരത്തില്‍ നടക്കുന്നത്. നേരിട്ടും അല്ലാതെയുമായി പ്രതിവർഷം 200 കോടി രൂപയുടെ ശരാശരി ബിസിനസ് ഇവിടെ നടക്കുന്നു. ഏകദേശം 60000 ൽ പരം നെയ്ത്തു തൊഴിലാളികളാണ് ഇവിടെയുള്ളത്. അത്രതന്നെ നെയ്ത്ത് തറികളും ഉണ്ട്. നാലര ലക്ഷത്തോളം സാരികളാണ് ഒരു വർഷം ഇവിടെ പ്രീമിയം സാരി സെഗ്മെന്റിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്.
എന്ത്കൊണ്ട് കാഞ്ചിപുരം വ്യത്യസ്തമാകുന്നു ?
കാഞ്ചീപുരം എന്ന പൗരാണിക നഗരത്തിന്റെ ജീവനാഡിയാണ് കാഞ്ചിപുരം പട്ട് നിര്‍മാണം. പൗരാണികതയുറങ്ങുന്ന മണ്ണില്‍ പാരമ്പര്യത്തിന്റെ ഈടും പാവും മുറുക്കിയാണ് ഓരോ നെയ്ത്തു തൊഴിലാളിയും കാഞ്ചിപുരം പട്ട് നെയ്തെടുക്കുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് ഉത്ഭവമെങ്കിലും ഒട്ടുമിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും കാഞ്ചിപുരം പട്ട് സാരികളും വസ്ത്രങ്ങളും പ്രശസ്തമാണ്. മൃദുവായതും ഉടുക്കാന്‍ സുഖമുള്ളതുമായ വസ്ത്രം എന്നതിനപ്പുറം എന്തുകൊണ്ട് കാഞ്ചിപുരം പട്ട് വ്യത്യസ്തമാകുന്നു എന്നറിയണമെങ്കില്‍ കാഞ്ചിപുരമെന്ന ഈ പൗരാണിക നഗരത്തിന്റെ ചരിത്രമറിയണം. കാഞ്ചിപുരത്തെ ഓരോ നെയ്ത്തുശാലകള്‍ക്കും പട്ടിന്റെ ഉത്ഭവത്തെപ്പറ്റിയും നെയ്ത്ത് രീതികളെപ്പറ്റിയും പട്ടുനൂലിന്റെ മേന്മയെപ്പറ്റിയുമെല്ലാം നിരവധിക്കഥകള്‍ പറയാനുണ്ടാകും.

പട്ട് എന്ന് പറഞ്ഞാൽ ഒരുകാലം വരെ ബനാറസ് ആയിരുന്നു ആളുകളുടെ മനസിലേക്ക് ഓടിയെത്തുക. കാഞ്ചിപുരത്തിന്റെ പേരും പെരുമയും അതിര്‍ത്തികടക്കുന്നതിനു മുന്‍പുള്ള കാര്യമായിരുന്നു അത്. എന്നാല്‍ ഇന്ന് ഗുണമേന്മയുടെയും മൂല്യത്തിന്റെയും കാര്യത്തില്‍ ബനാറസ് പട്ടിനോട് കിടപിടിക്കുന്നവയാണ് കാഞ്ചിപുരം പട്ടുകളും. കാഞ്ചിപുരത്തിന്റെ പ്രധാന വരുമാനമാര്‍ഗവും പട്ട് വ്യാപാരം തന്നെയാണ്. 2025ലെ കണക്കുകള്‍ പ്രകാരം ഏകദേശം 8000 കുടുംബങ്ങള്‍ കാഞ്ചീപുരം സാരി നിര്‍മ്മാണത്തില്‍ ഏര്പ്പെടിരിക്കുന്നു. എന്നാല്‍ എല്ലാമേഖലയിലും എന്ന പോലെ പട്ട് നിര്‍മാണമേഖലയിലും പാരമ്പര്യത്തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് ദൃശ്യമാണ്. എന്നാൽ കാഞ്ചിപുരം പാട്ടിന്റെ മേന്മ മനസിലാക്കി പുതു തലമുറയിലെ ആളുകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
പട്ടുനൂലും പരുത്തിനൂലും ഉല്‍പ്പാദിപ്പിക്കുന്ന അൻപതോളം വ്യവയാസ സംരംഭങ്ങളും ഡൈയിങ് യൂണിറ്റുകളും ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. പട്ടിന്റെ നിര്‍മാണത്തിനായി സിംഹഭാഗവും പ്രാദേശികമായ വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുന്നു എന്നത് തന്നെയാണ് ഈ വസ്ത്രത്തെ അമൂല്യമാക്കുന്നത് . ഓരോ വര്‍ഷവും നെയ്യപ്പെടുന്ന കാഞ്ചീപുരം സാരികളുടെ എണ്ണം ആറു ലക്ഷത്തിനും ഏഴു ലക്ഷത്തിനും ഇടയിലാണ്. നാലര ലക്ഷത്തോളം മുൻനിര സാരികളും ഇവിടെ നെയ്യപ്പെടുന്നുണ്ട്. ഇന്ന് സാരികള്‍ ധരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ഒരു അമൂല്യ വസ്തുവായി സൂക്ഷിക്കുന്നതിന് പലരും കാഞ്ചിപുരം പട്ട് സാരികള്‍ സ്വന്തമാക്കുന്നു.
അറിയാം പട്ടിന്റെ ചരിത്രം
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കാഞ്ചിപുരത്തെ പട്ടിന്റെ ചരിത്രത്തിന്. കൃഷ്ണദേവരായരുടെ കാലത്താണ് കാഞ്ചിപുരം പട്ടിന് ഇക്കാണുന്ന പ്രശസ്തി കൈവന്നത്. ആ കാലഘട്ടത്തിലാണ് ആന്ധ്രാപ്രദേശില്‍നിന്നും തമിഴ്നാടിലേക്ക് നെയ്ത്തുകാരായ ദേവാംഗ, ശാലിഗര്‍ സമുദായത്തില്‍പ്പെട്ടവര്‍ കുടിയേറിയത്, പട്ടുസാരികള്‍ നെയ്യുന്നതില്‍ വിദഗ്ദ്ധരായിരുന്നു ഇവര്‍. ഇവരില്‍ നിന്നുമാണ് കാഞ്ചിപുരത്തെയാളുകള്‍ പട്ടിന്റെ നിര്‍മാണം അഭ്യസിച്ചത്.ഈ വിഭാഗത്തില്‍പെട്ടവരുടെ പിന്തലമുറക്കാരും പട്ടിന്റെ നിര്‍മാണത്തില്‍ വ്യാപൃതരാണ്.പട്ടുനൂലും സ്വര്ണനൂലും ചേര്‍ത്താണ് കാഞ്ചിപുരം സാരി നെയ്തെടുക്കുന്നത്. കലയും കരവിരുതും ഒപ്പം സ്വർണവും ഇഴചേരുന്നതിനാലാണ് ഇത്രയും വില വരുന്നതും. 10 ദിവസം മുതല്‍ ഒരുമാസം വരെ വേണ്ടിവരും ഒരു കാഞ്ചിപുരം പട്ട് സാരി നെയ്തെടുക്കാന്‍.കാഞ്ചിപുരം പട്ടിന്റെ മൂല്യം വര്‍ധിക്കുന്നതിനുള്ള അടിസ്ഥാന കാരണമാണ് അത്.
എന്നാല്‍ മേല്‍പ്പറഞ്ഞ കഥ കൂടാതെ മറ്റൊരു വിശ്വാസം കൂടി കാഞ്ചിപുരത്തെ നെയ്ത്തു തൊഴിലാളികളുടെ ഇടയിലുണ്ട്. മാര്‍ക്കണ്ഡേയ മുനിയുടെ അനുയായികളാണ് തങ്ങളെന്നാണ് കാഞ്ചിപുരത്തെ ആളുകളുടെ വിശ്വാസം. ഹിന്ദുപുരാണമനുസരിച്ച് താമര നാരില്‍ നിന്ന് കസവ് നെയ്തെടുത്തത് മാര്‍ക്കണ്ഡേയ മുനിയാണ്.അദ്ദേഹത്തെയാണ് നെയ്ത്തിന്റെ ഗുരു എന്ന് കരുതി ആരാധിക്കുന്നത്. മാര്‍ക്കണ്ഡേയ മുനിയുടെ അനുയായികളാണ് തങ്ങള്‍ എന്നാണ് കാഞ്ചിപുരത്തെ നെയ്ത്തുകാരുടെ വിശ്വാസം. വിശ്വാസം എന്തായാലും നെയ്ത്തില്‍ ഇവരെ പിന്നിലാക്കാനായി മറ്റാരും ഇല്ല എന്നതാണ് വാസ്തവം.
വ്യത്യസ്തമായ നെയ്ത്ത് രീതി
നെയ്ത്തിനായി തെരഞ്ഞെടുക്കുന്ന വസ്തുക്കളിലും നെയ്ത്തു രീതികളിലും ഏറെ പ്രത്യേകതകള്‍ പറയാനുണ്ട്. പ്രാദേശികമായി ലഭിക്കുന്ന പട്ടുനൂലിനപ്പുറം കർണാടകയിൽ നിന്നുള്ള നൂലും ഗുജറാത്തിലെ സൂറത്തില്‍ നിന്നുമുള്ള കാസവും ഉപയോഗിച്ചാണ് തൊഴിലാളികള്‍ സാരി നെയ്യുന്നത്. സാധാരണ നെയ്ത്തുകാര്‍ പിന്തുടരുന്ന നെയ്ത്തു രീതികളല്ല ഇവര്‍ പിന്തുടരുന്നത്. സാധാരണയായി സാരിയുടെ എല്ലാ ഭാഗവും ഒരേ പോലെ തരിയില്‍ നെയ്തെടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ കാഞ്ചിപുരം പട്ട് സാരികളുടെ കാര്യത്തില്‍ സാരിയും ബോര്‍ഡറും വേറേവേറേ നെയ്ത് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. നെയ്ത്തിനായി ഉപയോഗിക്കുന്ന കസവിനും പ്രത്യേകതകളുണ്ട്.57% വെള്ളിയും 0.6% സ്വര്‍ണ്ണവും ചേര്‍ത്തുണ്ടാക്കിയ കസവാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലൊരു കാഞ്ചിപുരം സാരി നെയ്തുണ്ടാക്കുക എന്നത് തന്നെ വലിയൊരു കടമ്പയാണ്.ഭൗമ സൂചികാപദവി ലഭിച്ച ഉൽപ്പന്നമായ കാഞ്ചിപുരം പാട്ടിന്റെ നെയ്ത്ത് ഇവിടുത്തെ തൊഴിലാളികൾ ഏറെ ആസ്വദിച്ചും ഭക്തിയോടെയുമാണ് ചെയ്യുന്നത്.അതിനാൽ തന്നെ ഓരോ ദിനവും പൂജയോടെയാണ് നെയ്ത്ത് ആരംഭിക്കുക.

കാഞ്ചീപുരത്തിന്റെ സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളുടെ സ്വാധീനം സാരികളിലെ പ്രതീകങ്ങളില്‍ ദൃശ്യമാണ്, സൂര്യന്, ചന്ദ്രന്, മയില്‍, ഹംസം, തത്തകള്‍, രഥങ്ങള്‍, പുഷ്പങ്ങള്‍, സിംഹങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവ സാരികളില്‍ കാസവുനൂലുകളില് നെയ്തെടുത്തിരിക്കുന്നു. മുല്ലപ്പൂക്കള്‍ വിതറിയിരിക്കുന്നതുപോലെയുള്ള സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പരമ്പരാഗതമായ ഈ ഡിസൈന്‍ മല്ലിനഗ്ഗു എന്നാണ് അറിയപ്പെടുന്നത്. തണ്ഡവാളം എന്നറിയപ്പെടുന്ന സമാന്തരരേഖകളും സാരികളില്‍ കാണാം.
” കാഞ്ചിപുരത്ത് നിന്നുള്ള ട്രഡീഷണൽ പട്ടുസാരികൾക്കാണ് ഇന്നും ആവശ്യക്കാർ ഏറെയുള്ളത്. കൃഷ്ണരൂപം , സൂര്യന്, ചന്ദ്രന്, മയില്‍ എന്നിവയ്ക്കെല്ലാം ആവശ്യക്കാർ ഏറെയാണ്. ഒരു അമൂല്യ വസ്ത്രമെന്ന നിലയ്ക്കാണ് പലരും ഈ സാരികൾ സ്വന്തമാക്കുന്നത്. 12000 രൂപയാണ് ശരാശരി ഒരു സാരിക്കായി ഉപഭോക്താക്കൾ ചെലവഴിക്കുന്നത്. അതിൽ കൂടുതൽ ചെലവാക്കുന്നവരും ഉണ്ട്. എന്നാൽ അത് സാരി വാങ്ങുന്നതിന്റെ ആവശ്യം , സാഹചര്യം എന്നിവ മുൻനിർത്തിയാണ്.എല്ലാവർക്കും ആഗ്രഹിക്കുന്നത് പോലെ കാഞ്ചിപുരത്ത് പോയി സാരി വാങ്ങാൻ സാധിക്കില്ലല്ലോ. അതിനാലാണ് ഞാൻ കാഞ്ചീപുരം സാരികളുടെ ഓൺലൈൻ വില്പന ആരംഭിച്ചത്. ഏത് മേഖലയിലും എന്ന പോലെ ഇവിടെയും ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഏജന്റുമാരെ വിശ്വസിച്ചാൽ പലപ്പോഴും ഡ്യൂപ്ലിക്കേറ്റ് സാരികൾ ലഭിച്ചെന്നു വരും. അതിനാൽ ഓരോ സാരിയും നേരിൽ പോയി കണ്ട് ഇഷ്ടപ്പെട്ടാണ് ഞാൻ വില്പനയ്ക്കായി തെരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ നിരവധി ലോയൽ കസ്റ്റമേഴ്സ് നമുക്കുണ്ട്” ഓൺലൈനായി കാഞ്ചിപുരം സാരികളുടെ വില്പന നടത്തുന്ന രാജേഷ് എംഎൻ പറയുന്നു.
വൈവിധ്യമാർന്ന പട്ടിന്റെ കേന്ദ്രം
പട്ടിന്റെ വൈവിധ്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.സാമുദ്രിക പട്ടും, വസ്ത്രകലാ പട്ടും, പരമ്പരാ പട്ടും കാഞ്ചിപുരത്തെ നെയ്ത്തുകാര്‍ നെയ്തെടുക്കുന്നു. പട്ടിലെ ഈ വ്യത്യസ്തതയാണ് ഇതിനെ കടല്‍ കടത്തുന്നത്. പ്ളേച്ചര്‍ നൂലിനാല്‍ നെയ്തെടുക്കുന്ന കാഞ്ചിപുരം പട്ട് കാലമെത്ര കഴിഞ്ഞാലും ഭംഗിയോടെ നിലനില്ക്കും.പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത എത്രയോ കാഞ്ചിപുരം സാരികള്‍ സ്ത്രീകളുടെ കൈവശമുണ്ട്. ഉപയോഗശേഷം എത്രകാലം കഴിഞ്ഞു വിട്ടാലും പട്ടിന് വിലലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരത്തിൽ ഉപയോഗിച്ച കാഞ്ചിപുരം സാരികൾ വാങ്ങി അതിലെ പട്ട് ശേഖരിക്കുന്ന സ്ഥാപനങ്ങൾ ഇന്ന് ധാരാളം നിലവിലുണ്ട്.
സാരിയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന നിറങ്ങള്‍ക്കും പ്രത്യേകതകള്‍ ഏറെയാണ്.പ്രധാനമായും മഴവില്ലിലെ ഏഴു നിറങ്ങളാണ് സാരിയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഇന്ന് വർധിച്ചു വരുന്ന വിപണിയിലെ ആവശ്യങ്ങൾ മുൻനിർത്തി മറ്റ് നിറങ്ങളും നെയ്യാറുണ്ടെങ്കിലും കാഞ്ചിപുരം സാരികളുടെ അടിസ്ഥാന നിറം മഴവില്ലിലെ ഏഴു നിറമാണ്.കൃഷ്ണരൂപങ്ങള്‍, അരയന്നം, മയില്‍, താമര, തത്ത, സിംഹം, ഇലകള്‍, പൂക്കള്‍ ഇവയൊക്കെ കാഞ്ചിപുരം സാരികളുടെ ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ ആധുനിക കാലഘട്ടത്തില്‍ പുതുതലമുറക്ക് ഇഷ്ടമുള്ള രീതിയിലും ഡിസൈനുകളില്‍ മാറ്റം വരുത്താന്‍ കാഞ്ചിപുരത്തെ നെയ്ത്തുകാര്‍ ശ്രമിക്കുന്നുണ്ട്.
നീളം, കനം, ഇഴകള്ക്കുള്ള ബലം, ജെരികകളുടെ അഴക്, വലിപ്പം ഇവയാണ് കാഞ്ചിപുരം പട്ടിന്റെ പ്രത്യേകത. ഡബിള്‍ സ്പിന്നിംഗ് സമ്പ്രദായത്തില്‍ നെയ്തെടുക്കുന്ന അസ്സല് കാഞ്ചിപുരം പട്ടിന്റെ ആയുസ്സ് ശരാശരി നാല്‍പ്പത് വര്‍ഷമാണ്.മറ്റ് സാരികളെ അപേക്ഷിച്ച് ഭാരം ഉള്ളതാണ് കാഞ്ചിപുരം സാരി.ആര് മീറ്ററിന് മുകളില്‍ നീളമാണ് ഒരു കാഞ്ചിപുരം സാരിക്ക് ഉണ്ടാകുക. ഏകദേശം 800 ഗ്രാം മുതല്‍ രണ്ട് കിലോ വരെ ഒരു സാരിക്ക് ഭാരമുണ്ടാകും. യഥാര്‍ത്ഥ പട്ട് സാരി വാങ്ങണമെന്ന് വിചാരിച്ചാല്‍ വലിയ വിലകൊടുക്കേണ്ടിവരും. പോളിസ്റ്റര്‍ നൂല് ചേര്‍ത്ത് നെയ്ത പട്ടുസാരികള്‍ അമിത വില നല്‍കാതെ ഇവിടെ നിന്ന് വാങ്ങാന്‍ സാധിക്കും. ഇത്തരത്തിലുള്ള വ്യാജ സാരികളുടെ വില്പന പരമ്പരാഗത നെയ്ത്തു തൊഴിലാളികളെ തളര്‍ത്തുന്നുണ്ട് എന്നതാണ് വാസ്തവം.
എത്ര വിദഗ്ദനായ തൊഴിലാളിക്കും ഒരു മാസത്തില്‍ പരമാവധി മൂന്ന് സാരികള്‍ മാത്രമേ നെയ്യാന്‍ സാധിക്കൂ.ദേവികാപുരത്തും, കമ്പയൂരിലും, തിരുമണിയിലുമാണ് സാരികള്‍ കൂടുതലും നിര്‍മിക്കപ്പെടുന്നത്.10000 രൂപക്ക് മുകളില്‍ വിലവരും ഒരു നല്ല കാഞ്ചിപുരം സാരിക്ക്. മൂന്നു ലക്ഷത്തിനുമേല്‍ വില വരുന്ന സാരികളും ഇവിടെ നിര്‍മിക്കപ്പെടുന്നുണ്ട്. പ്രതിമാസം കോടിക്കണക്കിന് രൂപയുടെ രൂപയുടെ ബിസിനസ് ആണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഏത് മേഖലയിലും എന്ന പോലെ ഇടനിലക്കാരുടെ ചൂഷണം കാഞ്ചിപുരം പട്ടിന്റെയും ശോഭ കെടുത്തുന്നു. അതിനാൽ തന്നെ ഇന്ന് നേരിട്ടെത്തി ഇവിടെ നിന്നും ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങളെ മാത്രമാണ് കാഞ്ചിപുരത്ത്കാർ പ്രോത്സാഹിപ്പിക്കുന്നത്.
വിവാഹ ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളില്‍ മുന്നിൽ
ശുദ്ധമായ പട്ട് സ്വന്തമാക്കുന്നതിനായി കാഞ്ചിപുരത്ത് പോകണം എന്നാഗ്രഹിക്കുന്ന ആളുകളാണ് കാഞ്ചിപുരത്തേക്ക് എത്തുന്നത് . ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വിവാഹ ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി കാഞ്ചിപുരം മാറാനുള്ള പ്രധാന കാരണവും ഇതാണ്. കര്‍ണാടക, ആന്ധ്ര, ഒറീസ , കേരളം തുടങ്ങിയിടങ്ങളിലേക്ക് ഇവിടെ നിന്നും സാരി കയറ്റുമതി ചെയ്യപ്പെടുന്നു.നൂറുകണക്കിന് റീട്ടെയ്ല്‍, ഹോള്‍സെയില്‍ വില്പനക്കാരാണ് കാഞ്ചിപുരത്തിന്റെ മണ്ണിലുള്ളത്. ഓരോ സ്ഥലത്തെയും പ്രാദേശികമായ താല്പര്യങ്ങള്, മാറുന്ന ട്രെന്‍ഡുകള്‍ എന്നിവ മുന്‍നിര്‍ത്തി നെയ്ത്തില്‍ പല മാറ്റങ്ങളും വരുത്തുന്നുണ്ട് എങ്കിലും പിന്തുടരുന്നത് പരമ്പരാഗത നെയ്ത്തു രീതികള്‍ ആണ് എന്നത് തന്നെ കാഞ്ചിപുരം പട്ടിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍ ഇടനിലക്കാരുടെ ചൂഷണം ഈ രംഗത്ത് ഒരു വിലങ്ങുതടിയാകുന്നുണ്ട്. പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടി കാഞ്ചിപുരം പാട്ടിനെയും നെയ്ത്തു തൊഴിലാളികളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ് എന്നതിനാൽ തന്നെ ഈ മേഖലയിൽ അതീവ ശ്രദ്ധയോടെയാണ് തൊഴിലാളികൾ മുന്നേറുന്നത്.

കേരളത്തിൽ നിന്നുള്ള പല മുൻനിര പട്ട് വിതരണ സ്ഥാപനങ്ങളും കാഞ്ചിപുരത്ത് നെയ്ത്ത് ഗ്രാമങ്ങൾ ഏറ്റെടുത്ത് തൊഴിലാളികളെക്കൊണ്ട് അവർക്കിഷ്ടമുള്ള ഡിസൈനുകളിൽ സാരികൾ നെയ്തെടുക്കുന്ന. അത്തരത്തിൽ കസ്റ്റം മേഡ് സാരികളും ഇവിടെ നിർമിക്കപ്പെടുന്നു. നിലവിൽ പട്ട് സാരിക്കൊപ്പം കാഞ്ചിപുരം പാട്ടിൽ നിർമിച്ച പട്ടുപാവാടകൾ , ദാവണി , ജുബ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. വരും നാളുകളിലും കാഞ്ചിപുരം കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നത്.