ഇന്ന് ലോകത്ത് ആമസോണ്‍ എന്ന പേര് അറിയാത്തവര്‍ ചുരുക്കമായിരിക്കും. സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇ-കൊമേഴ്സ് പ്രചരിപ്പിക്കുന്നതില്‍ ആമസോണ്‍ വഹിച്ച പങ്ക് ചെറുതല്ല. ആമസോണ്‍ സ്ഥാപകനായ ജെഫ് ബേസോസിന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന ആമസോണ്‍ ഡോട്ട് കോം. 1995-ല്‍ ചെറിയൊരു സ്റ്റാര്‍ട്ടപ്പായി ആമസോണിന് തുടക്കം കുറിക്കുമ്പോള്‍ മകന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണയുമായി പ്രഥമ നിക്ഷേപം നടത്തിയത് ജെഫിന്റെ മാതാപിതാക്കളായ ജാക്ക്വിലിനും മിഖായേലുമായിരുന്നു. എല്ലാ കാലത്തും മകനൊപ്പം നിന്ന ജാക്ക്വിലിന്‍ ഇന്നലെ അന്തരിച്ചു. മറവിരോഗവുമായുള്ള ദീര്‍ഘകാല പോരാട്ടത്തിനൊടുവില്‍ മാതാവ് വിട പറഞ്ഞതായി വികാരഭരിതമായ സാമൂഹ്യമാധ്യമ കുറിപ്പില്‍ ബെസോസ് അറിയിച്ചു.
78 വയസ്സായിരുന്ന ജാക്വിലിന് ഏറെക്കാലമായി ലെവി ബോഡി ഡിമന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു. മിയാമിയിലെ വസതിയില്‍ ആഗസ്റ്റ് 14നായിരുന്നു മരണം.
ആമസോണിലെ പ്രഥമ നിക്ഷേപക
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമായത് ജാക്വിലിന് എന്ന ജാക്കിയുടെയും ഭര്‍ത്താവ് മിഖായേലിന്റെയും രണ്ട് ചെക്കുകളില്‍ നിന്നായിരുന്നു. പരാജയപ്പെട്ടേക്കാമെന്ന് ജെഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ 245, 573 ഡോളറിന്റെ രണ്ട് ചെക്കുകള്‍ വെറുതേയായില്ല. ആമസോണ്‍ വളര്‍ന്നു. ഇ-കൊമേഴ്സ് രംഗത്ത് ലോകത്തെ അതികായരായി. അന്നത്തെ ആ നിക്ഷേപം 2018 എത്തിയപ്പോള്‍ 30 ബില്യണ്‍ ഡോളറിന്റെ ഓഹരിമൂല്യമായി വളര്‍ന്നു.
സമ്പന്ന എല്ലാ രീതിയിലും
ലോക സമ്പന്നരില്‍ ഒരാളുടെ മാതാവ്, ആഡംബര സൗധനങ്ങളും വാഹനങ്ങളും ആഭരണങ്ങളും സ്വന്തമായുള്ള എപ്പോഴും കൈനിറയെ പണമുള്ള ഒരു സ്ത്രീ, അതൊക്കെയായിരിക്കും ജാക്കിയെ കുറിച്ചുള്ള പൊതുധാരണ. എന്നാല്‍ അതിനെല്ലാം ഉപരിയായി നല്ലൊരു അമ്മയും സ്നേഹവും നന്മയും ജീവിതമൂല്യവും കൈമുതലായുള്ള ഒരു വനിതയായിരുന്നു ജാക്കി. എല്ലാ അര്‍ത്ഥത്തിലും സമ്പന്ന.
ബെസോസ് ഫാമിലി ഫൗണ്ടേഷന് സ്ഥാപക
2000-ത്തില്‍ ബെസോസ് ഫാമിലി ഫൗണ്ടേഷന് സ്ഥാപിതമായപ്പോള്‍ അതിന്റെ സഹ-സ്ഥാപകയായിരുന്നു ജാക്കി. വിദ്യാഭ്യാസ മേഖലയിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. യുവാക്കളുടെ ഉന്നമനത്തിനായി നിലകൊള്ളാനുള്ള സംഘടനയുടെ തീരുമാനത്തിന് ജാക്കിയുടെ സ്വന്തം അനുഭവം തന്നെയായിരിക്കാം ഒരുപക്ഷേ കാരണം. പതിനേഴാം വയസ്സില്‍ ഗര്‍ഭിണി ആയിരുന്നത് കൊണ്ട് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന അവസ്ഥ ജാക്കിയുടെ ജീവിതത്തിലുണ്ടായിരുന്നു. പക്ഷേ അവര്‍ പോരാടി. രാത്രികാല സ്കൂളില്‍ പഠിക്കുകയും ഒപ്പം തന്നെ ജെഫിനെ വളര്‍ത്തുകയും ചെയ്തു. മകന്റെ ലക്ഷ്യത്തിനൊപ്പം നിലകൊണ്ടു. അതിനായി തനിക്കുള്ളതെല്ലാം നല്കി.
വ്രൂം, ബെസോസ് സ്കോളാര്സ് പ്രോഗ്രാം പോലുള്ള ബെസോസ് ഫാമിലി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെല്ലാം വിദ്യാസമ്പന്നരായ ഒരു തലമുറയെ വാര്ത്തെടുക്കുന്നതിനുള്ളതായിരുന്നു. കുട്ടികളില്‍ നടത്തുന്ന നിക്ഷേപം മറ്റേതൊരു സ്്റ്റോക്ക് എക്സ്ചേഞ്ച് നിക്ഷേപത്തേക്കാളും വലിയ പ്രതിഫലം നല്‍കുമെന്ന് അവര്‍ക്ക് അറിയുമായിരുന്നു. 2022ല്‍ ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ ഫൗണ്ടേഷന് 710 മില്യണ്‍ ഡോളര്‍ ബെസോസ് ഫൗണ്ടേഷന് നല്‍കിയിരുന്നു.